' ബുദ്ധിജീവി' വീഡിയോയ്ക്ക് വീണ്ടും മറുപടി, ഇത്തവണ ഒരു 'സര്‍ട്ടിഫൈഡ് ബുദ്ധിജീവി'യില്‍ നിന്ന്

സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്‌ളോഗര്‍ ലക്ഷ്മി മേനോന്റെ എങ്ങനെ സ്ത്രീകള്‍ക്ക് ബുദ്ധിജീവിയാകാം എന്ന വീഡിയോക്ക് വീണ്ടും മറപടി. കഴിഞ്ഞ ദിവസം സുനിതാ ദേവദാസ് നല്‍കിയ എങ്ങനെ കുലസ്ത്രീ ആകാം വീഡിയോക്ക് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശ്രീലക്ഷ്മി തകര്‍പ്പന്‍ മറുപടി നല്‍കിയിരിക്കുന്നത്. നിങ്ങള്‍ നിരീക്ഷിച്ചുകൊണ്ടേയിരിക്കു, ഞങ്ങള്‍ ആഘോഷിച്ചുകൊണ്ടേയിരിക്കാം എന്നാണ് ശ്രീലക്ഷ്മി നല്‍കുന്ന മറുപടിയുടെ സംക്ഷിപ്തം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം  ഇങ്ങനെ…

“ബുദ്ധിജീവി ”

സ്‌കൂള്‍ കാലഘട്ടത്തിലാണ് ഈ വാക്ക് ആദ്യമായി കേള്‍ക്കുന്നത്. ക്ലാസ്സില്‍ മറ്റു കുട്ടികളുമായി വലിയ അടുപ്പമില്ലാത്ത, പുസ്തകങ്ങളിലും പഠന വിഷയങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു നടക്കുന്ന കുട്ടികളെ “ബുദ്ധിജീവി ” എന്ന് വിളിച്ച് വന്നിരുന്നു. പ്ലസ് ടു, കോളേജ് കാലയളവായപ്പോള്‍ കവിത എഴുതുന്നവര്‍, മുടി വെട്ടാതെ, അലസരായി മുഷിഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍,
സ്ഫുടമായി ഭാഷ ഉപയോഗിക്കുന്നവര്‍… അങ്ങനെ അങ്ങനെ വ്യത്യസ്തരായി, ചുറ്റുപാടിന്റെ അലിഖിത രീതികളെ മറന്ന് സ്വന്തം സ്‌പെയ്‌സില്‍ ജീവിക്കുന്നവരെല്ലാം “ബുദ്ധിജീവികളായിട്ടുണ്ട് ”

അതു കൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ക്കു മുന്നേ റിലീസ് ആയ ” ഹൗ റ്റു ബീ എ ബുദ്ധീജീവി” എന്ന വ്‌ലോഗ് അയല്‍പക്കത്തേക്കെത്തി നോക്കി ജീവിച്ചു പോന്ന ഒരു ജനതയുടെ ആവിഷ്‌ക്കാരം മാത്രമാണ്..!പൊതുബോധത്തിലേക്കടിമപ്പെട്ടുപോയ ഒരു സമൂഹത്തിന്റെ വിഷ്വലൈസേഷനാണ്.
ഇതുകൊണ്ടൊക്കെ തന്നെ.., വസ്ത്ര സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം,ആവിഷ്‌ക്കാര സ്വതന്ത്ര്യം, സമരം, പ്രതിഷേധം, എന്നൊന്നും നിങ്ങളൊട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് നന്നായി അറിയാം.

ഒന്നേ പറയാനുള്ളൂ, മറ്റുള്ളവരുടെ മുടിയുടെ അലങ്കാര അലങ്കോല സ്റ്റെലുകള്‍, പൊട്ടിന്റെ നിറവും വലിപ്പവും വലിപ്പ കുറവും,കണ്‍മഷി പരക്കുന്നതിന്റെ അളവ്, മൂക്കുത്തിയുടെ ഭാരം,കണ്ണട ഫ്രെയിമുകളുടെ വലിപ്പം, വസ്ത്രത്തിലെ നരയുടെയും മുഷിപ്പിന്റെയും വിയര്‍പ്പിന്റെയും നാറ്റം, തലേക്കെട്ടിയ ഷോളിന്റെ നിറം നീളം വലിപ്പം, പോകുന്ന ഇടങ്ങളുടെ ലൊക്കേഷന്‍ മാപ്പ്. ധരിക്കുന്ന മുണ്ട്, പാന്റ്, ഷഡിയിലെ ഒട്ടകളുടെ എണ്ണം, ഉപയോഗിക്കുന്ന ഭാഷ. അതിലെ മലയാളത്തിലെ ഇംഗ്ലീഷ്. ഇംഗ്ലീഷിലെ മലയാളം. വാക്കുകളുടെ അമ്മാനമാടല്‍ ഉഞ്ഞാലാടല്‍. അങ്ങനെയങ്ങനെ മറ്റുള്ളവന്റെ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ശ്രദ്ധിച്ച് വീക്ഷിച്ച് വിലയിരുത്തി. മഹത്തായ സമയവും ഊര്‍ജജവും സംഭാവന ചെയ്ത് “സൊ കാള്‍ട് ബുദ്ധിജീവി ” ആവാന്‍ മുട്ടി നില്‍ക്കുന്ന സാധാരണകാര്‍ക്ക്. ടിപ്പ്സ്സും ചിപ്പ്സ്സും നല്‍കി പ്രത്യാശയും പ്രകാശവുമായി മാറാന്‍ കാണിച്ച ആ മനസ്സുണ്ടല്ലോ അതിനിരിക്കട്ടെ ഒരു കുതിരപ്പവന്‍.നിങ്ങള്‍ നിരീക്ഷിച്ചുക്കൊണ്ടേയിരിക്കൂ. ഞങ്ങള്‍ ആഘോഷിച്ചുക്കൊണ്ടേയിരിക്കും.

എന്ന്
ഒരു സര്‍ട്ടിഫൈഡ് ബുദ്ധിജീവി.

https://www.facebook.com/permalink.php?story_fbid=529164877451460&id=100010738576444&pnref=story