ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ജീവിതം ഇപ്പോള്‍. ഇതിനിടയില്‍ സിക്കന്ദര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് താരം. ഷൂട്ടിംഗ് ലൊക്കേഷനില്‍ അനധികൃതമായി കടന്നുകയറി ബിഷ്‌ണോയിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവ്.
സല്‍മാന്‍ ഖാന്റെ ആരാധകനാണെന്ന് വിശേഷിപ്പിച്ച് അനുമതിയില്ലാതെ അകത്തുകയറിയ ഇയാള്‍, ലോറന്‍സ് ബിഷ്ണോയ്യുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ലൊക്കേഷനില്‍ പ്രവേശിച്ചതിനെ ചോദ്യം ചെയ്തപ്പോഴാണ് ‘ബിഷ്ണോയിയെ അറിയിക്കണോ’ എന്ന് ഭീഷണിപ്പെടുത്തിയത്.
പിന്നാലെ ചെറിയ വാക്കേറ്റവുമുണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസില്‍ വിവരമറിയിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. മുംബൈ സ്വദേശിയായ ഇയാളുടെ മുന്‍പശ്ചാതലങ്ങള്‍ അന്വേഷിച്ചെങ്കിലും സംശയത്തക്ക രീതിയില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല.
സല്‍മാന്റെ ആരാധകനാണെന്നും ഷൂട്ടിങ് കാണാനെത്തിയതാണ് എന്നുമാണ് പൊലീസിനോട് വിശദീകരിച്ചത്. എങ്കിലും ലോറന്‍സ് ബിഷ്ണോയ്യുടെ പേര് ഉപയോഗിച്ചതാണ് വിനയായത്. ഇടയ്ക്കിടെ വധഭീഷണി ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ വലിയതോതില്‍ വര്‍ധിപ്പിച്ചിരുന്നു.
അതേസമയം, തന്റെ സുരക്ഷയ്ക്കായി രണ്ട് കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാന്‍ പട്രോള്‍ എസ്യുവി സല്‍മാന്‍ വാങ്ങിയിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത വാഹനം ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.