2011-ല്‍ സമീര്‍ കാരണം, ഷാരൂഖിന് നഷ്ടമായത് ലക്ഷങ്ങള്‍; മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലുകളും!

സമീര്‍ വാങ്കഡെ കാരണം നടന്‍ ഷാരൂഖ് ഖാന് 2011ല്‍ നഷ്ടമായത് 1.5 ലക്ഷം രൂപയാണ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ മുമ്പും ഷാരൂഖിന് വിനയായിരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ നിറയുന്നത്. 2011ല്‍ നടന്ന സംഭവങ്ങളും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

ഹോളണ്ട്, ലണ്ടന്‍ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം തിരിച്ചെത്തിയപ്പോഴാണ് ഷാരൂഖ് ഖാനെ വാങ്കഡെ തടഞ്ഞത്. 2011 ജൂലൈയില്‍ ആയിരുന്നു സംഭവം. അന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു വാങ്കഡെ.

നികുതി അടയ്ക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ചായിരുന്നു താരത്തെ വാങ്കഡെ തടഞ്ഞത്. ഇരുപതോളം ബാഗുകളുമായി എത്തിയ താരത്തെയും കുടുംബത്തെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ബാഗുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

1.5 ലക്ഷം കസ്റ്റംസ് തീരുവയായി അടയ്ക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് ഷാരൂഖിനെ പോകാന്‍ അനുവദിച്ചത്. ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മ, മിനിഷ ലാംബ, ഗായകന്‍ മിക സിംഗ് തുടങ്ങിയവരെയും വാങ്കഡെ തടഞ്ഞിട്ടുണ്ട്.