'സ്വന്തം പട്ടാളക്കാരനെ തിരിച്ചു കിട്ടാന്‍ ഒന്നും ചെയ്യാതെ സീറ്റും എണ്ണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണു മോദിയും ബി.ജെ.പിയും'; മോചനത്തിന് ഇടപെട്ടത് കോണ്‍ഗ്രസ് നേതാവെന്ന് ടി. സിദ്ധിഖ്

പാകിസ്ഥാന്‍ തടവിലാക്കുകയും മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്ത ഇന്ത്യന്‍ പൈലറ്റ് തമിഴ്നാട് സ്വദേശിയായ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയ്ക്കുന്നതിനുള്ള പാക് തീരുമാനത്തിന് കാരണമായത് പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദുവിന്റെ ഇടപെടലെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ്.

ഇമ്രാന്‍ ഖാനുമായുള്ള നവജ്യോത് സിംഗ് സിദുവിന്റെ അടുപ്പം അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന നമ്മുടെ ധീരനായ പട്ടാളക്കാരനെ തിരിച്ചയക്കാന്‍ തീരുമാനിച്ചതില്‍ നിര്‍ണായകമായെന്ന് സൂചനയെന്ന് ടി. സിദ്ധിക്ക് പറഞ്ഞു. സ്വന്തം പട്ടാളക്കാരനെ തിരിച്ചു കിട്ടാന്‍ ഒന്നും ചെയ്യാതെ സീറ്റും എണ്ണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണു മോദിയും ബിജെപിയും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ഇപ്പോള്‍ പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയുമാണ് സിദു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു സിദു. കോണ്‍ഗ്രസിനു രാജ്യസുരക്ഷ കഴിഞ്ഞേ രാഷ്ട്രീയമുള്ളൂവെന്നും ടി. സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെയാണ് അറിയിച്ചത്. ഇക്കാര്യം വാര്‍ത്താ എജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. സമാധാനത്തിനുള്ള ആദ്യ നടപടിയെന്ന നിലയില്‍ അഭിനന്ദനെ മോചിപ്പിക്കുമെന്നാണ് ഇമ്രാന്‍ വ്യക്തമാക്കിയത്.