'ആഭാസനെ ചർച്ചയിൽ പങ്കെടുപ്പിക്കാനാവില്ല': പ്രതിഷേധിച്ച് എസ്. കെ സജീഷ്; ചർച്ചയിൽ നിന്നും യാസർ എടപ്പാളിനെ പുറത്താക്കി അവതാരകൻ വേണു

സമൂഹ മാധ്യമങ്ങളിൽ മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതികരണം നടത്തിയിരുന്ന യാസർ എടപ്പാൾ എന്ന പ്രവാസി മലയാളിയെ സി.പി.എം നേതാവ് എസ് കെ സജീഷിൻ്റെ പ്രതിഷേധത്തെ തുടർന്ന് ചാനൽ ചർച്ചയിൽ നിന്ന് അവതാരകൻ വേണു ബാലകൃഷ്‌ണൻ പുറത്താക്കി. സമൂഹ മാധ്യമങ്ങളിലൂടെ യാസര്‍ നടത്തിയ പല പ്രതികരണങ്ങളും സംസ്‌കാരത്തിന് നിരക്കാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കൽ.

സൈബറിടത്തില്‍ അശ്ലീല പോസ്റ്റുകള്‍ ഇടുന്നയാളാണ് യാസര്‍ എടപ്പാളെന്നും ആഭാസനായ ഒരു വ്യക്തിക്ക് ചാനൽ ചർച്ചയിൽ ഇടം നൽകരുതെന്നും പറഞ്ഞ് യാസര്‍ എടപ്പാളിന്റെ അശ്ലീല ഫെയ്സ്ബുക്ക് കമന്റ് അടക്കം വായിച്ചായിരുന്നു സിപിഎം നേതാവ് എസ് കെ സജീഷിന്റെ പ്രതിഷേധം. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്ലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.

മന്ത്രി കെ.ടി.ജലീല്‍ പ്രവാസിയായ മലപ്പുറം സ്വദേശിയെ ഗള്‍ഫില്‍ നിന്ന് നാടുകടത്തിച്ചു നാട്ടിലെത്തിച്ച് പ്രതികാരം വീട്ടാന്‍ നോക്കി എന്ന ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. സൈബര്‍ ഇടത്തിൽ തന്നെ ആക്രമിച്ചു എന്നതിന്റെ പേരില്‍ യാസര്‍ എടപ്പാള്‍ എന്ന ചെറുപ്പക്കാരനെ മന്ത്രി നാട് കടത്തിക്കാന്‍ നോക്കി എന്നും യുഎഇ കോണ്‍സുലേറ്റിന്റെയും, സ്വപ്നയുടെ സഹായത്തോടെയാണ് ജലീല്‍ ഈ നീക്കം നടത്തിയത് എന്നുമായിരുന്നു ആരോപണം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ അധികാര ദുർവിനിയോഗമായിരുന്നു മാതൃഭൂമി ചാനൽ ചർച്ചയുടെ വിഷയം.

ആഭാസനായ ഒരു വ്യക്തിക്ക് ഇന്നുവരെ മാതൃഭൂമിയിൽ ചർച്ചക്ക് അവസരം നൽകിയിട്ടില്ലെന്നും ഇന്ന് അത് സംഭവിച്ചു എന്നും അത് ശരിയായില്ല എന്നും ചർച്ചയിൽ പങ്കെടുത്ത ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി ട്രഷറർ എസ് കെ സജീഷ് അഭിപ്രായപ്പെട്ടു. മലയാളി പ്രേക്ഷകരായ സ്ത്രീകളും കുട്ടികളും യാസർ എടപ്പാൾ സോഷ്യൽ മീഡിയയിൽ നടത്തിയിട്ടുള്ള അശ്ലീല പോസ്റ്റുകള്‍ കേൾക്കണമെന്നും കേട്ടിട്ട് അഭിപ്രായം പറയണമെന്നും, മാധ്യമ ചർച്ചയിൽ ഇരുത്താൻ പറ്റിയ ആൾ ആണോ യാസർ എടപ്പാൾ എന്ന് കേരളീയ പൊതു സമൂഹം മറുപടി പറയണമെന്നും എസ് കെ സജീഷ് പറഞ്ഞു. തുടർന്ന് യാസർ എടപ്പാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള വീഡിയോയിലെ അശ്ലീല സംഭാഷണം എസ് കെ സജീഷ് തന്റെ ഫോണിൽ നിന്നും കേള്‍പ്പിച്ചു. ഇതിനിടെ സജീഷ് ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞു കൊണ്ട് അവതാരകൻ വേണു ഇടപെട്ടു. എന്നാൽ സുനിത ദേവദാസിനെതിരെ യാസർ എടപ്പാൾ പോസ്റ്റ് ചെയ്ത അശ്ലീല കമന്റ് എസ് കെ സജീഷ് തുടർന്ന് വായിച്ചു. ഇതിനിടെ ചാനൽ ചർച്ചയിൽ ഉണ്ടായിരുന്ന ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ ഇത് അനുവദിക്കരുതെന്ന് അഭിപ്രായപ്പെടുകയും, ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

https://www.facebook.com/malappuram.sakakkal/videos/981550962326554/

തുടർന്ന് സ്ത്രീ വിരുദ്ധമായ നിലപാട് പറഞ്ഞ യാസർ എടപ്പാളിനെ മാറ്റിയിട്ട് ചർച്ച തുടങ്ങുന്നതായിരിക്കും നല്ലതെന്ന് എസ് കെ സജീഷ് ആവശ്യപ്പെട്ടു. തന്നെ വേണമെങ്കിൽ ചർച്ചയിൽ നിന്നും ഒഴിവാക്കാമെന്നും എന്നാലും ഒരു ആഭാസൻ പങ്കെടുക്കുന്ന ചർച്ചയിൽ താൻ പങ്കെടുക്കില്ലെന്നും എസ് കെ സജീഷ് അറിയിച്ചു. വിമർശനത്തെ ക്രിയാത്മകമായി ഉൾകൊള്ളുന്നു എന്ന് പറഞ്ഞ വേണു യാസർ എടപ്പാളിനെ ചർച്ചയിൽ നിന്നും പുറത്താക്കി പരിപാടി തുടരുകയായിരുന്നു.

Read more

https://www.facebook.com/111353914058311/videos/717271255802799/