ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ തിയേറ്റര്‍ റിലീസ് മാറ്റി ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങി രാജ്കുമാര്‍ റാവു-വാമിഖ ഗബ്ബി ചിത്രം ‘ഭൂല്‍ ചുക് മാഫ്’. മെയ് 9ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിന് പിന്നാലെ സിനിമയുടെ തിയേറ്റര്‍ റിലീസ് നിര്‍മ്മാതാക്കള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്കും ആശങ്കള്‍ക്കുമിടെ സിനിമ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മഡോക് ഫിലിംസ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അറിയിച്ചിട്ടുണ്ട്. മെയ് 16ന് സിനിമ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും.
”രാജ്യത്തുടനീളം ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍, മഡോക് ഫിലിംസും ആമസോണ്‍ എംജിഎം സ്റ്റുഡിയോസും ഭൂല്‍ ചുക് മാഫ് മെയ് 16ന് നിങ്ങളുടെ വീട്ടിലേക്ക് നേരിട്ട് എത്തിക്കാന്‍ തീരുമാനിച്ചു. ചിത്രം ലോകമെമ്പാടും പ്രൈം വീഡിയോയില്‍ മാത്രം ലഭ്യമാകും. തിയേറ്ററുകളില്‍ സിനിമ ആഘോഷമാക്കാന്‍ കാത്തിരുന്നതാണ്, പക്ഷെ നിലവില്‍ രാജ്യത്തിനാണ് പ്രധാന്യം. ജയ് ഹിന്ദ്” എന്ന കുറിപ്പാണ് നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്.
കരണ്‍ ശര്‍മ്മയുടെ സംവിധാനത്തിലാണ് ഭൂല്‍ ചുക് മാഫ് ഒരുക്കിയത്. ഒരു ടൈം ലൂപ് സിനിമയായി ഒരുക്കിയ ചിത്രത്തില്‍ സീമ പഹ്വ, സഞ്ജയ് മിശ്ര, രഘുബിര്‍ യാദവ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രഞ്ജന്‍ എന്ന യുവാവ് തന്റെ പ്രണയിനിയായ തിത്‌ലിയെ വിവാഹം ചെയ്യാന്‍ പോകുന്നതാണ് ചിത്രത്തിന്റെ കഥ.