ഒരു മാധ്യമത്തെ അതിന്റെ ജനാധിപത്യമില്ലായ്മ ആരോപിച്ച് ബഹിഷ്കരിക്കുക എന്നതിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ല: ഹരീഷ് വാസുദേവൻ

ഒരു മാധ്യമത്തെ അതിന്റെ ജനാധിപത്യമില്ലായ്മ ആരോപിച്ച് ഒരു വ്യക്തിയോ പാർട്ടിയോ ബഹിഷ്കരിക്കുക എന്നതിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ല എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ.

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചകളിൽ ഇനി പങ്കെടുക്കില്ലെന്ന് സിപിഐഎം ഇന്നലെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകളിൽ സിപിഐ എം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത് എന്നുമായിരുന്നു അറിയിപ്പ്. ഈ ബഹിഷ്കരണത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം:

ഒരു മാധ്യമത്തെ അതിന്റെ ജനാധിപത്യമില്ലായ്മ ആരോപിച്ച് ഒരു വ്യക്തിയോ പാർട്ടിയോ ബഹിഷ്കരിക്കുക എന്നതിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ല. മിണ്ടാനുള്ള മൗലികാവകാശം എന്നാൽ ആരോട്, എപ്പോൾ, എങ്ങനെ മിണ്ടണം എന്നതും എപ്പോഴൊക്കെ മിണ്ടാതിരിക്കണം എന്നുകൂടി തീരുമാനിക്കാനുള്ള അവകാശമാണ്.

റിപ്പബ്ലിക്ക് TV എന്നെ ചർച്ചയ്ക്ക് വിളിച്ചു. എനിക്ക് ദേശീയതലത്തിൽ എക്‌സ്പോഷർ ആണ്. പക്ഷെ ആ വിടുവായന്റെ തോന്നിയവാസത്തിനു അവിടെ പോയി ഇരുന്ന് കൊടുക്കുന്നില്ല എന്ന എന്റെ തീരുമാനം ഞാനവരെ അറിയിച്ചു. എന്റെ അഭാവത്തിൽ അയാൾ എന്നെപ്പറ്റി, എന്റെ ആശയത്തെപ്പറ്റി എന്ത് പറയുമോ അത് തന്നെ ഞാൻ പോയാലും അയാൾ പറയും. ജനാധിപത്യമര്യാദ ഇല്ലാത്ത അത്തരം ഇടങ്ങളേ നമ്മുടെ സാന്നിധ്യം കൊണ്ട് എൻഡോഴ്‌സ് ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കുന്നതിൽ ഒരു കുഴപ്പവുമില്ല, എന്നുമാത്രമല്ല അതാണ് ശരിയും.

കേസ് കേൾക്കുന്ന ജഡ്ജി പ്രത്യക്ഷത്തിൽ പക്ഷപാതി ആണെങ്കിൽ ആ കോടതിയിൽ കേസ് പറയാൻ ഞാനില്ല എന്നു പറയാൻ കക്ഷിക്കും അഭിഭാഷകനും അവകാശമുണ്ട് എന്നാണെന്റെ ബോധ്യം. നിഷ്പക്ഷമാണ് എന്ന് ഇരുകക്ഷികൾക്കും തോന്നിക്കുന്ന ഒരു സിസ്റ്റത്തിനു മാത്രമേ adjudication സാധ്യമാകൂ. മാധ്യമസംവാദങ്ങളുടെ അടിസ്ഥാനം അവതാരകന്റെ നിഷ്പക്ഷത ആണ്. അത് ചർച്ചയിലെ പാനലിസ്റ്റുകൾക്ക് ആണ് ആദ്യം ബോധ്യപ്പെടേണ്ടത്. പിന്നെ കാണുന്നവർക്കും. അവതാരകനല്ല.

അതുകൊണ്ടാണ് കോടതികൾ പലപ്പോഴും പറയുന്നത്, നീതി നൽകിയാൽ മാത്രം പോരാ, നൽകുന്നത് നീതിയാണെന്നു കക്ഷികൾക്ക് ബോധ്യപ്പെടുക കൂടി വേണമെന്ന്.

ഒരാൾ ഇന്നാട്ടിൽ ഒരു ചാനൽ തുടങ്ങിയാൽ, എല്ലാ പാർട്ടിക്കാരും അയാൾ വിളിക്കുമ്പോൾ ആ ചാനലിൽ ചർച്ചയിൽ പങ്കെടുക്കാൻ പാർട്ടിയിൽ നിന്ന് ആളെ വിടണം എന്നൊന്നും ഭരണഘടനയിലോ നിയമത്തിലോ ഒന്നുമില്ലല്ലോ. മറിച്ചു അഭിപ്രായമുള്ളവർ, ശ്രീ.ശശികുമാർ അടക്കം, അതെന്താണെന്ന് ദയവായി ഒന്ന് വിശദീകരിക്കണം.

പറഞ്ഞു വന്നത്, CPIM എന്ന പാർട്ടി ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രതിനിധിയെ വിടില്ല എന്നു തീരുമാനിച്ചത്രേ. ചർച്ചകൾ ഏകപക്ഷീയമായത് കൊണ്ടും പറയാൻ അനുവദിക്കാത്തത് കൊണ്ടുമാണത്രെ അത്. അങ്ങനെ തീരുമാനിക്കാനും അത് നടപ്പാക്കാനും CPIM നു പൂർണ്ണ അവകാശമുണ്ട്. ഓരോ വിവാദത്തിലും ആളുകൾക്ക് CPIM ന്റെ ഭാഗം അറിയാനുള്ള അവകാശമുണ്ട്. അത് നിഷേധിക്കുന്നില്ലല്ലോ. CPIM ന്റെ ഫേസ്‌ബുക്ക് പേജിലോ, പീപ്പിൾ TV യിലോ, അവർക്കിഷ്ടമുള്ള മറ്റു മാധ്യമങ്ങളിലോ പാർട്ടിയുടെ ഭാഗം അവർക്ക് വിശദീകരിക്കാം. വേണ്ടവർക്ക് അറിയാം. സ്വാഭിപ്രായം രൂപീകരിക്കാം. അല്ലാത്തവർക്ക് അവരുടെ പ്രതിനിധി ഇല്ലാത്ത ഏകപക്ഷീയ ചർച്ച കണ്ട് അഭിപ്രായമുണ്ടാക്കാം.

കോട്ടിട്ട ജഡ്ജിമാരും ഇടാത്തവരും ഒരു പാനലിസ്റ്റിനെയും taken for granted ആയി കണക്കാക്കരുത്. പ്രേക്ഷകരെ ബന്ദിയാക്കി പാനലിസ്റ്റിനോട് ധാർഷ്ട്യം കാണിക്കുന്ന ഏർപ്പാട് ആരോടും അധികകാലം നടക്കില്ല. കോണ്ഗ്രസ് ഇത് സോളാർ കാലത്ത് ചെയ്യേണ്ടതായിരുന്നു. ചെയ്തിരുന്നെങ്കിൽ TV ചർച്ചകളുടെ പൊതുനിലവാരം കൂടിയേനെ.

അധികാരത്തിൽ ഇരിക്കുന്ന ആൾ, മുഖ്യമന്ത്രിയോ മന്ത്രിമാരോ ഏതെങ്കിലും മാധ്യമത്തെ മാത്രമായി ബഹിഷ്കരിക്കുന്നത് ഒട്ടും ശരിയല്ല. പാർട്ടി പോലെയല്ല സർക്കാർ.

ഈ പ്രശ്‌നത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ആണോ CPIM ആണോ ശരിയുടെ പക്ഷത്തെന്നു പറയാൻ ഞാൻ ആളല്ല, കാരണം ഞാനാ ചർച്ചകൾ കണ്ടിട്ടില്ല.
എന്നാൽ ഇക്കാര്യത്തിൽ നഷ്ടം ഇരുകൂട്ടർക്കും ഉണ്ട്. ഏഷ്യാനെറ്റ് ന്യൂസ് പോലെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ഒരു സ്‌പേസ് ഏകപക്ഷീയ ഗോളുകൾക്ക് വിട്ടുകൊടുക്കുന്നത്, അതുവഴിയുള്ള പൊതുബോധ നിർമ്മിതിയെ തടയാത്തത് തൽക്കാലം തെരഞ്ഞെടുപ്പ് അടുത്ത ഒരു കാലത്ത് CPIM നു ആത്മഹത്യാപരമാണ്. പക്ഷെ ലോങ്ങ് റണ്ണിൽ CPIM ന് ഇത് ഗുണം ചെയ്‌തേക്കും. മറ്റു ചാനലുകളിലെ അവതാരകരോട്, ജനാധിപത്യ മര്യാദ പാലിച്ചില്ലെങ്കിൽ ഞങ്ങൾ ബഹിഷ്‌കരിക്കും എന്ന കൃത്യമായ മെസേജ് കൊടുക്കാനും, അതുവഴി അൽപ്പം ബാലൻസ്ഡ് ആവാൻ അവരെ നിർബന്ധിക്കാനും കഴിഞ്ഞേക്കും. ജനങ്ങളോട് നേരിൽ വിശദീകരണം നൽകാനുള്ള ബദൽ മാർഗ്ഗങ്ങൾ ശ്രമിക്കുന്നതും ഭാവിയിൽ ഗുണം ചെയ്യും. (ഷംസീറിനെ പോലുള്ള പാർട്ടി പ്രതിനിധികൾ വന്നു അവതാരകനെ ഭീഷണി പെടുത്തുമ്പോൾ പോകുന്ന കാഴ്ചക്കാരുടെ വോട്ടുകൾ ഇനി ചിലപ്പോ തിരിച്ചു കിട്ടിയേക്കും )

CPIM പ്രതിനിധി ഇല്ലാതെ അവർക്കെതിരായി നടക്കുന്ന ചർച്ചകളുടെ കാഴ്ച്ചസുഖം കുറയും എന്നതിനാൽ പ്രേക്ഷകരിൽ ഒരുവിഭാഗം മറ്റു ചാനലുകളിലേക്ക് ചേക്കേറും. പോയ പ്രേക്ഷകർ പിന്നീട് തിരിച്ചു വരണമെന്നില്ല. അപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് വലിയ നഷ്ടമാണ്. CPIM നെ പിന്തുണയ്ക്കുന്ന നിരീക്ഷകരെ വെച്ചു കാഴ്ചസുഖം ബാലൻസ് ചെയ്യുക എന്നൊരു വഴിയുണ്ട്. അത് കുറെയൊക്കെ പ്രശ്നം പരിഹരിക്കുമോ എന്നു കാത്തിരുന്നു കാണാം.

കോണ്ഗ്രസോ BJP യോ നാളെ കൈരളി TV യെ ബഹിഷ്കരിച്ചാലും ഈ പോസ്റ്റ്ലെ CPIM എന്ന സ്ഥാനത്ത് ആ പാർട്ടിയുടെയും ചാനലിന്റെയും പേര് ചേർത്ത് വായിച്ചാൽ മതി. എന്റെ നിലപാട് ഇതുതന്നെ. It is time for channels to have an introspection.

വാലറ്റം : ഒറ്റ സംശയം, ആ റിപ്പബ്ലിക്ക് ചാനലിൽ എന്തിനാണ് ഇടതുപക്ഷ/കോണ്ഗ്രസ്/ലിബറലുകൾ ചർച്ചക്ക് പോകുന്നത്, ആവോ??

https://www.facebook.com/harish.vasudevan.18/posts/10158629992827640