കനിക കപൂറിന്റെ വീട് സീല്‍ ചെയ്തില്ല; ലക്‌നൗ ജില്ലാ ഭരണകൂടം വിവാദത്തില്‍

കോവിഡ് 19 ബാധിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ വീട് സീല്‍ ചെയ്യാത്തതിനെ തുടര്‍ന്ന് ലക്‌നൗ ജില്ലാ ഭരണകൂടം വിവാദത്തില്‍. കോവിഡ് 19 സ്ഥിരീകരിച്ച മറ്റു രോഗികളുടെയെല്ലാം വീടുകള്‍ സീല്‍ ചെയ്ത് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കനികയുടെ ബില്‍ഡിംഗ് മാത്രം സീല്‍ ചെയ്തില്ല എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

കനികയുടെ രോഗം പൂര്‍ണമായും ഭേദമായതിനാല്‍ ഹോട്ട്‌സ്‌പോട്ട് ആയി പരിഗണിക്കേണ്ട ആവശ്യമില്ലെന്നാണ് ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് പറഞ്ഞത്. ആറാമത്തെ ടെസ്റ്റില്‍ കൊറോണ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഏപ്രില്‍ 6ന് കനിക മഹാനഗറിലെ ഷാലിമാര്‍ ഗാലന്റ് ബില്‍ഡിങ്ങിലെ വീട്ടിലെത്തിയത്.

14 ദിവസം ക്വാറന്റീനില്‍ കഴിയാനുമാണ് നിര്‍ദേശം. ലക്‌നൗവില്‍ 29 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 12 ഹോട്ട്‌സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്.