ധൂർത്തനെന്നും ആർത്തിക്കാരനെന്നും ആരോപണം; വിമര്‍ശനങ്ങളില്‍ മുഖ്യപങ്കും നല്ല ചിന്തയിൽ നിന്നല്ല, അവഗണിക്കുന്നവെന്ന് മോഹൻലാൽ

തനിക്കുനേരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ. തനിക്കുനേരെ വരുന്ന വിമർശനങ്ങൾ മുഖ്യ പങ്കും സർഗാത്മകമല്ല. അത് നല്ല ചിന്തയിൽ നിന്നും ഉണ്ടാകുന്നതല്ല. അതുകൊണ്ടുതന്നെ അവയെ അവഗണിക്കുകയാണെന്നും താരം പറഞ്ഞു.

ഞാന്‍ വലിയ സമ്പന്നനാണെന്നും ധൂര്‍ത്തനാണെന്നും പണത്തിന് ആര്‍ത്തിയുള്ളവനാണ് എന്നുമാണ് ഒരു പ്രധാന ആരോപണം. പെരുപ്പിച്ചു പറയുന്നത്ര വലിയ സമ്പത്തൊന്നുമില്ലെങ്കിലും ചെറിയ തോതില്‍ സമ്പത്തുണ്ട്. ഇത്രയും കാലത്തെ എന്റെ അദ്ധ്വാനത്തിന്റെ സമ്പാദ്യമാണത്. പിന്നെ തെറ്റിദ്ധാരണ ധാരാളമുണ്ടെന്നും താരം പറഞ്ഞു.

, ‘കണ്ണന്‍ ദേവന്‍ നിങ്ങളുടേതാണോ, അതില്‍ ഷെയറുണ്ടോ, പങ്കജകസ്തൂരി നിങ്ങളുടേതാണോ?’ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. പല സ്ഥലത്തും ആളുകള്‍ പറയുന്നുണ്ട്, ആ സ്ഥലം മോഹന്‍ലാല്‍ വാങ്ങിയതാണ്, ഈ വീട് മോഹന്‍ലാലിന്റേതാണ് എന്നൊക്കെ. അങ്ങനെയൊന്നുമില്ലെന്ന് താരം വ്യക്തമാക്കി.

ഈ അടുത്ത കാലത്താണ് ഞാന്‍ പണം കൃത്യമായി സ്വരൂപിക്കാന്‍ തുടങ്ങിയത്. എന്റെ സമ്പാദ്യത്തിന്റെ മുഖ്യഭാഗവും ഞാന്‍ സിനിമയില്‍ത്തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. അതില്‍ ലാഭത്തിലധികം നഷ്ടമുണ്ടായിട്ടുണ്ട്. കോടിക്കണക്കിനു രൂപ. സിനിമയില്‍ പണം നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചെടുക്കലുകളില്ലെന്നും മോഹൻലാൽ പറഞ്ഞു. മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ഋതുമര്‍മരങ്ങളിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.