ദൈവത്തിന് ഏറെ പ്രിയപ്പെട്ട ആളാണ് സല്‍മാന്‍ ഖാന്‍ എന്ന് നടന്‍ സുനില്‍ ഷെട്ടി. സല്‍മാന്‍ ഒരു പെണ്‍കുഞ്ഞിന് മജ്ജ ദാനം ചെയ്ത കഥ പറഞ്ഞു കൊണ്ടാണ് സുനില്‍ ഷെട്ടി സംസാരിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. 2010ല്‍ ആയിരുന്നു സല്‍മാന്‍ മജ്ജ ദാനം ചെയ്തത്.
”ലോകത്തെ മാറ്റാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹം തന്റെ മജ്ജ മറ്റൊരാള്‍ക്ക് ദാനം ചെയ്തു. ദൈവത്തിന്റെ അനുഗ്രഹം എന്നും സല്‍മാന് ഉണ്ടാകും. അദ്ദേഹം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനാണ്” എന്നാണ് സുനില്‍ ഷെട്ടി പറഞ്ഞത്.
ഇന്ത്യയില്‍ മജ്ജ ദാനത്തെ കുറിച്ചുള്ള അവബോധം കുറവായിരുന്ന സമയത്ത് ആയിരുന്നു സല്‍മാന്‍ മജ്ജ ദാനം ചെയ്തത്. സല്‍മാന്‍ ഖാന്റെ ഇടപെടല്‍ പിന്നീട് ഗുണം ചെയ്തുവെന്ന് എം.ഡി.ആര്‍.ഐ (Marrow Donor Registry India) അംഗമായിരുന്ന ഡോക്ടര്‍ സുനില്‍ പരേഖര്‍ പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നടനിലൂടെ മജ്ജ ദാനത്തെ കുറിച്ചുള്ള അറിവും സാധ്യതയും കൂടുതല്‍ ആളുകളില്‍ എത്തയെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് മജ്ജ ദാനത്തെ പ്രോത്സാഹിപ്പിച്ച് സല്‍മാന്‍ ഖാനും എത്തിയിരുന്നു. അവബോധമില്ലായ്മ മാത്രമല്ല, ആളുകളുടെ മനോഭാവമാണ് പിന്നോട്ട് വലിക്കുന്നത് എന്നായിരുന്നു നടന്‍ പറഞ്ഞത്.
അവബോധമില്ലായ്മ മാത്രമല്ല, നമ്മുടെ മനോഭാവം തന്നെയാണ് പ്രശ്നം. മജ്ജ ദാനം ചെയ്ത് ഒരു ജീവന്‍ രക്ഷിക്കൂ. ഇത് ഒരു രക്തപരിശോധന പോലെയാണ്, സമയമെടുക്കുന്നില്ല. ചില ആളുകള്‍ക്ക് രക്തപരിശോധന പേടിയാണെന്ന് എനിക്കറിയാം. എന്നാല്‍ അല്‍പ്പം ധൈര്യം കാണിക്കണം. വലിയ മാറ്റമുണ്ടാക്കാനുമുള്ള സമയമാണിത് എന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്.