അര്‍ജുനെ 'വിട്ട് കളയാതെ' മലയാളികള്‍; റോസ്റ്റ് കൊതിച്ച് കുതിച്ചെത്തിയത് പത്ത് ലക്ഷത്തിന് മേല്‍ സബ്‌സ്‌ക്രൈബേഴ്‌സ്

“വിട്ട് കളയണം” arjyou എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ചുമ്മാ അങ്ങ് തട്ടിവിട്ടപ്പോള്‍ ഇത്തരമൊരു കുതിച്ചുചാട്ടം അര്‍ജുന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല. വ്യത്യസ്ത ഐഡിയയുമായി അര്‍ജുന്‍ എത്തിയപ്പോള്‍ മലയാളികള്‍ വിട്ടുകളയാതെ തന്നെ കൂടെക്കൂട്ടി. ദിവസങ്ങള്‍ കൊണ്ട് യൂട്യൂബ് ചാനല്‍ 10 ലക്ഷത്തിന് മേല്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടുകയും ചെയ്തു.

ചങ്ങനാശേരി മീഡിയ വില്ലേജിലെ ബിഎ മള്‍ട്ടി മീഡിയ സ്റ്റുഡന്റ് ആണ് അര്‍ജുന്‍ സുന്ദരേശന്‍. ലോക്ഡൗണിലിരുന്ന് മടുത്തപ്പോളാണ് റിയാക്ഷന്‍ വീഡിയോകള്‍ ചെയ്തു തുടങ്ങിയത്. പിന്നെ ഒരു സ്വപ്‌നക്കുതിപ്പായിരുന്നു അര്‍ജുനെ കാത്തിരുന്നത്. രണ്ടാഴ്ചയ്ക്കിടെ ടിക്ടോക്കുമായി ബന്ധപ്പെട്ട അഞ്ചു വീഡിയോകള്‍ അര്‍ജുന്‍ ചെയ്തു. ഈ വീഡിയോകള്‍ ഓരോന്നും 20 ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയത്.

Read more

രണ്ടു വര്‍ഷത്തിലേറെയായി ചാനല്‍ നിലവിലുണ്ടെങ്കിലും ടിക്‌ടോക് റിയാക്ഷന്‍ എന്ന പുതുമയിലേക്ക് അര്‍ജുന്‍ തിരിഞ്ഞതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. പോരാത്തതിന് തികച്ചും സാധാരണമായ അവതാരണ ശൈലിയും. എന്തൊക്കെയായാലും അര്‍ജുന്റെ പുതിയ പുതിയ ടിക്‌ടോക് റോസ്റ്റുകള്‍ക്കായി കാത്തിരിക്കുകയാണ് മലയാളികള്‍.