ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാന്‍ പദ്ധതി; പുതിയ ആപ്പ് ലോഞ്ചിന് മുമ്പ് പിടിയില്‍

ശില്‍പ്പ ഷെട്ടിയുടെ സഹോദരിയും നടിയും മോഡലുമായ ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനുള്ള പദ്ധതിയും രാജ് കുന്ദ്രയ്ക്ക് ഉണ്ടായിരുന്നുവെന്ന് നടി ഗഹന വസിഷ്ഠ്. പുതുതായി മറ്റൊരു മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ കുന്ദ്ര പദ്ധതിയിട്ടിരുന്നു. ഇതിലാണ് ഷമിതയെ ഇതില്‍ അഭിനയിപ്പിക്കുന്ന കാര്യം ആലോചിച്ചിരുന്നത് എന്നാണ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗഹന പറയുന്നത്.

അറസ്റ്റിന് കുറച്ചു ദിവസം മുമ്പ് താന്‍ കുന്ദ്രയുടെ ഓഫിസില്‍ പോയിരുന്നു. അപ്പോഴാണു ബോളിഫെയിം എന്ന പുതിയ ആപ്പ് പുറത്തിറക്കാന്‍ കുന്ദ്ര ആലോചിച്ചിരുന്നതായി മനസിലാക്കുന്നത്. ചാറ്റ് ഷോകള്‍, മ്യൂസിക് ഷോകള്‍, വീഡിയോകള്‍, ഫീച്ചര്‍ ഫിലിമുകള്‍ എന്നിവയായിരുന്നു ആപ്പില്‍ കൊണ്ടു വരാന്‍ ആലോചിച്ചിരുന്നത്.

ഒരു ചിത്രം താന്‍ സംവിധാനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. തിരക്കഥ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. ഒരു സിനിമയില്‍ ഷമിത ഷെട്ടിയെ അഭിനയിപ്പിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടായിരുന്നു. സായ് തംഹാങ്കര്‍, മറ്റു രണ്ട് ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെ മറ്റൊരു സിനിമയിലേക്കും പരിഗണിച്ചിരുന്നു എന്ന് ഗഹന പറയുന്നു.

അതേസമയം, രാജ് കുന്ദ്ര നിപരാധിയാണെന്നും നടിമാരായ ഷെര്‍ലിന്‍ ചോപ്രയും പൂനം പാണ്ഡെയും കള്ളം പറയുകയാണെന്നും ഗഹന പ്രതികരിച്ചിരുന്നു. അശ്ലീല സിനിമാ നിര്‍മ്മാണവുമായി തനിക്ക് ബന്ധമുണ്ടെന്ന തെളിവുകള്‍ ഒന്നുമില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കൊണ്ടു പോയതെന്നും ഗഹന പറഞ്ഞിരുന്നു.