'ദേശസ്‌നേഹമെന്നാല്‍ വര്‍ഗീയവാദമാണെന്ന ബോധം ഇവിടെ വല്ലാതെ വേരുറച്ചു പോയിരിക്കുന്നു'; വൈറലായി യുവാവിന്റെ കുറിപ്പ്

ഏതു വിഷയമെടുത്താലും അതില്‍ വര്‍ഗ്ഗീയത കലര്‍ത്തുന്ന മലയാളികള്‍ക്കെതിരെ വിമര്‍ശനവുമായി യുവാവിന്റെ കുറിപ്പ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ കളക്ടര്‍ അനുപമ വിലക്കിയപ്പോള്‍ ക്രിസ്തുമത വിശ്വാസിയായ ക്ലിന്‍സണ്‍ പോളിന്റെ ഭാര്യയായ അനുപമ, ഹിന്ദുക്കളെ ദ്രോഹിക്കുന്നതിനു വേണ്ടി കൈക്കൊണ്ട തീരുമാനമായിട്ടാണ് അത് വ്യാഖ്യാനിക്കപ്പെട്ടത്. കേരളം മുഴുവന്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍രക്ഷിക്കാന്‍ വേണ്ടി പരിശ്രമിച്ചപ്പോള്‍ അതിലും മതം കലര്‍ത്താനായിരുന്നു ചിലര്‍ക്കു താല്‍പര്യം. ജിഹാദിയുടെ വിത്തെന്നാണ് ആ കുഞ്ഞിനെ വിശേഷിപ്പിച്ചത്.

ബ്രസീലും സൗദി അറേബ്യയും തമ്മില്‍ ഫുട്‌ബോള്‍ മത്സരം വന്നാല്‍,മലപ്പുറം ജില്ലയിലുള്ളവര്‍ മതപരമായ കാരണങ്ങളാല്‍ സൗദിയെ പിന്തുണയ്ക്കുമെന്ന് ധ്വനിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഓള്‍ ഇന്ത്യാ റേഡിയോയില്‍ ജോലി ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ! അതിര്‍ത്തിയില്‍ ഭീകരാക്രമണമുണ്ടാവുമ്പോഴെല്ലാം ഈ നാട്ടിലെ മുസല്‍മാന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടും. ദേശസ്‌നേഹമെന്നാല്‍ വര്‍ഗീയവാദമാണെന്ന ബോധം ഇവിടെ വല്ലാതെ വേരുറച്ചുപോയിരിക്കുന്നുവെന്നും സന്ദീപ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ക്രിസ്ത്യാനികളും മുസ്ലീങ്ങളും സ്വന്തം മതത്തിന്റെ കാര്യം വരുമ്പോള്‍ ഒറ്റക്കെട്ടാണ്.എന്നാല്‍ ഹിന്ദുക്കള്‍ അതുപോലെ സംഘടിതരല്ല.ഇവരെല്ലാം കൂടി ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി.ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു….””

മുകളില്‍പ്പറഞ്ഞ വരികള്‍ നമുക്ക് സുപരിചിതമാണ്.ഈ സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണത്.ആ വിലാപത്തിന്റെ തോത് ദിവസം ചെല്ലുംതോറും വര്‍ദ്ധിച്ചുവരികയാണ്.അതുപോലുള്ള പ്രചരണങ്ങളില്‍ വീണുപോകുന്ന നിഷ്‌കളങ്കരുടെ എണ്ണവും കൂടിവരുന്നു.

ഏറ്റവും പുതിയ ചില ഉദാഹരണങ്ങള്‍ പറയാം.15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു ആംബുലന്‍സ് നമ്മുടെ നിരത്തുകളിലൂടെ ചീറിപ്പാഞ്ഞത് മറന്നിട്ടില്ലല്ലോ.കേരളം മുഴുവന്‍ ആ പിഞ്ചുകുഞ്ഞിനെ മനസ്സുകൊണ്ട് ചേര്‍ത്തുപിടിച്ചപ്പോള്‍ ഒരാള്‍ വേറിട്ട രീതിയില്‍ ചിന്തിച്ചു.ഒന്നുമറിയാത്ത ആ കുരുന്നിനെ “ജിഹാദിയുടെ വിത്ത് ” എന്ന് വിശേഷിപ്പിച്ചു !

ഇതുപോലെ വിഷമയമായ മനസ്സുള്ളവര്‍ കേരളത്തില്‍ ധാരാളമുണ്ട്.സാഹചര്യങ്ങള്‍ വേണ്ടത്ര അനുകൂലമല്ലാത്തതുകൊണ്ട് പലപ്പോഴും തനിനിറം പുറത്തുവരുന്നില്ലെന്നുമാത്രം !

ഒരുപാട് മനുഷ്യരുടെ ജീവനെടുത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ തൂശ്ശൂര്‍ പൂരത്തിന്റെ വിളംബരത്തിന് എഴുന്നള്ളിക്കരുത് എന്ന് കലക്ടര്‍ അനുപമ ഉത്തരവിട്ടത് ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി മാത്രമാണ്.എന്നാല്‍ ക്രിസ്തുമത വിശ്വാസിയായ ക്ലിന്‍സണ്‍ പോളിന്റെ ഭാര്യയായ അനുപമ, ഹിന്ദുക്കളെ ദ്രോഹിക്കുന്നതിനുവേണ്ടി കൈക്കൊണ്ട തീരുമാനമായിട്ടാണ് അത് വ്യാഖ്യാനിക്കപ്പെട്ടത് !

തൃശ്ശൂര്‍ പൂരത്തിന് പോയപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ റിമ കല്ലിങ്കലിനെയും ഇത്തരക്കാര്‍ വെറുതെവിട്ടില്ല.ആള്‍ക്കൂട്ടത്തില്‍ പെട്ടുപോവുന്ന സ്ത്രീകള്‍ പൊതുവായി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് റിമ പറഞ്ഞത്.എന്നാല്‍ “ആഷിഖ് അബുവിന്റെ ഭാര്യ” ആയ റിമ, ഹൈന്ദവ ഉത്സവമായ പൂരം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍ !

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ജാതിമതഭേദമെന്യേ ആളുകള്‍ പങ്കെടുക്കുന്ന ഒരു ഫെസ്റ്റിവലിനാണ് ഇങ്ങനെയൊരു നിറം നല്‍കുന്നത് !

ബ്രസീലും സൗദി അറേബ്യയും തമ്മില്‍ ഫുട്‌ബോള്‍ മത്സരം വന്നാല്‍,മലപ്പുറം ജില്ലയിലുള്ളവര്‍ മതപരമായ കാരണങ്ങളാല്‍ സൗദിയെ പിന്തുണയ്ക്കുമെന്ന് ധ്വനിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഓള്‍ ഇന്ത്യാ റേഡിയോയില്‍ ജോലി ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ! അതിര്‍ത്തിയില്‍ ഭീകരാക്രമണമുണ്ടാവുമ്പോഴെല്ലാം ഈ നാട്ടിലെ മുസല്‍മാന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടും.

സാക്ഷരതയുടെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും പേരില്‍ അഭിമാനംകൊള്ളുന്ന കേരളത്തിന്റെ അവസ്ഥ ഇതാണെങ്കില്‍,മറ്റു സംസ്ഥാനങ്ങളിലെ കാര്യം ഊഹിക്കാമല്ലോ.ഇന്ത്യയുടെ പോക്ക് ശരിക്കും ഭയപ്പെടുത്തുന്നു.

കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഒരു ബാങ്ക് ജീവനക്കാരന്‍, ഇന്ത്യയിലുള്ള മുസ്ലീങ്ങളെ മുഴുവന്‍ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തു ! അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാങ്ക് തീരുമാനിക്കുകയും ചെയ്തു.എന്നാല്‍ ആ ജീവനക്കാരനെ തൊട്ടുപോയാല്‍ ബാങ്കിലുള്ള നിക്ഷേപങ്ങള്‍ മുഴുവന്‍ കൂട്ടത്തോടെ പിന്‍വലിക്കുമെന്ന് കസ്റ്റമേഴ്‌സ് ഒന്നടങ്കം ഭീഷണി മുഴക്കി ! ഇതാണ് നമ്മുടെ ഇന്ത്യ ! ദേശസ്‌നേഹമെന്നാല്‍ വര്‍ഗീയവാദമാണെന്ന ബോധം ഇവിടെ വല്ലാതെ വേരുറച്ചുപോയിരിക്കുന്നു !

ഈ അസഹിഷ്ണുതയുടെ ചൂട് ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആമിര്‍ ഖാനും ഷാറൂഖ് ഖാനും വരെ അനുഭവിച്ചറിഞ്ഞതാണ്.ഒരുപാട് പ്രിവിലേജുകള്‍ ആസ്വദിക്കുന്ന സെലിബ്രിറ്റികള്‍ക്കുപോലും മാതൃരാജ്യത്ത് കംഫര്‍ട്ടബിളായി ജീവിക്കാനാവുന്നില്ലെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ!?

എല്ലാം മാറുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു.പക്ഷേ ഒന്നും മാറിയില്ല.മനുഷ്യനേക്കാള്‍ മതങ്ങളെ സ്‌നേഹിക്കുന്നവരെയാണ് ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടത് എന്ന കാര്യം നമുക്കെല്ലാവര്‍ക്കും ബോദ്ധ്യമായി.

കുട്ടിക്കാലത്ത് രാമായണവും മഹാഭാരതവുമൊക്കെ ആവേശത്തോടെ വായിച്ചിട്ടുണ്ട്.ഇപ്പോഴും വീട്ടിലെ ഷെല്‍ഫില്‍ വെടിപ്പോടെ സൂക്ഷിച്ചിട്ടുമുണ്ട്.ഇന്ത്യ ജന്മം നല്‍കിയ മഹത്തായ ഇതിഹാസങ്ങളെയും പുരാണങ്ങളെയുമൊക്കെ സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് കാണുമ്പോള്‍ പുച്ഛം മാത്രമേ തോന്നിയിട്ടുള്ളൂ.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ തൊഴിലില്ലായ്മ ഭീകരമായി വര്‍ദ്ധിച്ചിരുന്നു.മുകേഷ് അംബാനിമാരും ഗൗതം അദാനിമാരും വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ ജീവനൊടുക്കി.വയലുകളില്‍ പണിയെടുക്കുന്നവരുടെ ചോര പൊടിഞ്ഞു ! ഇതൊന്നും ആര്‍ക്കും വിഷയമായില്ല.മനുഷ്യര്‍ ദൈവത്തെ സംരക്ഷിക്കുന്നതില്‍ വ്യാപൃതരായി !

ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാല്‍ വെട്ടിമലര്‍ത്തും ! അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചാല്‍ വീടിന്റെ ഉമ്മറത്തിരുന്ന് പത്രം വായിക്കുമ്പോള്‍ നെറ്റിയില്‍ വെടിയുണ്ട തറച്ചുകയറും ! മുസ്ലിം നാമധാരിയായ പെണ്‍കുട്ടിയെ അമ്പലത്തിനുള്ളില്‍ വെച്ച് ദിവസങ്ങളോളം റേപ്പ് ചെയ്യും ! ഇതുവരെ കണ്ടതെല്ലാം സൂചനകള്‍ മാത്രം.അസഹിഷ്ണുതയുടെ പുതിയ തലങ്ങള്‍ നാം കാണാനിരിക്കുന്നതേയുള്ളൂ!

ദളിത് വിരുദ്ധതയും മുസ്ലിം വിരുദ്ധതയുമൊക്കെ മുഖമുദ്രയാക്കിയ മനുഷ്യര്‍ക്കുവേണ്ടി ചില ദളിതരും മുസ്ലീങ്ങളുമൊക്കെ വിസിലടിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന മനഃപ്രയാസം പറഞ്ഞറിയിക്കാനാവില്ല.സാഗരത്തെ മണ്‍ചിറ കൊണ്ട് പ്രതിരോധിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്നുള്ള കുത്ത് അസഹനീയം തന്നെ !

അവസാനമായി ഒരു ചോദ്യമുണ്ട്.ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചത് തെറ്റായിപ്പോയോ? ഒരിക്കലുമില്ല എന്നാണ് ഉത്തരം.അതായിരുന്നു ശരി.അതുമാത്രമായിരുന്നു ശരി.

ഒരുപാട് നവോത്ഥാനങ്ങള്‍ കണ്ട മണ്ണാണ് കേരളത്തിന്റേത്.അമ്പലത്തില്‍ കയറാനുള്ള അവകാശം പിന്നോക്കവിഭാഗക്കാര്‍ പൊരുതിനേടിയതുതന്നെയാണ്.അക്കാലത്ത് അതും കടുത്ത ആചാരലംഘനമായിരുന്നു.അടിച്ചമര്‍ത്തപ്പെട്ടവരുടെ ക്ഷേത്രപ്രവേശനത്തെ എതിര്‍ത്ത “ആചാരസംരക്ഷകരുടെ” കൊച്ചുമക്കള്‍ക്ക് ആ വീരകഥകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് പഠിക്കേണ്ടിവന്നില്ലേ?

ശബരിമലയും അതുപോലെയാണ്.അവിടത്തെ പ്രശ്‌നങ്ങള്‍ താത്കാലികം മാത്രമാണ്.സ്ത്രീകളെ പടിയ്ക്കുപുറത്തുനിര്‍ത്തിയിരുന്ന ഏര്‍പ്പാട് ഒരു ദുരാചാരമായിരുന്നു എന്ന് വരുംതലമുറ പറയും.ആചാരസംരക്ഷകര്‍ക്കൊപ്പം കൂടിയാല്‍ നിങ്ങള്‍ക്ക് കേവലവിജയങ്ങളുണ്ടായേക്കാം.പക്ഷേ മനുഷ്യത്വവും സമത്വവും മാത്രമേ ആത്യന്തികമായി വിജയിക്കുകയുള്ളൂ.

സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരുടെ പക്ഷത്ത് തന്നെയാണ് ന്യായം.ചരിത്രം അവരെ ഒറ്റുകാരെന്ന് വിളിക്കുകയില്ല !

പ്രതീക്ഷകള്‍ ഇപ്പോഴും പൂര്‍ണ്ണമായും കെട്ടടങ്ങിയിട്ടില്ല.മനുഷ്യത്വമുള്ളവര്‍ ഒന്നിച്ചുനിന്നാല്‍ ഒരു പ്രതിരോധം സാദ്ധ്യമാണെന്ന് തന്നെ കരുതുന്നു.പക്ഷേ അതിന് ഭഗീരഥപ്രയത്‌നങ്ങള്‍ തന്നെ വേണ്ടിവരും.നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു….