'അറബിപ്പിള്ളേരെ ചേര്‍ത്ത് ഒരു രാജ്യം ഫുട്‌ബോള്‍ ടീം ഉണ്ടാക്കിയപ്പോള്‍ നമ്മള്‍ ഇവിടെ പള്ളി പൊളിച്ചു; പട്ടേല്‍ സ്റ്റേഡിയത്തിന് മോദിയെന്ന് പേര് മാറ്റിയാല്‍ കാര്യമില്ല'

അറ്റ്‌ലാന്റിക് കടല്‍ തീരത്ത് പന്ത് തട്ടിക്കളിച്ച അറബിപ്പിള്ളേരെ ചേര്‍ത്ത് ഒരു രാജ്യം ഫുട്‌ബോള്‍ ടീം കെട്ടിപ്പടുക്കുമ്പോള്‍ നമ്മള്‍ ഇവിടെ പള്ളി പൊളിച്ച് കളിക്കുകയായിരുന്നുവെന്ന് 24 ന്യൂസ് മുന്‍ അവതാരകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. ലോക കപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സെമിയിലേക്കെത്തുന്നു. 1990 കളില്‍ മൊറോക്കോ ഫുട്‌ബോള്‍ ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്തുമ്പോള്‍ നമ്മളില്‍ ചിലര്‍ ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയിലും മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലും ക്രിക്കറ്റ് പിച്ച് കുഴിച്ച് രാഷ്ട്രീയം കളിക്കുകയായിരുന്നു. പട്ടേല്‍ സ്റ്റേഡിയത്തിന് മോദി സ്റ്റേഡിയം എന്ന് പേര് മാറ്റിയതു കൊണ്ട് നമ്മള്‍ എങ്ങുമെത്തിയില്ലന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ലോക കപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സെമിയിലേക്കെത്തുന്നു. 1990 കളില്‍ മൊറോക്കോ ഫുട്‌ബോള്‍ ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്തുമ്പോള്‍ നമ്മളില്‍ ചിലര്‍ ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയിലും മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലും ക്രിക്കറ്റ് പിച്ച് കുഴിച്ച് രാഷ്ട്രീയം കളിക്കുകയായിരുന്നു. പട്ടേല്‍ സ്റ്റേഡിയത്തിന് മോദി സ്റ്റേഡിയം എന്ന് പേര് മാറ്റിയതു കൊണ്ട് നമ്മള്‍ എങ്ങുമെത്തിയില്ല. അറ്റ്‌ലാന്റിക് കടല്‍ തീരത്ത് പന്ത് തട്ടിക്കളിച്ച അറബിപ്പിള്ളേരെ ചേര്‍ത്ത് ഒരു രാജ്യം ഫുട്‌ബോള്‍ ടീം കെട്ടിപ്പടുക്കുമ്പോള്‍ നമ്മള്‍ ഇവിടെ പള്ളി പൊളിച്ച് കളിക്കുകയായിരുന്നു. അവരുടെ ഭൂതകാലം അത്രമേല്‍ ഇരുളടഞ്ഞിരുന്നെങ്കിലും ഭാവിയിലേക്കുള്ള വെളിച്ചം അവര്‍ കനലൂതി തെളിച്ചു കൊണ്ടേയിരുന്നു.

നിങ്ങള്‍ക്കറിയുമോ ആ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങള്‍ക്കും പേരു പോലും സ്വന്തമായിരുന്നില്ല. എല്ലാം ആഫ്രിക്കയായിരുന്നു. ഇന്നവര്‍ മൊറോക്കോയും ഘാനയും നൈജീരിയയുമൊക്കെയാണ്. ആര്‍ഷ രാജ്യ ഭൂതകാലമില്ലങ്കിലും നിയാണ്ടര്‍ താല്‍ ചരിത്രമുണ്ടായിരുന്നു. അതിലാരും കഥ മെനഞ്ഞ് കുടുങ്ങി കിടന്നില്ല. അവിടെ മനുഷ്യര്‍ ഒരു പന്തിലൂടെ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ആഫ്രിക്ക അടിച്ചമര്‍ത്തപെടുന്നവന്റെ പേരല്ല അതീജീവനത്തിന്റെ പേരാണ് എന്ന് ഓരോ കളിയിലും അവര്‍ ഉറപ്പിച്ചു പറയുന്നു. വരു ആഫ്രിക്ക ലോകം നിങ്ങളെ കാണട്ടെ!