മനുഷ്യസ്വാര്‍ത്ഥതയുടെ ഭീകരമുഖം; കുട്ടിത്തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 40 കിലോ പ്ലാസ്റ്റിക്ക്!

ഭൂമിയിലെ മറ്റുള്ള സകല ജീവജാലങ്ങളോടും സ്വന്തം കാര്യത്തിനായി സ്വാര്‍ത്ഥത കാണിക്കുന്ന മനുഷ്യന്റെ പ്രവൃത്തിക്ക് കടലില്‍ നിന്ന് മറ്റൊരു ഇര കൂടി. ഫിലിപ്പീന്‍സില്‍ തീരത്തടിഞ്ഞ ചത്ത കുട്ടിത്തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് 40 കിലോഗ്രാം പ്ലാസ്റ്റിക്ക്! ആവശ്യം കഴിഞ്ഞ് മനുഷ്യര്‍ കടലിലേക്ക് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ ഭക്ഷണമാണെന്ന് കരുതി കഴിച്ച കുട്ടിത്തിമിംഗത്തിന്റെ മരണകാരണവും ഇതുതന്നെ!

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂര്‍ണവളര്‍ച്ചയെത്താത്ത തിമിംഗലം കരയ്ക്കടിഞ്ഞത്. തുടര്‍ന്ന് തിമിംഗലത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് കൂമ്പാരം വയറ്റില്‍ കണ്ടെത്തിയത്. ആമാശയത്തില്‍ ദിവസങ്ങളോളം ദഹിക്കാതെ അവശേഷിച്ച പ്ലാസ്റ്റിക്ക് തന്നെയാണ് അതിന്റെ മരണത്തിനിടയാക്കിയതെന്ന് അധിക്യതര്‍ അറിയിച്ചു.

ഫിലിപ്പീന്‍സിലെ ഡിബോണ്‍ കളക്ടര്‍ മ്യൂസിയം അധിക്യതര്‍ ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. കൂടുതലും പ്ലാസ്റ്റിക്ക് ക്യാരിബാഗുകളാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും ലഭിച്ചത്. ഇതില്‍ 16 പ്ലാസ്റ്റിക്ക് അരിച്ചാക്കുകളും ഉള്‍പ്പെടുന്നു. കാലങ്ങളായി അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് മാലിന്യം തിമിംഗലത്തിന്റെ വയറ്റില്‍ രാസമാറ്റങ്ങള്‍ക്ക് വിധേയമായി തുടങ്ങിയിരുന്നു.

പ്ലാസ്റ്റിക്ക് തന്മാത്രകള്‍ ഉരുകി, പരസ്പരം വേര്‍പ്പെടുത്താനാകാത്ത വിധം ഇഴ ചേര്‍ന്ന് കഠിനമാകുന്ന ഈ പ്രക്രിയ കാല്‍സിഫിക്കേഷന്‍ എന്നാണ് അറിയപ്പെടുന്നത്. അതികഠിനമായ വേദനയിലൂടെയായിരിക്കും തിമിംഗലം കടന്നു പോയിട്ടുണ്ടാവുക എന്ന് വിദഗ്ദര്‍ പറയുന്നു.