'പോണ്‍ രാജാവിന്റെ ഭാര്യ' എന്നാണ് ശില്‍പ്പയെ വിളിക്കുന്നത്! അച്ഛന്റെ പേര് ഗൂഗിളില്‍ നോക്കരുത് എന്നാണ് ശില്‍പ്പ മകന് നല്‍കിയ നിര്‍ദേശം: രാജ് കുന്ദ്ര

നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ തനിക്കുണ്ടായ മാനക്കേടിനെ കുറിച്ച് പറഞ്ഞ് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. തന്റെ കുടുബത്തില്‍ ആ കേസ് ഉണ്ടാക്കിയ ആഘാതത്തെ കുറിച്ചും പോണ്‍ രാജാവ് എന്ന് മുദ്ര കുത്തപ്പെട്ടതിനെ കുറിച്ചുമാണ് രാജ് കുന്ദ്ര ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”ഞാന്‍ ഒരു സെലിബ്രിറ്റിയെ വിവാഹം കഴിച്ചതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. ഇല്ലായിരുന്നുവെങ്കില്‍, ഇതിന്റെ പകുതി മാത്രമേ അനുഭവിക്കേണ്ടി വരുകയുള്ളു. എന്റെ ഭാര്യയെയും മക്കളെയും വരെ സോഷ്യല്‍ മീഡിയ വേട്ടയാടി. അത് തികച്ചും അന്യായമായിരുന്നു. നിരന്തരമായ ട്രോളുകളാണ് നേരിടേണ്ടി വന്നത്. ഇനി എങ്കിലും വേട്ടയാടാതിരിക്കണം.”

”ഭാര്യ ശില്‍പ ഒരു വാലന്റൈന്‍സ് സന്ദേശം പോസ്റ്റ് ചെയ്യുമ്പോള്‍ പോലും ‘പോണ്‍ രാജാവിന്റെ ഭാര്യ’ എന്ന് ട്രോളന്മാര്‍ കമന്റ് ചെയ്യും. അവര്‍ക്ക് വസ്തുതകള്‍ എന്താണെന്ന് അറിയില്ല. ഞാന്‍ കുറ്റക്കാരനാണോ എന്ന് പ്രഖ്യാപിക്കാന്‍ പോലും ജുഡീഷ്യറിക്ക് അവസരം നല്‍കുന്നില്ല. സംഭവിച്ചതെല്ലാം ഭയാനകമായിരുന്നെങ്കിലും പരസ്പര വിശ്വാസവും ധാരണയും കാരണം ഭാര്യയില്‍ ആശ്വാസം കണ്ടെത്തി.”

”അവളെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് എത്ര വിശ്വസിക്കണമെന്ന് എനിക്കറിയാം. കേസ് കേട്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു, അത് ശരിയല്ലെന്ന് പറഞ്ഞു. എന്നാലും ഉണ്ടായ വിവാദങ്ങളില്‍ ശില്‍പയ്ക്ക് പ്രൊഫഷണലായി നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചില കരാറുകളും ടെലിവിഷന്‍ ജോലികളും നഷ്ടപ്പെട്ടു.”

”എന്നെ ജയിലില്‍ ഇട്ടപ്പോള്‍ എന്റെ പത്ത് വയസുള്ള മകന് കാര്യങ്ങള്‍ വ്യക്തമായില്ല. അവന്‍ ശില്‍പയോട് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചു. ഒരിക്കലും അച്ഛന്റെ പേര് ഗൂഗിള്‍ ചെയ്ത് നോക്കരുത് എന്നാണ് ശില്‍പ അവന് നല്‍കിയ ഉപദേശം” എന്നാണ് രാജ് കുന്ദ്ര പറയുന്നത്.