37 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലോകത്താകമാനം 5 കോടി കോപ്പികൾ വിറ്റഴിക്കപ്പെടുകയും ചെയ്ത ലാറ്റിനമേരിക്കൻ സാഹിത്യകാരനും നോബൽ പുരസ്കാര ജേതാവുമായ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ (One hundred years of solitude) വെളിത്തിരയിലേക്ക്. നെറ്റ്ഫ്ലിക്സാണ് പുസ്തകം വെബ് സീരീസ് ആയി പുറത്തിറക്കുന്നത്.
അലക്സ് ഗാർസിയ ലോപ്പസ് ലോറ മോറ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന വെബ് സീരീസിന് 16 എപ്പിസോഡുകളാണ് ഉള്ളത്. സീരീസിന്റെ ട്രെയ്ലർ ഇന്നലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജോസ് റിവേര, നതാലിയ സാന്റ, കാമില ബ്രൂഗസ്, മരിയ കാമില ഏരിയാസ്, ആൽബട്രോസ് ഗോൺസാലസ് തുടങ്ങിയവരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
മക്കോണ്ടൊ എന്ന ഗ്രാമത്തിലെ ബുവെൻണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ് മാജിക്കൽ റിയലിസത്തിലൂടെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന പുസ്തകത്തിൽ മാർക്വേസ് പറയുന്നത്. ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് ജോസ് അർക്കേഡിയോ ബുവെണ്ടിയ, ഭാര്യ ഉർസുല ഇഗ്വറാൻ എന്നിവർ കൊളംബിയയിലെ റിയോഹച്ച് ഉപേക്ഷിച്ച് യാത്ര തിരിക്കുന്നു. ഒരു നദീതടത്തിലെ വിശ്രമത്തിനിടക്ക് ജോസ് അർക്കേഡിയൊ പൂർണമായും കണ്ണാടികൊണ്ട് നിർമിതമായ മക്കോണ്ട എന്ന നഗരം സ്വപ്നം കാണുന്നു.
തുടർന്ന് അതേ നദീതടത്തിൽ ഏറെ നാളത്തെ അലച്ചിലിനൊടുവിൽ അദ്ദേഹം മക്കോണ്ട സ്ഥാപിക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ലോകവും പിന്നീട് ജോസ് അർക്കേഡിയൊ സ്വന്തം വീക്ഷണങ്ങൾക്കനുസരിച്ചു നിർമ്മിക്കുന്നു. തുടർന്നുള്ള വർഷങ്ങളിൽ മക്കോണ്ടയിൽ അത്ഭുതാവഹവും, അനിതരസാധാരണവുമായ സംഭവങ്ങൾ അരങ്ങേറുന്നു.
ക്ലോഡിയോ കാറ്റാനോ (കേണൽ ഔറേലിയാനോ ബ്യൂണ്ടിയ), ജെറോനിമോ ബറോൺ (യുവനായ ഔറേലിയാനോ ബ്യൂണ്ടിയ), മാർക്കോ ഗോൺസാലസ് (ജോസ് ആർക്കാഡിയോ ബ്യൂണ്ടിയ), ലിയോനാർഡോ സോട്ടോ (ജോസ് അർക്കാഡിയോ), സുസാന മൊലാറൽസ് (സുസാന മൊല്ലെസ്), ബെസെറ (പെട്രോനില), കാർലോസ് സുവാരസ് (ഔറേലിയാനോ ഇഗ്വാറൻ), മൊറേനോ ബോർജ (മെൽക്വിയേഡ്‌സ്), സാന്റിയാഗോ വാസ്‌ക്വസ് (കൗമാരക്കാരനായ ഔറേലിയാനോ ബ്യൂണ്ടിയ) എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങൾ.