തിരഞ്ഞെടുപ്പിന് ഒരുവർഷം ബാക്കിനിൽക്കെ സര്‍വേ നടത്തിയതിന്റെ യുക്തിയെന്താണ്?

ഹരി മോഹൻ

ഇന്ത്യാവിഷന്‍ വീണതിനു ശേഷം മലയാള വാര്‍ത്താ ചാനലുകളില്‍ എക്കാലവും ബഹുദൂരം മുന്നില്‍ത്തന്നെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാനം. പ്രിന്റ് മാധ്യമങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പതിച്ചുകിട്ടിയ മനോരമയും മാതൃഭൂമിയും ചാനല്‍ റേറ്റിങ്ങില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മാറിമാറി വന്നെങ്കിലും ഏഷ്യാനെറ്റിന്റെ ഒന്നാംസ്ഥാനത്തിന് ഇളക്കം തട്ടിയില്ല. പക്ഷേ പുതിയ ബാര്‍ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റിന് അത്ര ആശ്വാസ്യകരമായ കാര്യങ്ങളല്ല സംഭവിക്കുന്നത്. യുവ വായനക്കാരുടെ കണക്കില്‍ ഒന്നാമതെത്തിയ ട്വന്റി ഫോര്‍ ന്യൂസ് ഓവറോള്‍ റേറ്റിങ്ങില്‍ അപ്രതീക്ഷ വളര്‍ച്ചയാണുണ്ടാക്കിയത്. മനോരമയെയും മാതൃഭൂമിയെയും ബഹുദൂരം പിന്നിലാക്കിയ അവര്‍ വരുംനാളുകളില്‍ ഏഷ്യാനെറ്റിനും വലിയ ഭീഷണിയാകുമെന്ന സൂചന കൃത്യമായി തരുന്നുണ്ട്.

പറഞ്ഞുവരുന്നത്, മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തില്‍ ന്യൂസ് ചാനലുകള്‍ റേറ്റിങ്ങിനു വേണ്ടി മത്സരിക്കുന്നതിനെക്കുറിച്ചാണ്. ഫീല്‍ഡില്‍ വാര്‍ത്തകള്‍ക്കു വേണ്ടി മത്സരിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ പ്രേക്ഷകരെ അപ്പീല്‍ ചെയ്യാനായി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷത്തിനടുത്തു ബാക്കിനില്‍ക്കുമ്പോള്‍ സര്‍വേ നടത്തുന്നതിന്റെ യുക്തിയെന്താണ്? പെയ്ഡ് സര്‍വേയാണെന്ന സംശയം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ യുക്തിരഹിതമായ കണ്ടുപിടിത്തങ്ങളാണ് ഇന്നലെയും മിനിഞ്ഞാന്നും രാത്രികളില്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത സര്‍വേ ഫലങ്ങള്‍.

ഏഷ്യാനെറ്റ് ന്യൂസും സീഫോറും ചേര്‍ന്നുനടത്തിയ സര്‍വേയുടെ ഫലങ്ങളില്‍ ശ്രദ്ധേയമായ ചിലതുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യമാണ്. 27 ശതമാനവുമായി പിണറായി വിജയന്‍ ഒന്നാം സ്ഥാനത്താണ്. തൊട്ടുപിറകില്‍ 23 ശതമാനവുമായി ഉമ്മന്‍ ചാണ്ടിയുണ്ട്. കെ.കെ ശൈലജയുടെ പിന്തുണ 12 ശതമാനമാണ്. അടുത്തതാണു ശ്രദ്ധിക്കേണ്ടത്. ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രനൊപ്പം ഏഴു ശതമാനം പേരാണുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരു പറയുന്നത് അഞ്ചു ശതമാനം മാത്രമാണ്. പട്ടികയിലുള്ളതു മൂന്ന് ബി.ജെ.പി നേതാക്കളാണ്. സുരേന്ദ്രനെക്കൂടാതെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ (5%), എം.ടി രമേശ് (2%). മൂന്നു നേതാക്കള്‍ക്കും കൂടി 14 ശതമാനമാണ് കേരളത്തിലെ ജനപിന്തുണ. അതും മുഖ്യമന്ത്രി സ്ഥാനത്തേക്ക്. പിണറായി വിജയന്റെ പേര് ഒന്നാമതു കണ്ട് സി.പി.ഐ.എമ്മുകാര്‍ സന്തോഷിക്കേണ്ട. എം.ടി രമേശിനും താഴെ ഒരു ശതമാനം മാത്രമാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയെന്നതു കാണുക. ഒരു ശതമാനം മാത്രം. ചുരുക്കത്തില്‍ ബി.ജെ.പി നേതാക്കളെ മുഖ്യമന്ത്രിസ്ഥാനത്തേക്കു സജീവമായി ഉയര്‍ത്തിക്കാണിക്കാന്‍ പോലും ഏഷ്യാനെറ്റ് ന്യൂസിനായി എന്നതു ശ്രദ്ധിക്കുക.

ഇനി അടുത്തതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനമാണ്. നല്ലതെന്ന് അഭിപ്രായപ്പെട്ടത് 57 ശതമാനം പേരാണ്. മോശം എന്നു പറഞ്ഞത് 43 ശതമാനം. കെ. സുരേന്ദ്രന്റെ പ്രകടനത്തെ നല്ലതെന്നു പറഞ്ഞത് 63 ശതമാനവും മോശമായിക്കണ്ടത് 37 ശതമാനവുമാണ്. അപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ചെന്നിത്തലയേക്കാള്‍ താത്പര്യം സുരേന്ദ്രനെയാണത്രെ.

അടുത്തത് ബി.ജെ.പി ഉള്‍പ്പെടുന്ന എന്‍.ഡി.എയ്ക്കു ലഭിക്കുന്ന സീറ്റുകളാണ്. രാജഗോപാല്‍ സീറ്റ് നിലനിര്‍ത്തുമെന്നു പറഞ്ഞിരുന്നെങ്കില്‍ പോട്ടെ. പക്ഷേ മൂന്നുമുതല്‍ ഏഴുവരെ സീറ്റാണ് ഏഷ്യാനെറ്റിന്റെ കണ്ടെത്തല്‍. അതിനേക്കാള്‍ അപകടം അവര്‍ നേടുമെന്നവകാശപ്പെടുന്ന 18 ശതമാനം വോട്ടാണ്‌.

ഇനി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പരിശോധിക്കുക. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനു വിജയം കണക്കാക്കി, പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന് അവര്‍ മൂന്നാം സ്ഥാനം നല്‍കി. അന്ന് ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി സര്‍വേ നടത്തിയ എ-ഇസഡ് പാര്‍ട്നേഴ്സിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ദേശാഭിമാനി അക്കാലത്ത് എഴുതിയിരുന്നു. “ഏഷ്യാനെറ്റ് സര്‍വേ നടത്തിയത് മോദിഭക്തന്‍” എന്നായിരുന്നു തലക്കെട്ട്. എ-ഇസഡിന്റെ എം.ഡി സുജയ് മിശ്രയുടെ മോദിഭക്തിയെക്കുറിച്ചായിരുന്നു അത്. ഇക്കുറി എ-ഇസഡിനു പകരം സീ ഫോറായിരുന്നു സര്‍വേ നടത്തിയത്.

സര്‍വേകളില്‍ പലതും ആറ്റുകാലിന്റെ ഭാവിപ്രവചനം പോലെയാണെങ്കിലും കണക്കുകളിലൂന്നിയുള്ള വസ്തുതാപരമായ ചില സര്‍വേകള്‍ ഉണ്ടാവാറുമുണ്ട്. ഇക്കുറി ഏഷ്യാനെറ്റ്-സീ ഫോര്‍ സര്‍വേ വിജയനും കൂട്ടര്‍ക്കും തുടര്‍ഭരണം ഉറപ്പാക്കുന്നുണ്ട്. പക്ഷേ പ്രശ്നം മറ്റൊന്നാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെക്കുറിച്ച് പണ്ട് പൃഥ്വിരാജ് ഒരു കാര്യം പറഞ്ഞതോര്‍ക്കുന്നുണ്ടാവും. ആര്‍.എസ്.എസിനേയും ബി.ജെ.പിയെയും എന്തിന് ഒഴിവാക്കി എന്ന ചോദ്യത്തിന് അവര്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ ശക്തികളല്ലെന്നും ഇവിടെ ഒരു ഭരണപക്ഷവും പ്രതിപക്ഷവും ശക്തമായുണ്ടെന്നും “ദ ക്യൂ”വിനു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞിരുന്നു.

അതുതന്നെയാണു പറയാനുള്ളത്. ആശങ്കപ്പെടുത്തുന്നത് ഈ സ്പേസ് കൊടുക്കല്‍ തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമാണു ബാക്കിനില്‍ക്കുന്നത്. ആറ്റുകാലിനോട് ഉപമിച്ചെങ്കിലും രണ്ടാഴ്ചത്തെ സ്ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഫലം ചെയ്യും ഒരു സര്‍വേഫലം. പെയ്ഡ് സര്‍വേയാണെന്നു കണ്ണുമടച്ച് ആക്ഷേപിക്കുന്നില്ല. പക്ഷേ മാധ്യമസ്ഥാപനങ്ങളും സര്‍വേ നടത്തുന്ന ഏജന്‍സികളും സ്വാധീനിക്കാനാവാത്തവരാണെന്ന് ഒട്ടും വിശ്വസിക്കുന്നുമില്ല. റേറ്റിങ്ങിനു വേണ്ടി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയെഴുതേണ്ടവരല്ല മലയാളത്തിലെ നമ്പര്‍ വണ്‍ ന്യൂസ് ചാനല്‍ എന്നോര്‍മിപ്പിക്കട്ടെ.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)