'എന്നെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ള വ്യക്തിയാണ് ദീലിപ്, ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു'; കലാഭവൻ ഷാജോൺ

മലയാള സിനിമ രം​ഗത്തെ സജീവ സാന്നിധ്യമാണ് കലാഭവൻ ഷാജോൺ. ദൃശ്യത്തിലെ വില്ലനായെത്തി മലയാളികളുടെ മനസ്സിൽ കുടിയേറിയ നടൻ തന്റെ തുടക്കകാലത്തെ കുറിച്ച് പറ‍്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ മനസ് തുറന്നത്. തുടക്ക കാലത്ത് തനിക്ക് ഏറെ പിന്തുണ നൽകിയത് ദിലീപാണ്. ഒരുപാട് വേഷങ്ങൾ അദ്ദേഹം തനിക്ക് വാങ്ങി വാങ്ങി തന്നിട്ടുണ്ട്. പറക്കും തളിക ആയിരുന്നു ദിലീപിനൊപ്പം താൻ ചെയ്ത ആദ്യ ചിത്രം. സിനിമ ഹിറ്റായി മാറുകയും ചെയ്തു.

പിന്നെ നമ്മളൊരു മിമിക്രിക്കാരൻ ആയത് കൊണ്ട് ദിലീപേട്ടൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എല്ലാ സിനിമയിലും ദിലീപേട്ടൻ വിളിക്കും. ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് അദ്ദേഹം സംവിധായകരോട് പറയും. ദിലീപേട്ടൻ ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത് തന്റെ ഭാഗ്യത്തിന് ശരിയായി. ദിലീപ് തന്റെ എല്ലാ സിനിമകളിലും തന്നെയും വിളിച്ചിട്ടുണ്ട്. ഒരുമാതിരിപ്പെട്ട അദ്ദേഹത്തിന്റെ സൂപ്പർ സിനിമകളുടെ ഒക്കെ ട്രാക്ക് ഡബ്ബ് ചെയ്യിച്ചിരുന്നതും എന്നെ കൊണ്ടാണ്.

അവസാനമിറങ്ങിയ കേശുവിന് വേണ്ടി വരെ താൻ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രീ ആണെങ്കിൽ ഒന്ന് ചെയ്യടാ മോനെ എന്ന് ദിലീപ് വിളിച്ച് പറയും അങ്ങനെ ആണ് പോയി ചെയ്യുന്നത്. തനിക്ക് വളരെ ഇഷ്ടമാണ് അങ്ങനെ ഡബ്ബ് ചെയ്യുന്നത്. തനിക്കത് ചെയ്യുന്നത് എളുപ്പവുമാണ്. തന്റെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമായിരുന്നു മൈ ബോസ്. സിനിമ കണ്ട് ഒരുപാട് പേർ തന്നെ വിളിച്ചു പറഞ്ഞു നന്നായിട്ടുണ്ടെന്ന്. അതിന്റെ ക്രെഡിറ്റ് ജിത്തു ജോസഫിനും അതിനോടൊപ്പം ദിലീപിനുമാണ്.

കാരണം, മറ്റേതെങ്കിലും നടൻ ചെയ്യുന്നതിനേക്കാൾ അപ്പുറം അദ്ദേഹം ആ സിനിമയിൽ പേഴ്‌സണലി തനിക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ഇന്റർവെൽ വരെ ദിലീപേട്ടന് കാര്യമായി അതിലൊന്നും ഇല്ല. ഹ്യൂമർ കൊണ്ടുവരുന്നത് തന്റെ കഥാപാത്രമാണ്. താൻ അഭിനയിക്കുമ്പോൾ എങ്ങനെ ചെയ്താൽ നന്നായിരിക്കുമെന്ന് ഒക്കെ അദ്ദേഹം പറഞ്ഞു തരും. നമ്മൾ ചിന്തിക്കുന്നതിന് അപ്പുറം ഹ്യൂമർ ചിന്തിച്ച് പറഞ്ഞു തരുന്ന ആളാണ് ദിലീപെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.