ട്രെയ്‌ലര്‍ എത്തിയതിന് പിന്നാലെ ആമിര്‍ ഖാന്റെ ‘സിത്താരേ സമീന്‍ പര്‍’ ചിത്രത്തിന് വ്യാപക വിമര്‍ശനം. ‘ചാമ്പ്യന്‍സ്’ എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് സിത്താരേ സമീന്‍ പര്‍ എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘താരേ സമീന്‍ പര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് സിത്താരേ സമീന്‍ പര്‍ എത്തുന്നത്. എന്നാല്‍ ആദ്യ ഭാഗവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഡൗണ്‍ സിന്‍ഡ്രോമുളള കൗമാരക്കാരെ ബാസ്‌ക്കറ്റ്‌ബോള്‍ പഠിപ്പിച്ച് മത്സരത്തിന് തയാറാക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാധ്യാപകന്റെ വേഷമാണ് ആമിര്‍ ഖാന്‍ ചെയ്യുന്നത്. സ്പാനിഷ് ചിത്രത്തിന്റെ സീന്‍ ബൈ സീന്‍ കോപ്പി ആണെന്നും ഒരു മാറ്റവുമില്ലാതെയാണ് ആമിര്‍ ഹിന്ദിയിലേക്ക് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് പ്രധാന വിമര്‍ശനം.
ടോം ഹാങ്ക്‌സിന്റെ ‘ഫോറസ്റ്റ് ഗംപ്’ ചിത്രത്തിന്റെ റീമേക്ക് ആയിരുന്ന ‘ലാല്‍ സിങ് ഛദ്ദ’ പരാജയപ്പെട്ടിട്ടും ആമിര്‍ ഖാനെ പോലെ ഒരു നടന്‍ എന്തിനാണ് വീണ്ടും റീമേക്കുകള്‍ക്ക് പിന്നാലെ പോകുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്നാല്‍ നല്ല അഭിപ്രായങ്ങളും ട്രെയ്ലറിന് ലഭിക്കുന്നുണ്ട്.
The trailer of #SitareZameenPar was dull and looks like scene to scene copy of original Champions trailer. pic.twitter.com/FASFtuDMib
— 𝐀-𝐊 (@IAmitAk_) May 13, 2025
ആമിര്‍ ഖാന്റെ തിരിച്ചുവരവ് ഈ സിനിമയിലൂടെ പ്രതീക്ഷിക്കാമെന്നും ട്രെയ്ലറില്‍ നടന്‍ തകര്‍ത്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. എല്ലാവരും ആക്ഷന്‍, വയലന്‍സ് സിനിമകളുടെ പിന്നാലെ പോകുമ്പോള്‍ ഒരു സിംപിള്‍ ഫീല്‍ ഗുഡ് ഡ്രാമയിലൂടെ എങ്ങനെ ഹിറ്റടിക്കാമെന്ന് ആമിര്‍ കാണിച്ചുതരുമെന്നും കമന്റുകളുണ്ട്. ചിത്രത്തില്‍ നടി ജെനീലിയ ദേശ്മുഖും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
‘ശുഭ് മംഗള്‍ സാവ്ധാന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍എസ് പ്രസന്നയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശര്‍മ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ശങ്കര്‍ -എഹ്‌സാന്‍ -ലോയ് ആണ് സംഗീതം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിര്‍ ഖാന്‍ സിനിമയാണിത്. ആമിര്‍ ഖാന്‍ ടാക്കീസ് നിര്‍മ്മിച്ച ചിത്രം ജൂണ്‍ 20ന് ആണ് റിലീസ് ചെയ്യുന്നത്.