അവരെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞു, വോട്ടെടുപ്പിന് പിന്നാലെ തൊവരിമലയില്‍ പൊലീസിറങ്ങി, കുടില്‍ കെട്ടിയ ആദിവാസകളടക്കമുള്ളവരെ ഒഴിപ്പിച്ചു

നെന്മേനി പഞ്ചായത്തിലെ തൊവരിമലയില്‍ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്തു വന്ന ആദിവാസികളടക്കമുള്ള ഭൂരഹിതരെ വനംവകുപ്പും പൊലീസും ചേര്‍ന്ന് ഒഴിപ്പിച്ചു. നേരത്തെ സമരം ചെയ്യുന്ന നേതാക്കളെ ചര്‍ച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചുകൊണ്ടു പോയി അറസ്റ്റു ചെയ്തിരുന്നു.

സമര സമിതി നേതാവ് കുഞ്ഞിക്കണാരന്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ മേപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

നേതാക്കളായ സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേന്ദ്രസമിതി അംഗം എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, മനോഹരന്‍ വാഴപറ്റ തുടങ്ങിയവരടക്കം ഏഴോളം പേരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

സമരക്കാരെ ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയായെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍ പറയുന്നു. നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ ബലപ്രയോഗം നടത്തേണ്ടി വന്നില്ല എന്നും രഞ്ജിത്ത് പറഞ്ഞു.

ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത നെന്മേനി പഞ്ചായത്തിലെ തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമിയിലാണ് ഭൂസമരസമിതി കുടില്‍ കെട്ടി സമരം ആരംഭിച്ചത്. 13 പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘടിച്ചെത്തി ഭൂമിയില്‍ അവകാശം സ്ഥാപിച്ചത്. ഹാരിസണില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം അടക്കം നേരത്തെ സമരം ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഭൂമി കൈയേറി കൃഷി ചെയ്യാനാരംഭിച്ചത്.

ഇക്കഴിഞ്ഞ 21-ാം തിയതിയായിരുന്നു സമരം ആരംഭിച്ചത്. സി.പി.ഐം.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയവര്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.