'അമിത് ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി'; ത്രിപുരയിലെ വനിത എം.പിക്ക് അഭിവാദ്യം അര്‍പ്പിച്ച് എം. ബി രാജേഷ്

സി.പി.എം രാജ്യസഭാംഗം ജര്‍ണാ ദാസിനെ അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ച സംഭവത്തില്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച്  എം. ബി രാജേഷ്. “പ്രത്യയശാസ്ത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെയ്ക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ജര്‍ണക്ക് അഭിവാദ്യങ്ങള്‍” എന്നാണ് രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ത്രിപുരയില്‍ ബി.ജെ.പി പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ അക്രമം അഴിച്ചു വിടുന്നെന്ന് കാണിച്ച് നിവേദനം നല്‍കാനെത്തിയപ്പോഴാണ് ജര്‍ണാ ദാസിനെ അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്.”നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായതു കൊണ്ടാണ് ഞാന്‍ കാണാന്‍ വന്നത്. അല്ലാതെ, ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷനെ കാണാനല്ല. സി.പി.ഐ.എമ്മിലെ അവസാന ആളും പാര്‍ട്ടിയിലുണ്ടാകുന്നതു വരെ ഞാനും ഉണ്ടാകും. നിങ്ങളുടെ ആശയവുമായി എനിക്ക് യാതൊരു യോജിപ്പുമില്ല”, എന്നായിരുന്നു ജര്‍ണാ ദാസിന്റെ മറുപടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

അമിത് ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്. ജര്‍ണ ദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വര്‍ഷമായിട്ടറിയാം. അന്നും അവര്‍ രാജ്യസഭയില്‍ ത്രിപുരയില്‍ നിന്നുള്ള ഏക എം. പിയാണ്. ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ അവരുടെ വീടാക്രമിച്ച തീവ്രവാദികള്‍ കണ്‍മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവന്‍ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവര്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അവരെയാണ് ഒരു നിവേദനം നല്‍കാന്‍ ചെന്നപ്പോള്‍ അമിത് ഷാ ബി.ജെ.പി.യില്‍ ചേരാന്‍ ക്ഷണിച്ചത്.” ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല ” എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝര്‍ണ ഇത്രയും കൂടി കൂറുമാറാന്‍ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. ” ഒരു മാര്‍ക്‌സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും “. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതു കൊണ്ടാണ് കര്‍ണാടകയിലേയും ഗോവയിലേയുമൊക്കെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അമിത് ഷാ ഒരു വിരല്‍ ഞൊടിച്ചപ്പോള്‍ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുല്‍ രാജിവെച്ച് പോയതും.

പ്രത്യയശാസ്ത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെയ്ക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝര്‍ണക്ക് അഭിവാദ്യങ്ങള്‍.
ലാല്‍സലാം ഝര്‍ണാദാസ്

https://www.facebook.com/mbrajeshofficial/posts/2512125108848484