ബോയ്ഫ്രണ്ടിനൊപ്പം വിവാഹവേദിയിലേക്ക്; ആദ്യമായി പാപ്പരാസികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ശ്രദ്ധ കപൂറും രാഹുലും

തന്റെ വ്യക്തി ജീവിതം എന്നും സീക്രട്ട് ആയി കൊണ്ടുപോകുന്ന താരങ്ങളില്‍ ഒരാളാണ് ശ്രദ്ധ കപൂര്‍. എന്നാല്‍ ആദ്യമായി തന്റെ ബോയ്ഫ്രണ്ടിനൊപ്പം പബ്ലിക് അപ്പിയറന്‍സ് നടത്തിയിരിക്കുകയാണ് ശ്രദ്ധ ഇപ്പോള്‍. തിരക്കഥാകൃത്ത് ആയി രാഹുല്‍ മോഡി ആണ് ശ്രദ്ധയുടെ ബോയ്ഫ്രണ്ട്.

ജാംനഗറില്‍ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ഇവന്റില്‍ പങ്കെടുക്കാനെത്തിയ ഇവരുടെ ചിത്രങ്ങള്‍ മുംബൈ എയര്‍പോട്ടില്‍ വച്ചാണ് പാപ്പരാസികള്‍ പകര്‍ത്തിയത്. ശ്രദ്ധയും രാഹുലും ഡേറ്റിംഗില്‍ ആണെന്ന വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു.

സംവിധായകന്‍ ലവ് രഞ്ജന്റെ സഹ-തിരക്കഥാകൃത്ത് ആണ് രാഹുല്‍ മോഡി. ലവ് രഞ്ജന്‍ ഒരുക്കിയ ‘പ്യാര്‍ കാ പഞ്ച്‌നാമ 2’, ‘സോനു കേ ടിറ്റു കി സ്വീറ്റി’ എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയത് രാഹുല്‍ മോഡിയും ചേര്‍ന്നാണ്. ശ്രദ്ധ കപൂറും രണ്‍ബിര്‍ കപൂറും വേഷമിട്ട ‘തൂ ജൂത്തി മേ മക്കാര്‍’ എന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുലിന്റെതാണ്.

തൂ ജൂത്തി മേ മക്കാര്‍ സിനിമയുടെ സെറ്റില്‍ വച്ച് സൗഹൃദത്തിലായ ശ്രദ്ധയും രാഹുലും പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ രോഹന്‍ ശ്രേഷ്ഠയുമായി ശ്രദ്ധ വേര്‍പിരിഞ്ഞിരുന്നു. ഇതിന് ശേഷമാണ് രാഹുലുമായി നടി അടുക്കുന്നത്.