‘അരുവി’ മമ്മൂട്ടിയുടെ മാസ്റ്റർ പീസാക്കി മലയാളി ആരാധകൻ; ട്രോളി കൊന്ന് സോഷ്യൽ മീഡിയ

തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകൻ കാർത്തിക്ക് നരേന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അമളി പറ്റി മലയാളി ആരാധകൻ. അരുവി എന്ന സിനിമ മമ്മൂട്ടിയുടെ മാസ്റ്റർ പീസാണെന്ന് തെറ്റിദ്ധരിച്ച മലയാളി ആരാധകന് സമൂഹ മാധ്യമങ്ങളിൽ ചിമിട്ടൻ ട്രോൾ. കാർത്തിയുടെ ഒരു ഫെയ്‌സ് ബുക്ക്പോസ്റ്റിനു താഴെ മമ്മൂട്ടി ആരാധകൻ ഇട്ട ‘ഒരു ബന്ധവുമില്ലാത്ത’ കമന്റ് സമൂഹമാധ്യമങ്ങളിൽ‌ പുതിയ ട്രോളുകൾ ഉണ്ടാക്കുകയാണ്.

‘മാസ്റ്റർപീസ്’ ഇതല്ലാതെ മറ്റൊരു വാക്കിൽ വിശേഷിപ്പിക്കാനാകില്ല. ഇതുപോലുള്ള സിനിമ ചെയ്യാൻ ആഗ്രഹം കൂടുന്നു. സിനിമയിലെ ഓരോ അണിയറപ്രവർത്തർക്കും എന്റെ ആദരം. അരുവി എന്ന സിനിമ കണ്ട ശേഷം സംവിധായകൻ കാർത്തിക് നരേൻ എഴുതിയ കുറിപ്പ് ആണിത്.

ആദ്യം മാസ്റ്റർപീസ് എന്ന വാക്ക് കണ്ടതോടെ ആവേശം മൂത്ത മലയാളി ആരാധകൻ ഒാർത്തു സംഭവം മമ്മൂട്ടിയുടെ മാസ്റ്റർപീസിനെക്കുറിച്ചാണെന്ന്. ഉടനെ താഴെ ‘മമ്മൂക്കാ’ എന്നൊരു കമന്റും രേഖപ്പെടുത്തി. പിന്നെ അങ്ങോട്ട് ട്രോൾ മഴയായിരുന്നു.