തലൈവരുടെ ജയിലറുമായി മലയാളം ജയിലർ എങ്ങനെ താരതമ്യം ചെയ്യാൻ പറ്റും? ട്രോളുകൾക്ക് മറുപടിയുമായി ബിനു അടിമാലി

രജനി ചിത്രം ജയിലർ പുറത്തിറങ്ങുന്നതിന് മുന്നോടിയായി വാർത്തകളിൽ നിറഞ്ഞ മലയാള ചിത്രമാണ് ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ മലയാളത്തിലെ ‘ജയിലർ’. രജനികാന്തിന്റെ ജയിലറുമായി മലയാളത്തിലെ ജയിലർ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് പറയുകയാണ് നടൻ ബിനു അടിമാലി. സക്കീർ മഠത്തിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ബിനു അടിമാലിയും ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു.

ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സിനിമ ചെയ്യുന്നതെന്നും സ്‌ക്രീനിൽ കണ്ടപ്പോൾ ചെയ്തുവച്ചതിനേക്കാൾ രസകരമായി തോന്നിയെന്നും നടൻ പറഞ്ഞു. ചിത്രം കണ്ടിറങ്ങിയ ശേഷം സില്ലി മോങ്ക്സിനോട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

രജനികാന്തിന്റെ ജയിലറുമായി ബന്ധപ്പെടുത്തി ചില ട്രോളുകൾ വന്നിരുന്നത് ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് താരം മറുപടി പറഞ്ഞത്. അതൊന്നും നമ്മൾ ശ്രദ്ധിക്കുന്നില്ല, അത് നമ്മുടെ തലൈവരുടെ പടം. അത് ഇതുമായി താരതമ്യം ചെയ്യാൻ പറ്റില്ലല്ലോ, അങ്ങനെ ചെയ്യാൻ പാടില്ലല്ലോ. ഇത് മലയാളത്തിലെ ജയിലർ, അത് തമിഴിലെ ജയിലർ എന്ന് നടൻ പറഞ്ഞു.

ഓഗസ്റ്റ് 18 നാണ് ധ്യാൻ ശ്രീനിവാസൻ നായകനായ ജയിലർ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പിരീഡ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് കാണിക്കുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിൽ നായിക. മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.