കൊറോണ ഉണ്ടാക്കുന്നതിലോ പടരുന്നതിലോ രാഷ്ട്രീയമുണ്ടോ?: ഹരീഷ് വാസുദേവൻ

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

മുതലാളിത്തവും കോവിടും

മുതലാളിത്തമാണ് കോവിഡ് ഉണ്ടാക്കിയത് എന്ന MA ബേബിയുടെ വീഡിയോയെ ട്രോളുന്നത് കണ്ടു. വാസ്തവത്തിൽ കൊറോണ ഉണ്ടാക്കുന്നതിലോ പടരുന്നതിലോ രാഷ്ട്രീയമുണ്ടോ?

ഉണ്ട്. Eco-സിസ്റ്റം destruction അടക്കമുള്ള, ഇത്തരം രോഗങ്ങൾ ഉണ്ടാക്കുന്നതിലെ കാരണങ്ങളും അവയുടെ രാഷ്ട്രീയവും അവിടെ നിൽക്കട്ടെ. പടരുന്നതിലെ എനിക്ക് മനസിലായ രാഷ്ട്രീയം പറയാം.

ലാഭം മാത്രം അടിസ്ഥാനമാക്കി, എല്ലാ ബന്ധങ്ങളെയും ലാഭമുണ്ടാക്കാനുള്ളതായി കാണുന്ന വ്യവസ്ഥിതി ആണ് മുതലാളിത്തം. മനുഷ്യരുടെ കൂട്ടായ സാമൂഹ്യ മൂല്യങ്ങൾക്ക് വലിയ പ്രസക്തി ഇല്ല.
പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കു ലാഭം നോക്കാതെ സർക്കാർ പണം മുടക്കണം എന്ന സോഷ്യലിസ്റ്റ് സങ്കൽപ്പം മുതലാളിത്തം അംഗീകരിക്കുന്നില്ല. അവർ അതിലും ലാഭമായി കാണുന്നത് രോഗമുണ്ടായാലുള്ള സാമൂഹ്യ ബാധ്യത ഇൻഷുറൻസ് കമ്പനികളെ ഏൽപ്പിക്കുക എന്നതാണ്. അതും കച്ചവടമാക്കുക. എല്ലാവർക്കും ആരോഗ്യം എന്നല്ല, പണമുള്ളവർക്ക് ആരോഗ്യം എന്നതാണ് നയം. ലോകത്തെവിടെയും ലഭ്യമല്ലാത്ത സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കാൻ മുതലാളിത്ത വ്യവസ്ഥിതിക്ക് കഴിയും. എന്നാൽ പൊതുജനാരോഗ്യം സംരക്ഷിക്കാൻ കഴിയില്ല. അതാണ് നാം അമേരിക്കയിലും യൂറോപ്പിൽ ചിലയിടങ്ങളിലും ഒക്കെ കാണുന്നത്.
എന്നാൽ ക്ഷേമരാഷ്ട്ര സങ്കൽപ്പം പിന്തുടരുന്നവർ (ഉദാ:സ്കാൻഡനേവിയ) വലിയ മാറ്റമുണ്ടാക്കി.

ഇൻഡ്യയിൽ, മൊത്തം ബജറ്റ് വിഹിതത്തിന്റെ 5% എങ്കിലും പൊതുജനാരോഗ്യ മേഖലയിൽ ചെലവാക്കണം എന്നു സോഷ്യലിസ്റ്റുകൾ സ്ഥിരമായി പറയുന്നു. ഓരോ വർഷവും താൽക്കാലിക ലാഭം നോക്കി ആരോഗ്യ മേഖലയുടെ ബജറ്റ് വിഹിതം കുറച്ചു, ഇപ്പോൾ പൊതുജനാരോഗ്യ മേഖല കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ്. പൊതുമേഖലയിൽ പൊതുജനതാല്പര്യത്തിൽ വേണം വാക്‌സിൻ ഉത്പാദനവും വാക്‌സിൻ റിസർച്ചും. മരുന്ന് നിർമ്മാണവും റിസർച്ചും ലാഭം മാത്രം ലക്ഷ്യമിട്ട് ആകുമ്പോൾ അത് ആത്യന്തികമായി നമ്മളെ തകർക്കുന്നു.

ലാഭമല്ല നമ്മളെ നയിക്കേണ്ടത്. മനുഷ്യത്വവും സമത്വബോധവുമാണ്. മുതലാളിത്ത വ്യവസ്ഥ അതിനെതിരാണ്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലാഭേച്ഛ കുറച്ചു നിലനിർത്താൻ കഴിഞ്ഞത് കൊണ്ടാണ് നാം ഇന്ത്യയിലെ പ്രധാന നേട്ടവുമായി മുന്നിൽ നിൽക്കുന്നത്. എത്ര നഷ്ടം സഹിച്ചും ഗ്രാമങ്ങളിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ നാം തുടർന്ന് കൊണ്ടുപോകണം. കേരളത്തിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളും ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും നിയന്ത്രിതമായ പ്രവർത്തനമാണ് അവരും നടത്തുന്നത്.

മുതലാളിത്തം പാടേ തുടച്ചു നീക്കണോ, കമ്യൂണിസം കൊണ്ടുവരണോ എന്ന ഉട്ടോപ്യൻ ചോദ്യങ്ങളൊന്നും വേണ്ട. അതൊന്നുമല്ല പറയുന്നത്. ഒരു സാമ്പത്തിക വ്യവസ്ഥ എന്ന നിലയിൽ മുതലാളിത്തത്തിന്റെ സഹജമായ പ്രശ്നങ്ങൾ മനസിലാക്കി വേണം നാം ആഗോളീകരണത്തിനു ശേഷമുള്ള ലോകത്ത് ആരോഗ്യനയങ്ങൾ രൂപപ്പെടുത്താൻ. കോവിഡ് ആയാലും എന്തായാലും.

കോവിഡ് കഴിഞ്ഞും, പരാജയമാണെന്ന് അറിഞ്ഞിട്ടും നിങ്ങൾ ലാഭാധിഷ്ഠിതമായ ആരോഗ്യനയങ്ങളേ ആണോ പിന്തുണയ്ക്കുക? അതോ പൊതുജന ഉടമസ്ഥതയിലുള്ള സംരംഭങ്ങളെയോ? വാക്സിൻ അടക്കം മരുന്ന് ഉത്പാദനം പൊതുഉടമസ്ഥതയിൽ അടിയന്തിരമായി കൂടുതൽ ഉത്പാദിപ്പിക്കണം എന്നു ആവശ്യപ്പെടുന്നത് ഒരു രാഷ്ട്രീയമാണ്.

കോവിഡിനെ തോല്പിക്കുന്നതിനോടൊപ്പം ലാഭാധിതിതമായ മുതലാളിത്ത വ്യവസ്ഥയിലെ ആരോഗ്യപരിപാലന നയത്തിനെയും തോൽപിക്കണം എന്നു പറയുന്നത് നാം ആലോചിക്കേണ്ട കാര്യമാണ്.

ഈ വിഷയത്തിൽ എന്റെ തന്നെ അഭിപ്രായ രൂപീകരണത്തിന് ഗൗരവമായ ചർച്ച ക്ഷണിക്കുന്നു. ഈ വിഷയത്തിന്റെ മെറിറ്റിൽ അല്ലാത്ത കമന്റുകൾ നീക്കം ചെയ്യും.

https://www.facebook.com/harish.vasudevan.18/posts/10158343238772640