'കാമസൂത്രയിലെ സെക്‌സ് പൊസിഷനുകള്‍ കാണിക്കണം'; റിയാലിറ്റി ഷോ വിവാദത്തില്‍, നടന്‍ അജാസ് ഖാനെതിരെ പ്രതിഷേധം

മത്സരാര്‍ത്ഥികളോട് സെക്‌സ് പൊസിഷന്‍ അനുകരിക്കാന്‍ പറഞ്ഞ റിയാലിറ്റി ഷോയ്‌ക്കെതിരെ പ്രതിഷേധം. നടന്‍ അജാസ് ഖാന്‍ അവതരിപ്പിച്ച ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോയാണ് വിവാദമായിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഉല്ലു ആപ്പിലാണ് ഈ റിയാലിറ്റി ഷോ എത്തിയത്. ഇത് നിരോധിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്ത ഒടിടി ആപ് നിരോധിക്കാത്തതിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പിന്നാലെ സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. ഏകദേശം രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോയിലെ ക്ലിപ്പ് എക്സില്‍ പങ്കുവച്ചാണ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചത്.

”അശ്ലീലവും അസഭ്യവും നിറഞ്ഞ ഉള്ളടക്കം സ്ട്രീം ചെയ്തതിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ ഇത്തരം ഉള്ളടക്കം അവതരിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ടവയായ ഉല്ലു ആപ്, ആള്‍ട്ട് ബാലാജി എന്നിവ വിലക്കില്‍ നിന്ന് രക്ഷപ്പെട്ടെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഞാന്‍ ഉന്നയിച്ചിട്ടുണ്ട്. അവരുടെ മറുപടിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്” എന്നാണ് പ്രിയങ്ക ചതുര്‍വേദി കുറിച്ചത്.

റിയാലിറ്റി ഷോയില്‍ കാമസൂത്രയിലെ വിവിധ സെക്‌സ് പൊസിഷനെ കുറിച്ച് ഒരു മത്സരാര്‍ത്ഥിയോട് അജാസ് ഖാന്‍ ചോദിക്കുന്നതാണ് പ്രിയങ്ക ചതുര്‍വേദി പങ്കുവച്ച വീഡിയോയിലുള്ളത്. തുടര്‍ന്ന് മറ്റു മത്സരാര്‍ഥികളോട് ഈ പൊസിഷന്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്. ഇതിനെതിരെയാണ് വ്യാപക വിമര്‍ശനമുയരുന്നത്.

Read more

ഇത്തരത്തിലുള്ള പരിപാടിയില്‍ പങ്കെടുക്കുത്തതിന് നടന്‍ അജാസ് ഖാനെതിരെയും വിമര്‍ശനമുണ്ട്. അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിങ് നിരോധിക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ഏപ്രില്‍ 28ന് സുപ്രീം കോടതി കേന്ദ്രത്തിനും ഒടിടിക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും നോട്ടീസ് അയച്ചിരുന്നു.