'കര്‍ട്ടന് പിന്നില്‍ നിന്നും മെഡിക്കല്‍ ഗൗണ്‍ ധരിക്കാന്‍ ആവശ്യപ്പെട്ടു, കനികക്ക് കംഫര്‍ട്ടബിളായി തോന്നിയില്ല';  മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയില്ലെന്ന് ബന്ധുക്കള്‍

കഴിഞ്ഞ മാസം 20നാണ് ബോളിവുഡ് ഗായിക കനിക കപൂറിനെ കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗിയെ പോലെയല്ല താരത്തിന്റെതായ ദുശാഠ്യങ്ങള്‍ കനിക കാണിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ കനിക യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും മെഡിക്കല്‍ ഗൗണ്‍ ധരിക്കാന്‍ സാധിക്കില്ലെന്ന് മാത്രമാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

“”ഒരു കര്‍ട്ടന് പിന്നില്‍ നിന്നും മെഡിക്കല്‍ ഗൗണ്‍ ധരിച്ച് വരാനായി കനികയോട് ചികിത്സയിലിരിക്കുന്ന സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ കംഫര്‍ട്ടബിള്‍ ആയി തോന്നാത്തതിനാല്‍ ഗൗണ്‍ ധരിച്ചില്ല. കനിക കഴിയുന്ന ക്വാറന്റൈന്‍ വാര്‍ഡ് അഴുക്കായിരുന്നതിനാല്‍ ആശുപത്രി ജീവനക്കാരോട് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു”” എന്ന് ഇന്ത്യ ടുഡേയോട് കനികയുടെ ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ച്ചയായി അഞ്ചാം തവണയും കനികക്ക് കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ പേടിക്കാന്‍ ഒന്നുമില്ലെന്ന് ഡോ. ആര്‍.കെ ധിമന്‍ പ്രതികരിച്ചിരുന്നു. മുമ്പ് ആശുപത്രിയില്‍ വൃത്തിയില്ലെന്നും തനിക്ക് കഴിക്കാനൊന്നും കിട്ടിയില്ലെന്നും കനിക ആരോപിച്ചിരുന്നു. ഇതോടെയാണ് രോഗിയെ പോലെയല്ല താരത്തെ പോലെയാണ് കനിക പെരുമാറുന്നതെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിരുന്നു.