ആദരാഞ്ജലി ആദരവോടെയുള്ള കൂപ്പുകൈ, സത്യത്തിൽ എന്താണ് പ്രശ്നം?: ഹരീഷ് വാസുദേവൻ 

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പത്രപരസ്യത്തില്‍ ‘ആദരാഞ്ജലികള്‍’ എന്നെഴുതിയത് വാർത്തയായിരുന്നു. എന്നാൽ ആദരാഞ്ജലി എന്നെഴുതിയാൽ എന്താണ് പ്രശ്നം എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ. ആദരാഞ്ജലി എന്നത് ആദരവോടെയുള്ള കൂപ്പുകൈയും അന്ത്യാഞ്ജലി എന്നത് അവസാനമായി നൽകുന്ന കൂപ്പുകൈയുമായിരിക്കെ സത്യത്തിൽ എന്താണ് അതിൽ പ്രശ്നമെന്ന് ഹരീഷ് കുറിപ്പിൽ ചോദിച്ചു.

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ആശംസകളോടെ എന്നതിനുപകരം ആദരാഞ്ജലികളോടെ എന്ന് കൊടുത്തിരിക്കുന്നത്. ഇന്ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങുന്ന യാത്രയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബഹുവര്‍ണ പരസ്യത്തിലാണ് “പിശക്” വന്നിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെയും മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ചിത്രത്തിനൊപ്പം ഹൈദരലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം എം ഹസന്‍, പി.ജെ ജോസഫ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ ചിത്രങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ പരസ്യത്തിലാണ് ആദരാഞ്ജലികളോടെ എന്ന് എഴുതിയിരിക്കുന്നത്.

ഹരീഷ് വാസുദേവന്റെ ഫേസ്‍ബുക്ക് കുറിപ്പ്:

ആദരാഞ്ജലി – ആദരവോടെയുള്ള കൂപ്പുകൈ

അന്ത്യാഞ്ജലി – അവസാനമായി നൽകുന്ന കൂപ്പുകൈ

അല്ലേ?

സത്യത്തിൽ എന്താണ് പ്രശ്നം?