ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് നടി കങ്കണ റണാവത്ത്. ഇതിനിടെ തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 2023ല്‍ ബോളിവുഡില്‍ നേട്ടം കൊയ്ത ഷാരൂഖ് ഖാനും വര്‍ഷങ്ങളോളം ഹിറ്റുകള്‍ ഉണ്ടായിരുന്നില്ല എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് കങ്കണ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
”ഒരു പരാജയം പോലും നേരിടാത്ത ഒരു നടനും ഈ ലോകത്ത് ഇല്ല. 10 വര്‍ഷമായി ഷാരൂഖിന് ഹിറ്റ് ഇല്ലായിരുന്നു, എന്നാല്‍ പിന്നീട് പത്താന്‍ വര്‍ക്ക് ചെയ്തു. എനിക്കും 7-8 വര്‍ഷമായി ഒരു ഹിറ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍ ക്വീന്‍ വര്‍ക്കായി. വീണ്ടും 3-4 വര്‍ഷമായി വിജയം ഉണ്ടായില്ല.”
”എന്നാല്‍ മണികര്‍ണിക വിജയിച്ചു. ഇനി എമര്‍ജന്‍സി വരാന്‍ പോകുന്നു. അത് വിജയിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്” എന്നാണ് കങ്കണ പറയുന്നത്. അതേസമയം, കങ്കണയുടെ സംവിധാനത്തില്‍ താരം തന്നെ നായികയായി നിര്‍മ്മിച്ച എമര്‍ജന്‍സി ജൂണ്‍ 14ന് ആണ് റിലീസ് ചെയ്യുന്നത്.
അടിയന്തരാവസ്ഥ കാലത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്. അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, മിലിന്ദ് സോമന്‍, വിശാഖ് നായര്‍ എന്നിവരും ചിത്രത്തിലുണ്ട്. മലയാളി താരം വിശാഖ് നായര്‍ രാജീവ് ഗാന്ധി ആയാണ് വേഷമിടുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ കങ്കണയുടെ മിക്ക സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു. മണികര്‍ണികയ്ക്ക് ശേഷം പുറത്തിറങ്ങിയ ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി, ധാക്കഡ്, തേജസ്, ചന്ദ്രമുഖി 2 എന്നീ സിനിമകള്‍ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ഇവയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.