'എന്തിനാണ് ഞങ്ങളുടെ കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുന്നത്'; കയര്‍ത്തും പൊട്ടിക്കരഞ്ഞും ശില്‍പ്പ ഷെട്ടി

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി ശില്‍പ്പ ഷെട്ടി. ആറ് മണിക്കൂറാണ് ശില്‍പ്പയെ ചോദ്യം ചെയ്തത്. കുന്ദ്രയുടെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസുമായുള്ള ബന്ധമാണ് ശില്‍പ്പയെ ചോദ്യം ചെയ്യുന്നതിലേക്ക് പൊലീസിനെ എത്തിച്ചത്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച ശില്‍പ്പ പിന്നീട് പൊട്ടിക്കരയുകയും ചെയ്തു. ഹോട്ട്‌ഷോട്‌സുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശില്‍പ്പ പറഞ്ഞു. രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുകയാണ്. കേസിന്റെ പേരില്‍ പലതും സഹിച്ചു എന്നും ശില്‍പ്പ പറഞ്ഞു.

അതേസമയം, ശില്‍പ്പ ഷെട്ടിക്ക് നീലച്ചിത്ര നിര്‍മ്മാണ കേസില്‍ നേരിട്ട് ബന്ധമില്ലെന്നും അതുകൊണ്ട് ഇനിയൊരു ചോദ്യം ചെയ്യല്‍ ഉണ്ടാകില്ലെന്നും മൊഴി രേഖപ്പെടുത്തിയ മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ ശില്‍പ്പ നിരപരാധിയാണ് എന്നാണ് രാജ് കുന്ദ്രയും പറഞ്ഞത്.

തനിക്കെതിരായ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും കുന്ദ്ര പറഞ്ഞു. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 19നാണ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.