‘ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു’; അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

Advertisement

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘ലക്ഷ്മി ബോംബ്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. നവംബര്‍ 9-ന് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനെതിരെയാണ് ബഹിഷ്‌കരണ ആഹ്വാനവുമായി ചിലര്‍ എത്തിയിരിക്കുന്നത്. ‘ബോയ്‌കോട്ട് ലക്ഷ്മി ബോംബ്’, ‘ഷെയിം ഓണ്‍ യു അക്ഷയ്കുമാര്‍’ എന്ന ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്.

ഹൈന്ദവ ദൈവത്തിന്റെ പേരിനൊപ്പം ‘ബോംബ്’ എന്ന വാക്ക് ചേര്‍ത്ത് അപമാനിക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണങ്ങളാണ് ചിത്രത്തിന് നേരെ ഉയരുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആസിഫ് എന്നാണ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രേതമായും അക്ഷയ് വേഷമിടുന്നുണ്ട്. ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ സിനിമയില്‍ ചിത്രീകരിച്ചു എന്ന ആരോപണങ്ങളും സിനിമയ്‌ക്കെതിരെ ഉയരുന്നുണ്ട്. എന്നാല്‍ അക്ഷയുടെ ആരാധകര്‍ ‘വി ലവ് യൂ അക്ഷയ് കുമാര്‍’ എന്ന ഹാഷ്ടാഗുകളായും രംഗത്തെത്തിയിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ ആയുള്ള അക്ഷയുടെ പരിവര്‍ത്തനമാണ് നേരത്തെ എത്തിയ ട്രെയിലറിലും ശ്രദ്ധേയമായത്.

മുപ്പത് വര്‍ഷത്തെ തന്റെ കരിയറിലെ തന്നെ ഏറ്റവും തീവ്രമായ റോളാണ് ലക്ഷ്മി ബോംബിലേത് എന്നാണ് അക്ഷയ് കുമാര്‍ കഥാപാത്രത്തെ കുറിച്ച് നേരത്തെ വ്യക്തമാക്കിയത്. ട്രെയ്‌ലറിലെ അക്ഷയുടെ പ്രകടനത്തെ പുകഴ്ത്തി ആമിര്‍ ഖാനും രംഗത്തെത്തിയിരുന്നു. ഇത് തിയേറ്ററില്‍ റിലീസ് ചെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എന്നാണ് ആമിര്‍ ട്വീറ്റ് ചെയ്തത്.