'സ്‌ക്രീനില്‍ തീയായി സെയ്ഫും ഹൃത്വിക്കും, തമിഴിനേക്കാള്‍ മികച്ചത്..'; വിക്രം വേദ ഹിന്ദി ഏറ്റെടുത്ത് പ്രേക്ഷകര്‍

‘വിക്രം വേദ’ ഹിന്ദി പതിപ്പും ഏറ്റെടുത്ത് പ്രേക്ഷകര്‍. ചിത്രത്തിന്റെ പ്രിവ്യ ഷോയ്ക്ക് ശേഷമുള്ള അഭിപ്രായങ്ങളാണ് ട്വിറ്ററില്‍ നിറയുന്നത്. ചിത്രം ഗംഭീരമാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റ്. അഞ്ചില്‍ നാല് റേറ്റിംഗ് ആണ് ചിത്രത്തിന് തരണ്‍ കൊടുത്തിരിക്കുന്നത്.

മികച്ച രചനയും അവതരണവുമാണ് ചിത്രത്തിന്റേതെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സെയ്ഫ് അലിഖാനും ഹൃത്വിക് റോഷനും സ്‌ക്രീനില്‍ തീയായി എന്നും ട്വിറ്ററില്‍ കുറിച്ചു. എല്ലാം നന്നായി വന്നതിനു പിന്നില്‍ ഏറ്റവും കൈയടി അര്‍ഹിക്കുന്നത് സംവിധായകരായ പുഷ്‌കര്‍-ഗായത്രി ആണെന്ന് രോഹിത്ത് ഖില്‍നാനി ട്വീറ്റ് ചെയ്തു.

ചിത്രം തമിഴ് ഒറിജിനലിനേക്കാള്‍ മികച്ചതാണെന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് അഭിഷേക് പരിഹാറിന്റെ ട്വീറ്റ്. കോളിവുഡില്‍ പുതുമ നിറഞ്ഞ അവതരണവുമായി എത്തി ഹിറ്റ് ആയ ചിത്രമാണ് വിക്രം വേദ. പുഷ്‌കര്‍-ഗായത്രി എന്നിവരുടെ രചനയിലും സംവിധാനത്തിലുമാണ് ചിത്രം എത്തിയത്.

തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റില്‍ കഥാപാത്രങ്ങളായ വിക്രമും വേദയുമായി എത്തിയത്. ഹിന്ദി റീമേക്കില്‍ അത് സെയ്ഫ് അലിഖാനും ഹൃത്വിക് റോഷനുമാണ് നായകന്മാര്‍. രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ആണ് ചിത്രം റിലീസ് ചെയ്യുക.