ഷാരൂഖ് അല്ല, മാനേജരെ രക്ഷിച്ചത് ഐശ്വര്യ റായ്

ദീപാവലി നാളില്‍ അമിതാഭ് ബച്ചനും കുടുംബവും സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തിക്കള്‍ക്കുമായി പാര്‍ട്ടി ഒരുക്കിയിരുന്നു. ആഘോഷത്തിനിടെ ഐശ്വര്യറായിയുടെ മാനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീ പടര്‍ന്നെന്നും ഷാരൂഖ്ഖാന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍അപകടം ഒഴിവായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്.

അര്‍ച്ചനയെ രക്ഷിച്ചത് ഷാരൂഖ് അല്ലെന്നും ഐശ്വര്യ റായ് ആണെന്നുമാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഷാളില്‍ തീ പടര്‍ന്നപ്പോള്‍ ഐശ്വര്യ ഓടിയെത്തി അര്‍ച്ചനയെ രക്ഷിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ദൃക്സാക്ഷികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുംബൈയില്‍ ജൂഹൂ ബീച്ചിനരികിലെ തന്റെ വീടായ ജല്‍സയില്‍ വച്ചായിരുന്നു അമിതാഭ് ബച്ചന്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ഷാരൂഖിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് സല്‍മാന്‍ ഖാനടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും സംഭവത്തില്‍ ഷാരൂഖ് പ്രതികരിച്ചിരുന്നില്ല.