ആര്‍എസ്എസും താലിബാനും ഒരേ ചിന്താഗതിക്കാര്‍ എന്ന് ജാവേദ് അക്തര്‍; സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബിജെപി

ആര്‍എസ്എസ്എസിനെ താലിബാനോട് ഉപമിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ജാവേദ് അക്തറിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ബിജെപി എംഎല്‍എ രാം കദം. സംഘ പ്രവര്‍ത്തകരോട് കൈ കൂപ്പി മാപ്പ് പറയുന്നതുവരെ അദ്ദേഹത്തിന്റെ ഒരു സിനിമയും രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് എംഎല്‍എയുടെ ഭീഷണി.

”താലിബാന്‍ മുസ്ലീം രാഷ്ട്രം ആഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരുമുണ്ട്. ഈ ആളുകള്‍ എല്ലാം ഒരേ ചിന്താഗതിക്കാരാണ്. അത് മുസ്ലീം ആകട്ടെ, ക്രിസ്ത്യന്‍ ആകട്ടെ, ജൂതനോ ഹിന്ദുവോ ആകട്ടെ. താലിബാന്‍ പ്രാകൃതരും അവരുടെ പ്രവര്‍ത്തനങ്ങള്‍ അപലപനീയവുമാണ്. എന്നാല്‍ ആര്‍എസ്എസ്, വിഎച്ച്പി, ബജ്രംഗദള്‍ എന്നിവയെ പിന്തുണക്കുന്നവരും ഒന്നു തന്നെയാണ്” എന്നാണ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ജാവേദ് അക്തര്‍ പറഞ്ഞത്.

ഈ പ്രസ്താവന ലജ്ജാകരമാണ് എന്ന് എംഎല്‍എ പറയുന്നു. സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവര്‍ത്തകര്‍ക്കും അവരുടെ ആശയങ്ങള്‍ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്കും വേദനാജനകവും അപമാനകരവുമാണ്. ഇത് പറയുന്നതിന് മുമ്പ്, ഇതേ പ്രത്യയശാസ്ത്രമുള്ള ആളുകളാണ് സര്‍ക്കാര്‍ ഭരിക്കുന്നതെന്നും രാജ ധര്‍മ്മം നിറവേറ്റുന്നുവെന്നും ചിന്തിക്കണമായിരുന്നു.

താലിബാനെ പോലെയാണെങ്കില്‍, അദ്ദേഹത്തിന് ഈ പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുമായിരുന്നോ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എത്ര പൊള്ളയാണെന്ന് ഇത് കാണിക്കുന്നു. അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തി.

അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച സംഘ പ്രവര്‍ത്തകരോട് കൈ കൂപ്പി മാപ്പ് പറയുന്നതുവരെ അദ്ദേഹത്തിന്റെ ഒരു സിനിമയും ഈ ഭാരത മണ്ണില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നും എംഎല്‍എ പറഞ്ഞു.