മരിച്ചവരെ തിരികെ കൊണ്ടുവരുന്ന ടൊരാജൻമാർ; എന്താണ് ഇന്തോനേഷ്യയിലെ 'ഡെഡ് ബോഡി' ഫെസ്റ്റിവൽ?

ചിലർ പൂക്കളുമായി ശവകുടീരങ്ങൾ സന്ദർശിക്കുന്നു, മറ്റ് ചിലർ അവർ മരിച്ച ദിവസത്തിൽ അവർക്കായി ചടങ്ങുകൾ നടത്തുന്നു, അവരുടെ പേരിൽ ട്രസ്റ്റുകളോ നല്ല കാര്യങ്ങളോ ചെയ്യുന്നു… ഈ ലോകത്ത് മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ ആദരിക്കാൻ ആളുകൾ നിരവധി മാർഗങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇന്തോനേഷ്യയിലെ ഒരു സ്ഥലത്ത് മരണത്തെ വളരെ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്ന ഒരു സമൂഹമുണ്ട്. കണ്ടാൽ അത്ഭുതപ്പെട്ടുപോകുന്ന വിചിത്രമായ ഈ ആഘോഷം ‘മാനെനെ ഫെസ്റ്റിവൽ’ അല്ലെങ്കിൽ ‘ഡെഡ് ബോഡി ഫെസ്റ്റിവൽ’ എന്നാണ് അറിയപ്പെടുന്നത്.

സുലവേസിയിലെ താനാ ടൊരാജ മേഖലയിലാണ് ഈ ആഘോഷം നടക്കാറുള്ളത്. ആളുകൾ അവരുടെ പൂർവ്വികരുടെ മൃതദേഹങ്ങൾ ഏതാനും വർഷത്തിലൊരിക്കൽ അവരുടെ ശവക്കുഴികളിൽ നിന്ന് എടുത്ത് വൃത്തിയാക്കുകയും നല്ല വസ്ത്രം ധരിപ്പിച്ച് അവരെ ഒരുക്കി അവരോടൊപ്പം ആഘോഷിക്കാൻ കൊണ്ടുപോവുകയാണ് ചെയ്യുക. പുറത്തു നിന്നുള്ളവർക്ക് ഇത് ഭയപ്പെടുത്തുന്ന ഒരു സംഭവമായി തോന്നിയേക്കാം. എന്നാൽ ടൊരാജൻ ജനതയെ സംബന്ധിച്ചിടത്തോളം ഇത് സ്നേഹം, ബഹുമാനം, കുടുംബത്തിന്റെ ഐക്യം എന്നിവയുടെയൊക്കെ പ്രതീകമാണ്.

Ma'Nene Tradition in Tana Toraja to Respect the Ancestors | Authentic  Indonesia Blog

Image credit: Google

മരണം ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് മറ്റൊരു യാത്രയുടെ തുടക്കം മാത്രമാണെന്നാണ് ടൊരാജൻ ജനത വിശ്വസിക്കുന്നത്. തങ്ങളുടെ പൂർവ്വികരുടെ ആത്മാക്കൾ തങ്ങളെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ വിശ്വസിക്കുന്നു. ഈ വിശ്വാസം കാരണം അവർക്ക് മരണത്തെ ഭയമില്ല. പകരം, അവർ അതിനെ സന്തോഷത്തോടെ ആദരിക്കുകയാണ് ചെയ്യുന്നത്. ഏതാനും വർഷങ്ങൾ കൂടുമ്പോഴാണ് മാനെനെ ഉത്സവം നടക്കുന്നത്. സാധാരണയായി വിളവെടുപ്പ് സീസണിന് ശേഷമാണ് നടത്താറുള്ളത്.

കുടുംബങ്ങൾക്ക് ഒരുമിച്ച് ആഘോഷിക്കാൻ മതിയായ സമയവും വിഭവങ്ങളും ലഭിക്കുന്ന ഒരു സമയമാണിത്. ഉത്സവം അടുക്കുമ്പോൾ അടുത്തുള്ളതും അകലെയുള്ളതുമായ നിരവധി കുടുംബങ്ങൾ ഒത്തുകൂടാറുണ്ട്. മരിച്ച ബന്ധുക്കളുടെ ശവക്കുഴികൾ വൃത്തിയാക്കി, അവർക്കുള്ള പുതിയ വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആഭരണങ്ങൾ എന്നിവ തയ്യാറാക്കിക്കൊണ്ടാണ് ആഘോഷം ആരംഭിക്കുന്നത്. ഒരു കുടുംബ സംഗമം പോലെ സന്തോഷത്തോടെയാണ് ഇവർ ഏതെല്ലാം ചെയ്യുക എന്നതാണ് പ്രത്യേകത. ആരും ഈ സമയത്ത് ദുഖിച്ചിരിക്കാറില്ല. മാത്രമല്ല, കൊച്ചുകുട്ടികൾ മുതൽ വയസായവർ വരെ ഇതിൽ പങ്കാളികളാകും.

Knowledgetour - toraja culture in indonesia

Image credit: Google

ഈ വിശേഷ ദിനത്തിൽ ബന്ധുക്കൾ ശവപ്പെട്ടികൾ മെല്ലെ തുറക്കുകയും പരമ്പരാഗത രീതികൾ ഉപയോഗിച്ച് വർഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ശ്രദ്ധാപൂർവ്വം പുറത്തെടുക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങൾ മൃതദേഹങ്ങൾ വൃത്തിയാക്കി, മുടി ചീകി, പുതിയതും മനോഹരവുമായ വസ്ത്രങ്ങൾ ധരിപ്പിക്കുന്നു. ചിലർ അവരെ സൺഗ്ലാസുകളോ ആഭരണങ്ങളോ തൊപ്പികളോ ധരിപ്പിക്കാറുമുണ്ട്. മാത്രമല്ല വിശിഷ്ടാതിഥികളെപ്പോലെയാണ് അവരെ പരിഗണിക്കുന്നത്. മാത്രമല്ല, ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന മട്ടിൽ ബന്ധുക്കൾ അവരോടു സംസാരിക്കുകയും അനുഗ്രഹങ്ങൾക്ക് നന്ദി പറയുകയും ഭാവിയിലേക്കുള്ള കാര്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു.

പിന്നീട്, ഗ്രാമവാസികൾ മൃതദേഹങ്ങൾ തെരുവുകളിലൂടെ പതുക്കെ ആദരപൂർവ്വം ഘോഷയാത്രയായി കൊണ്ടുപോകുന്നു. സംഗീതം, ചിരി എന്നിവ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കും. പുറത്തുള്ളവർക്ക് ഇത് വിചിത്രമായി തോന്നുമെങ്കിലും ടോരാജൻസിന് ഇത് സന്തോഷത്തിന്റെ ഒരു നിമിഷമാണ്. തങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിൽ തങ്ങളുടെ പൂർവ്വികരുടെ ആത്മാക്കൾ വീണ്ടും സന്തോഷിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു. മരണശേഷവും സ്നേഹം മങ്ങില്ലെന്ന് കാണിക്കാനുള്ള ഒരു മാർഗമാണിത്.

Indonesia's Toraja, the land celebrating the living dead - Part 2

Image credit: Google

ആഘോഷം അവസാനിക്കുമ്പോൾ ബന്ധുക്കൾ മൃതദേഹങ്ങൾ ശ്രദ്ധാപൂർവ്വം അവരുടെ ശവക്കുഴികളിലേക്ക് തിരികെ വയ്ക്കുന്നു. പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് പ്രാർത്ഥനകളാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷത്തിലായിരിക്കും ഇത് നടത്തുക. ഇന്തോനേഷ്യയിലെ മാനെനെ ഉത്സവം ഒരു ആചാരം മാത്രമല്ല, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു കഥ കൂടിയാണ്. സ്നേഹത്തിനും ബഹുമാനത്തിനും മരണത്തിന്റെ അതിരുകൾ പോലും മറികടക്കാൻ കഴിയുമെന്ന് ഈ ആഘോഷം പഠിപ്പിക്കുന്നു. ടോരാജൻ ജനതയെ സംബന്ധിച്ചിടത്തോളം മരണം ഭയപ്പെടേണ്ട ഒന്നല്ല, മറിച്ച് മനസ്സിലാക്കാനും ആഘോഷിക്കാനുമുള്ള ഒന്നാണ്.

Read more