കുഞ്ഞ് ജനിച്ച് മൂന്നാം മാസം ശസ്ത്രക്രിയ, പൊതുവെ കുട്ടികള്‍ കരയും, പക്ഷേ എന്റെ ദേവി ചിരിക്കുകയായിരുന്നു; കണ്ണീരോടെ ബിപാഷ ബസു

മകളുടെ ജനന സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞ് ബിപാഷ ബസു. വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ ഡിഫക്ട് എന്ന അവസ്ഥയോട് കൂടിയാണ് മകള്‍ ജനിച്ചത് എന്നാണ് ബിപാഷ തുറന്നു പറഞ്ഞത്. മാതാപിതാക്കാളായിട്ടുള്ള തങ്ങളുടെ ആദ്യ യാത്ര സാധാരണ മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നാണ് ബിപാഷ പറയുന്നത്. നടി നേഹ ധൂപിയയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ഇന്റര്‍വ്യുവിലാണ് ബിപാഷ സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് ആണ് ബിപാഷ ബസുവിനും കരണ്‍ സിംഗ് ഗ്രോവറിനും കുഞ്ഞ് ജനിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്.

ബിപാഷയുടെ വാക്കുകള്‍:

ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ ഹൃദയത്തില്‍ രണ്ട് ദ്വാരങ്ങളുണ്ടായിരുന്നു. കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് അത് താനെ അടയും എന്നാണ് കരുതിയത്. ആദ്യത്തെ മാസം മുതല്‍ ഞങ്ങള്‍ സ്‌കാന്‍ ചെയ്യുന്നുണ്ടായിരുന്നു. മോളുടെ ഹൃദയത്തിലെ ഹോളുകളുടെ വലിപ്പം കൂടുതലായിരുന്നു. അതുകൊണ്ട് താനേ അടയാനുള്ള സാധ്യതകളും കുറവായിരുന്നു. സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ തകര്‍ന്നു പോയി. ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്നു പോലും അറിയില്ലായിരുന്നു.

ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിടേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഓപ്പറേഷന്‍ ചെയ്യാന്‍ മൂന്നാം മാസമാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഒരുപാട് ഡോക്ടേഴ്‌സുമായി ഞാന്‍ സംസാരിച്ചു, ഈ കാര്യത്തെപ്പറ്റി പഠിച്ചു, അറിഞ്ഞു. അതിന് ശേഷമായിരുന്നു ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചത്. ബുദ്ധിമുട്ടുള്ള തീരുമാനമാണ് പക്ഷേ ഒഴിവാക്കാനാവാത്ത തീരുമാനവുമായിരുന്നു അത്.

ഞാന്‍ മനസിനെ പറഞ്ഞു പഠിപ്പിച്ചു, കുഞ്ഞിനു ഇതു ആവശ്യമാണ്. പക്ഷേ കരണ്‍ തകര്‍ന്ന് ഇരിക്കുകയായിരുന്നു. എനിക്ക് അപ്പോഴും ഉറപ്പുണ്ടായിരുന്നു, ഈ ദുരിതത്തിലൂടെയും സങ്കടത്തിലൂടെയും കടന്നു പോയാലും ഒടുവില്‍ സന്തോഷത്തില്‍ എത്തിച്ചേരുമെന്ന്. എന്റെ കുഞ്ഞ് ആരോഗ്യത്തോടെ മടങ്ങി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ആറ് മണിക്കൂര്‍ എന്റെ മകള്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലായിരുന്നു. പൊതുവില്‍ കുട്ടികള്‍ കരയും. പക്ഷേ എന്റെ ദേവി കരഞ്ഞില്ല, അവള്‍ ചിരിക്കുകയായിരുന്നു.

ഐസിയുവിലെ നഴ്‌സുമാര്‍ പറയുന്നുണ്ടായിരുന്നു, നിങ്ങളുടെ കുഞ്ഞ് ഞങ്ങളെ എല്ലാവരെയും ചിരിപ്പിക്കുന്നുവെന്ന്. എന്റെ മകള്‍ ഒരു ഫൈറ്റര്‍ ആണ്. എനിക്ക് ഇത്രയും കരുത്തയാകാന്‍ പറ്റുമെന്ന് ഞാന്‍ അറിഞ്ഞില്ല, എന്റെ കുഞ്ഞാണ് എനിക്ക് ആ ശക്തി തന്നത്. കൃത്യമായ സമയത്ത് ഞങ്ങള്‍ക്ക് ആ തീരുമാനത്തിലെത്താന്‍ പറ്റിയത് നല്ല കാര്യമായിരുന്നു.

Read more

മൂന്നാം മാസം തുടങ്ങി, ഒരാഴ്ച പോലും ഞങ്ങള്‍ കാത്തിരുന്നില്ല. അത്രയും നേരത്തെ തന്നെ അവള്‍ക്ക് സര്‍ജറി ചെയതു. ഒരുപാട് അമ്മമാര്‍ എനിക്കൊപ്പമുണ്ടായിരുന്നു. സര്‍ജറിക്ക് സമ്മതിക്കണമെന്നും കുഞ്ഞിനു വേണ്ടത് അതാണെന്നും എനിക്ക് ഉറപ്പ് തന്നത് അവരായിരുന്നു. തീര്‍ച്ചയായും എന്റെ കുഞ്ഞിന്റെ നെഞ്ചില്‍ ഒരു മുറിപ്പാട് ഉണ്ടാകും, പക്ഷേ അത് അവളുടെ ധൈര്യത്തിനുള്ള അംഗീകാരമാണ്.