അല്ലു അര്‍ജുന് അവാര്‍ഡ് ലഭിച്ചതില്‍ അനുപം ഖേറിന് നിരാശ? തന്റെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ എന്ന് താരം, വൈറല്‍ ട്വീറ്റ്

‘കശ്മീര്‍ ഫയല്‍സ്’ ചിത്രത്തിന് ദേശീയ പുരസ്‌കാരം നല്‍കിയതില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് ആണ് കശ്മീര്‍ ഫയല്‍സ് നേടിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ഇതിനിടെ തനിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ സന്തോഷമായേനെ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ അനുപം ഖേര്‍. ”കശ്മീര്‍ ഫയല്‍സിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചതില്‍ നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും ഞാന്‍ അതീവ സന്തോഷവാനാണ്.”

”ചിത്രത്തിലെ എന്റെ അഭിനയത്തിന് കൂടി ഒരു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷവാനായെനെ. അങ്ങനെ എല്ലാ ആഗ്രഹവും പെട്ടന്ന് സഫലമായാല്‍ പിന്നെ മുന്നോട്ട് ജോലി ചെയ്യാന്‍ എന്താണ് രസം.. അടുത്ത തവണ നോക്കാം. എല്ലാ ജേതാക്കള്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍” എന്നാണ് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.

അല്ലു അര്‍ജുന് ആണ് ഇത്തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ആദ്യമായാണ് ഒരു തെലുങ്ക് താരം മികച്ച നടനുള്ള അവാര്‍ഡ് നേടുന്നത്. തനിക്ക് അവാര്‍ഡ് കിട്ടാത്തതിലും അല്ലുവിന് അവാര്‍ഡ് കിട്ടിയതില്‍ ദുഃഖത്തിലാണ് അനുപം ഖേര്‍ എന്ന തരത്തിലുള്ള കമന്റുകളും ഇപ്പോള്‍ വൈറലാകുന്നുണ്ട്.

അതേസമയം, കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ച് പറഞ്ഞ സിനിമയ്‌ക്കെതിരെ വിവാദങ്ങളും ഉയര്‍ന്നിരുന്നു.  കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനും കൊലപാതകത്തിനും കാരണം ആര്‍ട്ടിക്കിള്‍ 370 ആണെന്ന് സിനിമയിലൂടെ വിവേക് അഗ്‌നിഹോത്രി സ്ഥാപിച്ചത് സര്‍ക്കാരിനെ കൂടി വെള്ള പൂശുന്നത് പോലെയാണ് എന്ന വിവാദങ്ങള്‍ ആയിരുന്നു ഉയര്‍ന്നത്.