ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തരുത്; ഡയാന രാജകുമാരിയുടെ മരണത്തെ ഉദ്ധരിച്ച് കോടതി, പരാമര്‍ശം ഷാരൂഖ് മുതല്‍ സല്‍മാന്‍ ഖാന്‍ വരെയുള്ളവര്‍ നല്‍കിയ പരാതിയില്‍

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അജയ് ദേവ്ഗണ്‍, സംവിധായകന്‍ കരണ്‍ ജോഹര്‍, പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് അസോസിയേഷന്‍, ടിവി സിനെ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ തുടങ്ങിയവര്‍ രണ്ടു ചാനലുകള്‍ക്കെതിരെ നല്‍കിയ കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദം തുടങ്ങി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ എന്നീ ചാനലുകള്‍ ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്‌തെന്നും അവ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

സിബിഐ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസില്‍ ബോളിവുഡിനെ “അഴുക്ക്”, “അശ്ലീലം”,”ദുഷ്ട” തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ വാദം കേള്‍ക്കെ മാധ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.

ബോളിവുഡിനെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് ചാനലുകളോട് കോടതി ആവശ്യപ്പെട്ടു. “”മാധ്യമങ്ങള്‍ക്ക് സമാന്തര വിചാരണ നടത്താന്‍ കഴിയില്ല. നിങ്ങള്‍ ഒരു ബ്രോഡ്കാസ്റ്ററാണ്. വാര്‍ത്തകള്‍ കാണിക്കുക.”” വിഷയത്തില്‍ ഡയാന രാജകുമാരിയുടെ മാതൃകയും അവര്‍ എങ്ങനെ മരിച്ചുവെന്നും ജസ്റ്റിസ് രാജിവ് ശക്‌ധേര്‍ ഉദ്ധരിച്ചു.

“”ബോളിവുഡ് താരങ്ങള്‍ക്കും സ്വകാര്യതയ്ക്ക് അര്‍ഹതയുണ്ട്. ഡയാന രാജകുമാരിയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ, മാധ്യമങ്ങളാണ് അപകടമരണത്തിന് ഇടയാക്കിയത്”” എന്നും കോടതി പറഞ്ഞു. കൂടാതെ റിപ്പോര്‍ട്ടിങ്ങില്‍ ആരും തടയില്ല. എന്നാല്‍ ഭാഷയും രീതിയും ശരിയായിരിക്കണം എന്നും കോടതി ഉത്തരവിട്ടു.