സംവരണം ദാരിദ്ര്യം മാറ്റാനല്ല, നീതി നടപ്പാക്കാനാണ് വിഭാവനം ചെയ്തത്

ശ്രീജിത്ത് ദിവാകരൻ

കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടിരുന്നു. മലയാള സിനിമയിലെ സവർണ ദരിദ്രരെ കാണിക്കുന്നത്. വലിയ വീട്, ജോലി ചെയ്യാൻ ആരോഗ്യമുള്ള ധാരാളം ആളുകൾ, പറമ്പ്, കുടുംബത്തിൽ ഒരാൾക്ക് വലിയ നിലയിലുള്ള സർക്കാർ ജോലി. എന്നിട്ടും ദാരിദ്ര്യത്തെ കുറിച്ചുള്ള കരച്ചിലാണ്.

നമുക്ക് തമാശയായി തോന്നുമെങ്കിലും ആ കരച്ചിലാണ് കേരളം ചെവി തുറന്ന് കേട്ടത്. ഇതേ ദാരിദ്ര്യമുള്ള സവർണർക്ക് ഇനി കേരളത്തിൽ സംവരണം ലഭിക്കും. മുൻസിപ്പാലിറ്റി പ്രദേശത്ത് 74 സെന്റും കോർപറേഷൻ പരിധിയിൽ 49 സെന്റും ഗ്രാമപ്രദേശത്ത് രണ്ടര ഏക്കറോളവും ഭൂമി ഉള്ള സവർണർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരത്രേ. ശരിക്കും സിനിമയിലെ പോലെ തന്നെ.

മറ്റൊരു സംവരണത്തിനും അർഹതയില്ലാത്ത ആളുകൾക്കാണ് ഈ സംവരണത്തിന് അപേക്ഷിക്കാൻ കഴിയുന്നത് എന്ന സുപ്രധാന വാചകം തന്നെ ഇന്ത്യൻ ഭരണഘടനയുടെ അന്തസിന് നിരക്കാത്തതാണ്. സംവരണം ദാരിദ്ര്യം മാറ്റാനല്ല, നീതി നടപ്പാക്കാനാണ് വിഭാവനം ചെയ്തത്.

ഇന്ത്യയിൽ, കേരളത്തിൽ ഒരോ ദിവസവും ആ നീതി നടപ്പായിട്ടില്ല എന്ന് മാത്രമല്ല, അനീതി അതിശക്തമായി തുടരുന്നുവെന്ന് കൂടി ഓർമ്മിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഭരണവർഗ്ഗത്തിന്റെ ഭാഗത്ത് നിന്ന്, അവരുടെ ആയുധമായ പൊലീസ് ഫോഴ്‌സിന്റെ ഭാഗത്ത് നിന്ന്, മേൽജാതി തെമ്മാടിത്തത്തിന്റെ ഭാഗത്ത് നിന്ന്, പൊതുസമൂഹത്തിൽ നിന്ന്.

‘സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പിന്നോക്ക വിഭാഗങ്ങൾക്കും സംവരണം ഉണ്ടായിരുന്നിട്ട് പോലും അർഹിക്കുന്ന പ്രാതിനിധ്യം സംസ്ഥാന സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും സർവകലാശാലകളിലും ലഭ്യമായിട്ടില്ലെന്നായിരുന്നു നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ കാതലായ കണ്ടെത്തൽ’ എന്ന് 2018 ഡിസംബർ അഞ്ചിന് നിയമസഭയിലെ ഒരു ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നുണ്ട്.

നരേന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് മാത്രമല്ല, സാമാന്യയുക്തിയുള്ള ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. കേരള സർക്കാരിന്റെ കീഴിലുള്ള ദേവസ്വം ബോർഡ് കോളജുകളിൽ അധ്യാപകവൃത്തിക്ക് ഇക്കാലയളവിനുള്ളിൽ നിയമിച്ച സവർണരുടെ കണക്കെത്ര, ദളിതരുടേയും മറ്റ് പിന്നോക്ക വിഭാഗക്കാരുടേയും കണക്കെത്ര എന്ന് ചോദ്യത്തിൽ അതിനുള്ള ഉത്തരമുണ്ട്. ഇത് കുറച്ച് കൂടി വ്യക്തമായി ശ്രീ സണ്ണി കപിക്കാട് പറയുന്നുണ്ട്.

‘നിങ്ങൾ അദ്ധ്യാപകരായി നൂറു പേരെ തിരഞ്ഞെടുക്കുമ്പോൾ അതിലൊരാൾ പോലും പട്ടികജാതിക്കാരനാകാതെ ഇരിക്കുകയും, എന്നാൽ തൂപ്പുകാരെ തിരഞ്ഞെടുക്കുമ്പോൾ നൂറിൽ തൊണ്ണൂറ്റി അഞ്ചു പേരും പട്ടികജാതിക്കാരാവുന്നതും എടുത്തു കാണിക്കുന്നത് സമൂഹത്തിൽ നീതി നടപ്പിലാക്കിയിട്ടില്ല എന്നാണ്. ഈ നീതി നടപ്പിലാക്കുക എന്നതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലാതെ സംവരണം എന്നതൊരു ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയല്ല’

നീതിയുടെ മറുവശത്തേയ്ക്കാണ് സഞ്ചാരം. ഇന്ത്യയിലെ മുഖ്യധാര പാർട്ടികളിൽ മിക്കവാറും ഇല്ലാവരും ചേർന്നാണ് ഈ അനീതി നടപ്പാക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. അതിൽ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യൻ മുഖ്യധാര ഇടത്പക്ഷമാണെന്നുള്ളത് അതിനേക്കാൾ വലിയ ദുരന്തം. മർദ്ദിതരുടെ മോചനം മറ്റൊരു പ്രത്യയശാസ്ത്ര അടിത്തറയായി കാണുന്ന രാഷ്ട്രീയം ഈ അനീതിയുടെ നടത്തിപ്പുകാരാകുന്നത് പോലെ ലജ്ജാവഹമായി ഒന്നുമില്ല.

മുഖ്യമന്ത്രിയുടെ ജാതി പറഞ്ഞത് ആക്ഷേപിക്കുന്ന സവർണതയ്ക്ക് മുന്നിലാണ് നാല് വോട്ടിനെ കുറിച്ചുള്ള ഭീതിയിൽ കുനിഞ്ഞു നിൽക്കുന്നത്. വർഷങ്ങളായി കൂടെ നിൽക്കുന്ന ജനതയോടുള്ള വഞ്ചന കൂടിയാണ്, ഇക്കാലത്തെ എല്ലായിപ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തെ വെറുക്കുകയും അതിനെ ഇല്ലാതാക്കാനുള്ള സകല ഗൂഢാലോചനകളുടേയും കൂടെ നിന്നിരുന്ന സമൂഹത്തിനെ പ്രീണിപ്പിക്കാനായി നടക്കുന്ന ഈ ഭരണഘടന അട്ടിമറി.

ദളിത് സമൂഹത്തിന് നേരെയുള്ള അക്രമങ്ങൾ പൂർവ്വാധികം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്. ദേശീയതലത്തിൽ തീവ്രഹൈന്ദവ ഫാഷിസം അധികാരത്തിലുള്ളത് കൊണ്ടുതന്നെ അതിനനുസൃതമായി സമൂഹവും പൊലീസും ഉദ്യോഗസ്ഥ സംവിധാനങ്ങളും മാധ്യമങ്ങളുമെല്ലാം ഫാഷിസ്റ്റ് ചേരിയിലേയ്ക്ക് കൂടണയുന്ന കാലമാണ്.

ഇതിനെ ചെറുക്കുന്നതിന് പകരം അതിന്റെ സ്വഭാവികതയിൽ പൊലീസിനും സംവിധാനങ്ങൾക്കും കാര്യങ്ങൾ വിട്ടു കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. വിനായകൻ എന്ന ചെറുപ്പക്കാരൻ മുതൽ പൊലീസിന്റെ ദളിത് വിരുദ്ധതയുടെ ഇരയായിട്ടുള്ള പലരും ഇടതുപക്ഷ ചുറ്റുപാടുകളിൽ നിന്ന് വരുന്നവരാണ്. മർദ്ദിതരുടെ വിമോചനം സ്വപ്‌നം കണ്ടവരുടെ തുടർപരമ്പര.

സന്തുലിതമല്ലാത്ത സമൂഹത്തിൽ നീതിനിർവ്വഹണ പ്രക്രിയയെ അതിന്റെ താളത്തിന് വിട്ടുകൊടുത്ത് നിഷ്പക്ഷത പാലിക്കലല്ല, ഫലപ്രദമായി ഇടപെടലാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം. സ്വാഭാവിക നീതിയെന്നത് സവർണർക്ക് മാത്രം ലഭിക്കുന്ന സമൂഹമാണ് നിലവിലുള്ളത്. ഇവിടെ ദളിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും നീതി ലഭിക്കാൻ സക്രിയവും നിരന്തരവുമായ ഇടപെടൽ വേണം. അതിനായിരിക്കണം ഇടതുപക്ഷം പ്രവർത്തിക്കേണ്ടത്.

അനീതിയെന്നത് വൈകാരികമായ ആക്രമണം കൂടിയാണ്. അതിന് വിധേയമാകുന്ന സമുദായങ്ങളോട് കരുണയും കരുതലും വേണം ഭരണകൂടത്തിന്. സദ്ഭരണം എന്നത് അത് കൂടിയാണ്. ഒരു സമൂഹത്തിൽ മുന്നോക്ക വിഭാഗങ്ങൾ ഉണ്ടായിക്കൂടാ. അത് രാഷ്ട്രീയമായി തെറ്റാണ്. സാമ്പത്തികമായി, സാമൂഹികമായി തലമുറകളായി നീതി ലഭിക്കാത്ത പിന്നോക്ക വിഭാഗങ്ങളുണ്ട്.

അവരുണ്ട്, എന്നുള്ളത് കൊണ്ട് മറ്റൊരു സമുദായവും മുന്നോക്ക സമുദായങ്ങളാകുന്നില്ല. ഒരു മുന്നേറ്റവും അവർ നടത്തിയിട്ടില്ല. മുന്നോക്കം നിൽക്കാനുള്ള ഒരു യോഗ്യതയും ആ സമുദായങ്ങൾക്കില്ല. വേണമെങ്കിൽ ചൂഷിത സമൂഹമെന്നും ചൂഷക സമൂഹമെന്നും വേർതിരിക്കാം. ആ ചൂഷകസമൂഹത്തിന് ഒരു വികസന കോർപ്പറേഷൻ സൃഷ്ടിച്ച് അതിന്റെ ഇച്ഛകൾ പൂർത്തീകരിക്കുന്ന സമൂഹമാണ് നമ്മുടേത്.

നിരന്തരമായ അനീതി അനുഭവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിന് ഒപ്പം നിൽക്കാൻ ആകുന്നില്ലെങ്കിലും അവരുടെ അവകാശങ്ങളെ പരിഹസിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങുന്നത് നിരാശാഭരിതം മാത്രമല്ല, ഭയാനകം കൂടിയാണ്.

കടപ്പാട്: ഫെയ്സ്ബുക്ക് കുറിപ്പ്