എന്തുകൊണ്ടാണ് കങ്കണയെ സംസാരിക്കാന്‍ അനുവദിക്കാത്തത്? അവള്‍ ധീരയായ പെണ്‍കുട്ടി: അനുപം ഖേര്‍

കങ്കണ റണാവത്തിനെ അഭിനന്ദിച്ച് നടന്‍ അനുപം ഖേര്‍. കങ്കണ ധീരയായ പെണ്‍കുട്ടിയാണ്, സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറയുന്നവര്‍ നടിയുടെ വിജയത്തെ അഭിമാനത്തോടെ ആഘോഷിക്കണം. കൂടെ ജോലി ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച സംവിധായികയാണ് കങ്കണയെന്നും അനുപം ഖേര്‍ വ്യക്തമാക്കി.

എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതു പോലെ എന്തുകൊണ്ടാണ് നമ്മള്‍ അവള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കാത്തത്? 534 സിനികളില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അവര്‍ എന്നാണ് അനുപം ഖേര്‍ പറയുന്നത്.

കങ്കണയുടെ വിവാദ പരാമര്‍ശത്തോടും അനുപം ഖേര്‍ പ്രതികരിച്ചു. രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം അഭിനേതാക്കളോട് പ്രേക്ഷകര്‍ക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള കങ്കണയുടെ പരാമര്‍ശം വിവാദമായിരുന്നു. ‘പത്താന്‍’ സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് ആയിരുന്നു കങ്കണയുടെ ട്വീറ്റ്.

കലയ്ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നും മതത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്നും താന്‍ കരുതുന്നു. മതത്തെ അടിസ്ഥാനമാക്കിയല്ല, കലയെ അടിസ്ഥാനമാക്കിയാണ് ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്. സിനിമ കണ്ട് മന്ദിറിലോ മസ്ജിദിലോ ഗുരുദ്വാരയിലോ പോകാറില്ല.

നിങ്ങളുടെ മതത്തില്‍ വിശ്വാസമുള്ളതു കൊണ്ടാണ് നിങ്ങള്‍ പോകുന്നത് എന്നായിരുന്നു അനുപം ഖേറിന്റെ മറുപടി. കങ്കണ സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’ എന്ന സിനിമയിലാണ് അനുപം ഖേര്‍ അഭിനയിക്കുന്നത്. ജയപ്രകാശ് നാരായണനെയാണ് അനുപം ഖേര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.