കളിക്കിടയിൽ അമ്മയാണെന്ന കാര്യം മറക്കാതെ ഒരു വോളിബോള്‍ താരം; അഭിനന്ദനം ചൊരിഞ്ഞ് സമൂഹ മാധ്യമം

വോളിബോള്‍ മത്സരത്തിനിടയിലുള്ള ഹാഫ് ടൈമില്‍ ഏഴു മാസം പ്രായമുള്ള തന്റെ കുഞ്ഞിന് മുലയൂട്ടാനെത്തിയ അമ്മയുടെ വാത്സല്യത്തിന് കൈയടിക്കുകായണ് സോഷ്യല്‍ മീഡിയ. ലാല്‍വെന്റ്ലുവാംഗിയെന്ന വോളിബോള്‍ കളിക്കാരി തന്റെ കുഞ്ഞിന് 2019- ലെ സംസ്ഥാന ഗെയിംസിലെ മത്സരത്തിനിടയില്‍ മുലയൂട്ടുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

നിങ്ലൂണ്‍ ഹംഗല്‍ എന്ന  മാധ്യമപ്രവര്‍ത്തകയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പൊതുവേദിയില്‍ പോലും സാധാരണ രീതിയില്‍ മുലയൂട്ടാനുള്ള മാതാവിന്റെ ധൈര്യത്തെ സമൂഹ് മാധ്യമങ്ങളിലൂടെ അനേകരാണ് വാഴ്ത്തിയിരിക്കുന്നത്.

മത്സരത്തിന്റെ സമയത്ത് കായികതാരമെന്ന ഉത്തരവാദിത്വത്തോടൊപ്പം അമ്മയെന്ന ഉത്തരവാദിത്വം കൂടി ഭംഗിയാക്കിയ അവരുടെ ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയ അഭിനന്ദനം ചൊരിയുകയാണ്. ഈ ചിത്രം ശ്രദ്ധയില്‍ പെട്ട മിസോറാം കായികമന്ത്രി ലാല്‍വെന്റ്‌ലുവാംഗിക്ക് 10,000 രൂപ പ്രോത്സാഹന സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

തൂയ്കൂം മണ്ഡലത്തിന് വേണ്ടിയാണ് ലാല്‍വെന്റ്ലുവാംഗി കളിക്കാനെത്തിയത്. ചിത്രം പോസ്റ്റ് ചെയ്തതോടെ  നിരവധി പേര്‍ അഭിനന്ദനവുമായി താരത്തെ കാണാന്‍ എത്തിയിരുന്നു.  മാതൃസ്നേഹത്തിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ് ലാല്‍വെന്റ്ലുവാംഗി എന്നും ഒരു സ്ത്രീ തന്റെ കായികജീവിതത്തെയും വ്യക്തിഗത ജീവിതത്തെയും ഒരു പോലെ പരിപാലിച്ചു കൊണ്ടു പോകുന്നത് എങ്ങനെ എന്നതിന്റെ മികവുറ്റ ഉദാഹരണമാണ് ഇവരെന്നുമാണ് പലരുടേയും അഭിപ്രായം.