സമയത്തെ കൈപിടിയിലാക്കിയ 'റോളക്സ്' !

റോളക്‌സ്… വളരെ പരിചിതമായ ഒരു പേര് അല്ലെ? കമലഹാസൻ ചിത്രം വിക്രത്തിൽ സൂര്യ റോളക്സ് എന്ന കഥാപാത്രമായി വന്നത് മുതലിങ്ങോട്ട് ഈ പേരിന് ആരാധകരും ഏറെയാണ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഒരു അനാഥബാലൻ കെട്ടിപ്പടുത്ത ആഡംബര വാച്ച് നിർമാണ കമ്പനിയായ ‘റോളക്‌സ്‌’ ജനഹൃദയങ്ങൾ ഇന്നും കീഴടക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് അറിയാമോ ?

വിപണിയിൽ ലഭ്യമായ ഏറ്റവും ആഡംബരവും ചെലവേറിയതുമായ വാച്ചുകളിൽ ഒന്നാണ് ‘റോളക്‌സ്’ എന്ന കാര്യം ആഡംബര വാച്ചുകളെ കുറിച്ച് അറിയുന്ന ഏതൊരു വ്യക്തിയും സമ്മതിക്കും. കൂടാതെ ഒരു നൂറ്റാണ്ടിലേറെയായി ലോകമെമ്പാടും പ്രശസ്തമായ ഈ ബ്രാൻഡ് കൾട്ട് ക്ലാസിക് ആണ്. ലോകത്തിലെ മുൻനിര ആഡംബര ബ്രാൻഡുകളിലൊന്നാണ് റോളക്സ്. മികച്ച മേക്കിങ്ങിനും കുറ്റമറ്റ ഗുണനിലവാരത്തിനും പേരുകേട്ട റോളക്സ് 1905-ൽ ഹൻസ് വിൽസ്‌ഡോർഫും ആൽഫ്രഡ് ഡേവിസും ചേർന്നാണ് സ്ഥാപിച്ചത്.

1881 മാർച്ച് 22 ന് ജർമ്മനിയിലെ കുബാക്കിൽ അന്ന ജൊഹാൻ ഡാനിയൽ ഫെർഡിനാൻഡ് വിൽസ്‌ഡോർഫ് ദമ്പതികളുടെ മൂൺ മക്കളിൽ രണ്ടാമനായാണ് ഹൻസ് വിൽസ്‌ഡോർഫ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജൊഹാൻ ഡാനിയൽ ഫെർഡിനാൻഡ് വിൽസ്‌ഡോർഫ് ഒരു ഹാർഡ്‌വെയർ സ്റ്റോറിന്റെ ഉടമയായിരുന്നു. ഹൻസിനു പതിനൊന്ന്, പന്ത്രണ്ടു വയസ്സുള്ളപ്പോഴായിരുന്നു അവന്റെ മാതാപിതാക്കളുടെ മരണം. ഇതോടെ മൂന്ന് കുട്ടികളും ഒറ്റപ്പെട്ടു. ദാരിദ്ര്യം ഉൾപ്പടെ വലിയ ബുദ്ധിമുട്ടുകൾ ഇവർക്ക് ജീവിതത്തിൽ നേരിടേണ്ടി വരികയും ചെയ്തു.

പക്ഷേ, ഹൻസിന്റെ അമ്മാവന്മാർ ഇവരെ ഏറ്റെടുക്കാൻ തയ്യാറാവുകയും മൂന്ന് പേരെയും പഠിപ്പിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതിനാൽ കുടുംബസ്വത്ത് വിറ്റ് അവനെയും സഹോദരങ്ങളെയും നല്ല വിദ്യാഭ്യാസം ലഭിക്കാൻ സഹായിച്ചു. ഇവർ ഹൻസിനെ കുറച്ചകലെയുള്ള ഒരു ബോർഡിങ് സ്കൂളിലാക്കി. അപ്രതീക്ഷിതമായി നടന്ന മാതാപിതാക്കളുടെ മരണവും സഹോദരങ്ങളിൽ നിന്നകന്ന് നിൽക്കുന്നതുമെല്ലാം ആ കുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. പന്ത്രണ്ടാം വയസിൽ ബോർഡിങ് സ്കൂളിൽ എത്തിയ ഹൻസിന് കുറച്ചു കളിയാക്കലുകളും ഒക്കെ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പഠനത്തിൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോയി. കണക്കിലും ഭാഷാ പഠനങ്ങളിലും മിടുക്കനായിരുന്ന ഹൻസ് ആ സ്കൂളിലെ മികച്ച വിദ്യാർത്ഥിയായി പുറത്തിറങ്ങി.

പഠനം കഴിഞ്ഞ് തന്റെ പത്തൊൻപതാം വയസിൽ സ്വിറ്റ്സർലൻഡിലേക്ക് പോയ ഹൻസ് അവിടെ ഒരു മുത്ത് വ്യാപാരിയുടെ കൂടെ അപ്രെന്റിസ് ആയി ജോലിക്ക് കയറി. എന്നാൽ പിന്നീട് തന്റെ സ്കൂൾകാലഘട്ടത്തിൽ ഒരു സുഹൃത്ത് പറഞ്ഞിരുന്ന, സ്വിറ്റ്സർലൻഡിലെ ലിഷോ ഡിഫോ എന്ന വാച്ച് നിർമാണത്തിന് വളരെ പ്രസിദ്ധമായ, ആ സ്ഥലത്തേക്ക് ജോലിക്കായി പോയി. വാച്ച് നിർമാണവും അതിന്റെ വിതരണവും ഒക്കെ ഉൾപ്പെടുന്ന ബിസിനസ് പഠിച്ചെടുക്കുക എന്നതായിരുന്നു ഹൻസിന്റെ ലക്ഷ്യം. രണ്ട് വർഷം അദ്ദേഹം കുനോ കോർട്ടൻ എന്ന വാച്ച് നിർമാണ കമ്പനിയിൽ ജോലി ചെയ്തു.

അതിനിടെ ഹൻസിന്‌ നിർബന്ധിത സൈനിക സേവനം ചെയ്യേണ്ടി വരികയും ശേഷം 1903-ൽ ഹാൻസ് വിൽസ്‌ഡോർഫ് ഒരു പുതിയ ജീവിതം തുടങ്ങാൻ ലണ്ടനിലെത്തുകയും ചെയ്തു. ഇതിനിടെ ഫ്ലോറൻസ് ഫ്രാൻസിസ് എന്ന യുവതിയെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു. ഹാൻസ് വിൽസ്ഡോർഫിന്റെ ഭാര്യയ്ക്ക് അദ്ദേഹത്തിന്റെ വിജയത്തിൽ വലിയ പങ്കുണ്ട്. ഭാര്യയുടെ സഹായത്തോടെയാണ് അദ്ദേഹം ലണ്ടനിൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചത്.

വ്യത്യസ്തമായ ഒരു റിസ്റ്റ് വാച്ച് നിർമ്മിക്കാൻ ഹൻസ് വളരെ നാളുകളായി സ്വപ്നം കണ്ടിരുന്നു. എന്നാൽ അതിനുവേണ്ടി ഹാൻസിന്റെ കയ്യിൽ ആവശ്യത്തിന് പണമില്ലായിരുന്നു. ഫ്ലോറൻസിന്റെ സഹോദരനായ ആൽഫ്രഡ് ഡേവിസിനോട് ഹാൻസിന്റെ ആശയം പറയുകയും ആൽഫ്രഡിന് ഈ ആശയം ഇഷ്ടപ്പെടുകയും പദ്ധതികളിൽ നിക്ഷേപിക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 1905 ൽ വിൽഡോർഫ് ആൻഡ് ഡേവിസ് ലിമിറ്റഡ് എന്ന പേരിൽ ഇരുവരും ചേർന്ന് ഒരു വാച്ച് നിർമാണ കമ്പനി തുടങ്ങി.

തുടക്കത്തിൽ ഹാൻസ് വിൽസ്‌ഡോർഫും ആൽഫ്രഡ് ഡേവിസും സാധാരണക്കാർക്കായി പോക്കറ്റ് വാച്ച് പുറത്തിറക്കി. നീളത്തിൽ ചെറിയ ചങ്ങലയിൽ കോർത്ത ഒരു രൂപമായിരുന്നു ഇതിന്. റിസ്റ്റ് വാച്ചുകൾ സ്ത്രീകളായിരുന്നു അന്ന് ധരിച്ചിരുന്നത്. പോക്കറ്റ് വാച്ചുകളെക്കാൾ റിസ്റ്റ് വാച്ചുകൾ തന്നെയാണ് ഭാവിയിൽ ഉണ്ടാവുക എന്ന തിരിച്ചറിവിൽ പുരുഷന്മാർക്കായി റിസ്റ്റ് വാച്ചുകൾ ഉണ്ടാക്കാൻ ഹൻസ് തീരുമാനിച്ചു.

വെറും മൂന്ന് വർഷത്തിനുള്ളിൽ ബ്രാൻഡ് യുകെയിലുടനീളം അംഗീകാരം നേടി തുടങ്ങി. കമ്പനിയുടെ പേര് നീളമേറിയതിനാൽ അത് വാച്ചിനുള്ളിൽ ചുരുക്കി എഴുതാൻ പാകത്തിന് 1908 ൽ ബ്രാൻഡിന്റെ പേര് മാറ്റാൻ ഹാൻസ് തീരുമാനിച്ചു. ഉച്ചരിക്കാൻ എളുപ്പമാണെന്നും ഓർത്തിരിക്കാൻ കഴിയുമെന്നും കരുതി ഹാൻസ് ‘റോളക്‌സ്’ എന്ന് പേര് ഇട്ടു. ഉടൻ തന്നെ വിൽഡോർഫ് ആൻഡ് ഡേവിസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ ഒരു ട്രേഡ്മാർക്കായി ഈ പേര് രജിസ്ട്രാർ ചെയ്തു. പിന്നീട് വാച്ചുകൾ ‘റോളക്‌സ്‌’ എന്ന പേരിൽ വാച്ചുകൾ പുറത്തിറക്കി തുടങ്ങി.

1910-ലാണ് റോളക്സ് ആദ്യത്തെ റിസ്റ്റ് വാച്ച് നിർമ്മിച്ചത്. അത് ‘വാച്ച് ഒബ്സർവേഷൻ ബ്യൂറോ’യ്ക്ക് സമ്മാനിക്കുകയും ചെയ്തു. ക്ലോക്കിന്റെ കൃത്യത പരിശോധിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതോടെ റോളക്‌സ് എല്ലാവരെയും ഞെട്ടിച്ചു. സ്വിസ് ക്രോണോമീറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ചരിത്രത്തിലെ ആദ്യത്തെ റിസ്റ്റ് വാച്ചായി ഇത് മാറുകയും ചെയ്തു. മികച്ച ക്വാളിറ്റിയും കൃത്യതയും ചേർന്ന വാച്ചുകൾ ആയതിനാൽ തന്നെ ഇവയുടെ വിലയും കൂടുതലായിരുന്നു. വാച്ചുകൾ വാങ്ങിയിരുന്നത് മിക്കപ്പോഴും പണക്കാരായിരുന്നു.

ഒന്നാം ലോകമഹായുദ്ധസമയത്ത് പല കമ്പനികൾ തകർന്നു. എന്നാൽ ഈ സമയം ഹൻസ് മുതലാക്കി. സൈനികർക്ക് വളരെ സൗകര്യപ്രദമായ ഒന്നായി റോളക്സ് വാച്ചുകൾ ഇതോടെ മാറി. എന്നാൽ ഇതിനിടെ ലണ്ടനിൽ ചില സാമ്പത്തിക പ്രശനങ്ങളും ബിസിനസ് സംബന്ധമായ ചില പ്രശ്‍നങ്ങളുമുണ്ടായതിനാൽ ഹൻസ് ലണ്ടനിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് റോളക്സ് പറിച്ചു നട്ടു. 1926ൽ റോളക്‌സ് ആദ്യമായി വാട്ടർപ്രൂഫ്, ഡസ്റ്റ് പ്രൂഫ് റിസ്റ്റ് വാച്ചുകളുടെ സൃഷ്ടി വാച്ച് മേഖലയിൽ ഒരു വിപ്ലവമായ മാറി. ‘ഓയിസ്റ്റർ’ എന്നായിരുന്നു ഈ വാച്ചിന്റെ പേര്. ഇത് റോളക്സ് കമ്പനിക്ക് വളരെയധികം ലാഭം ഉണ്ടാക്കികൊടുകയും ചെയ്തു.

1944 ൽ അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടു . ഈ സമയത്ത് തന്നെയായിരുന്നു രണ്ടാം ലോകമഹായുദ്ധവും. ഈയൊരു സമയത്തും വലിയ രീതിയിൽ സാമ്പത്തികപ്രശ്ങ്ങൾ ഉണ്ടായി. എന്നാൽ ഈ സമയത്ത് ഒരു ചാരിറ്റി ഫൗഡേഷൻ നിർമിക്കാനും അതിന് കീഴിൽ റോളക്‌സിനെ കൊണ്ടുവരാനും അദ്ദേഹം തീരുമാനിച്ചു. വിൽസ്‌ഡോർഫ് ഫൗണ്ടേഷൻ എന്ന പേരിൽ ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങുകയും അതിനു കീഴിൽ റോളക്സ് പ്രവർത്തിക്കാനും തുടങ്ങി.

പിന്നീട് ഓയ്‌സ്റ്റർ പെർപെച്വൽ, സബ്‌മറൈനർ, ഡേറ്റ്‌ജസ്റ്റ്, ഡേഡേറ്റ്, തുടങ്ങിയ നിരവധി ഐക്കണിക് മോഡലുകളും അവതരിപ്പിച്ചു. പണക്കാർ മോഡലുകൾ എല്ലാം സ്വന്തക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഈ സമയമെല്ലാം. ഈ ശേഖരങ്ങൾ റോളക്‌സിനെ ലോകത്തിലെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വാച്ച് ബ്രാൻഡുകളിലൊന്നാക്കി മാറ്റി. അങ്ങനെ ആ അനാഥബാലൻ സ്വപ്നം കണ്ട പോലെ ജീവിതത്തിൽ വിജയിച്ചു. 1960 ലാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹം മരിച്ചിട്ടും റോളക്സ് എന്ന ആഡംബര വാച്ചിന്റെ തിളക്കം ഇന്നും നഷ്ടപ്പെടാതെ നിലനിൽക്കുകയാണ്. ആഡംബര വാച്ചുകൾ എന്നതിനപ്പുറത്തേക്ക് ഒരു നിക്ഷേപമെന്ന രീതിയിലും ആളുകൾ ഇവ വാങ്ങി വയ്ക്കാറുണ്ട് എന്നത് തന്നെ വർഷങ്ങൾ കഴിഞ്ഞാലും ഇവയുടെ പ്രശസ്തിയും വിലയും കുറയാൻ പോകുന്നില്ല എന്നതിന് തെളിവാണ്.