സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍!

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍. 1997ലെ പാകിസ്താന്‍ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നടനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാദില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ ബലൂചിസ്താനെയും പാകിസ്താനെയും വ്യത്യസ്ത രാജ്യങ്ങളായി പരാമര്‍ശിച്ചതില്‍ നടനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് പുതിയ റിപ്പോര്‍ട്ട് എത്തിയത്.

റിയാദില്‍ കഴിഞ്ഞയാഴ്ച നടന്ന ‘ജോയ് ഫോറം 2025’ എന്ന പരിപാടിയില്‍ ‘മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ സിനിമ’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സല്‍മാന്‍ പാകിസ്ഥാനെയും രാജ്യത്തെ ഒരു പ്രവിശ്യയായ ബലൂചിസ്താനെയും പ്രത്യേകം രാജ്യങ്ങളായി പരാമര്‍ശിച്ചത്.

ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ”ഒരു ഹിന്ദി സിനിമ നിര്‍മ്മിക്കുകയും സൗദി അറേബ്യയില്‍ റിലീസ് ചെയ്യുകയും ചെയ്താല്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാകും. അതുപേലെ തമിഴ്, തെലുങ്ക്, മലയാളം സിനിമ റിലീസ് ചെയ്താലും നൂറ് കോടി ലഭിക്കും. കാരണം മറ്റു രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് സൗദിയിലേക്ക് വരുന്നത്.”

Read more

”ഇവിടെ ബലൂചിസ്താനില്‍ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, പാകിസ്താനില്‍ നിന്നുള്ളവരുണ്ട് എല്ലാ രാജ്യക്കാരും ഇവിടെ ജോലി എടുക്കുന്നുണ്ട്” എന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. അതേസമയം, ബലൂചിസ്താന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന സംഘടനകള്‍ സല്‍മാന്റെ വാക്കുകളെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.