ബച്ചന്റെ ദീപാവലി പാര്‍ട്ടിയ്ക്കിടെ അപകടം; രക്ഷകനായി ഷാരൂഖ് ഖാന്‍

ദീപാവലി നാളില്‍ അമിതാഭ് ബച്ചനും കുടുംബവും സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തിക്കള്‍ക്കുമായി പാര്‍ട്ടി ഒരുക്കിയിരുന്നു. മലയാളത്തില്‍ നിന്ന് അതിഥികളായി ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. മുംബൈയില്‍ ജൂഹൂ ബീച്ചിനരികിലെ തന്റെ വീടായ ജല്‍സയില്‍ വച്ചായിരുന്നു അമിതാഭ് ബച്ചന്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കിടയില്‍ ചെറിയ ഒരപകടം സംഭവിച്ചെന്നും ഷാരൂഖ് ഖാന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍അപകടം ഒഴിവായെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ആഘോഷത്തിനിടെ ഐശ്വര്യ റായിയുടെ മാനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീ പടര്‍ന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് എത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ അര്‍ച്ചനയുടെ മകളും തൊട്ടടുത്ത് ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം. അതിനാല്‍ അതിഥികളില്‍ പലരും പിരിഞ്ഞു പോയിരുന്നു. പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റ അര്‍ച്ചന ഇപ്പോള്‍ ആശുപത്രിയിലാണ്.

Image result for shah-rukh-khan-rescued-aishwarya-rai-manager-archana-during-fire-at-bachchans-diwali-party

പാര്‍ട്ടിയില്‍ കജോള്‍, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, കരീന കപൂര്‍, അനുഷ്‌ക, സാറാ അലി ഖാന്‍, കത്രീന കൈഫ്, ടൈഗര്‍ ഷ്രോഫ്, ശക്തി കപൂര്‍, രാജ് കുമാര്‍ റാവു, ബിപാഷ ബസു തുടങ്ങി നിരവധി താരങ്ങള്‍ കുടുംബസമേതം പങ്കെടുത്തു. ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.