അക്ഷയ് കുമാര്‍ രഹസ്യമായി വിളിച്ച് എന്നെ അഭിനന്ദിച്ചു, വാനോളം ഉയര്‍ത്തി, പക്ഷേ പരസ്യമായി പറയില്ല: കങ്കണ

Advertisement

ബോളിവുഡ് സിനിമാ വ്യവസായത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് നടി കങ്കണ റണൗട്ട്. പരസ്പരം ശത്രുത വെച്ച് പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പോലും പലര്‍ക്കും ഭയമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. അക്ഷയ് കുമാറിനെ പോലെയുള്ളവര്‍ തന്നെ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചതായും കങ്കണ ട്വീറ്റില്‍ പറയുന്നു.

”ബോളിവുഡില്‍ പരസ്പരം ശത്രുത പുലര്‍ത്തുന്നവര്‍ ആയതിനാല്‍ എന്നെ വിളിച്ച് അഭിനന്ദിച്ചാല്‍ പോലും അവര്‍ കുഴപ്പത്തിലാകും. അക്ഷയ് കുമാര്‍ പോലുള്ള വലിയ താരങ്ങള്‍ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും തലൈവി ചിത്രത്തിന്റെ ട്രെയ്‌ലറിനെ വാനോളം പുകഴ്ത്തി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിന്ദിക്കുന്ന പോലെ പരസ്യമായി അത് ചെയ്യാനാകില്ല. ബോളിവുഡ് മൂവി മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍” എന്നാണ് കങ്കണയുടെ ട്വീറ്റ്.

നേരത്തെയും ബോളിവുഡിനെ പരിഹസിച്ചും വിമര്‍ശിച്ചും കങ്കണ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡിനെ ബുള്ളിവുഡ് എന്നാണ് നടി വിശേഷിപ്പിക്കാറുള്ളത്. ബോളിവുഡില്‍ താന്‍ പിന്തുണയ്ക്കാത്തതോ പ്രശംസിക്കാത്തതോ ആയ ഒരു നടി പോലുമില്ല. എന്നാല്‍ തന്റെ കാര്യം വരുമ്പോള്‍ അവരൊന്നും ഉണ്ടാവില്ല. അവരുടെ സിനിമകള്‍ താന്‍ കാണാന്‍ പോവുമെങ്കിലും താന്‍ വിളിച്ചാല്‍ അവര്‍ കോള്‍ പോലും എടുക്കാറില്ലെന്നും കങ്കണ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന തലൈവി ഏപ്രില്‍ 23ന് റിലീസാവുകയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ സ്റ്റില്ലുകളിലും ടീസറിലും ട്രെയ്‌ലറിലും എല്ലാം കങ്കണയുടെ പ്രകടനം ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് എംജിആറായി വേഷമിടുന്നത്.