മനുഷ്യനും സമൂഹവും പ്രകൃതിയും; തുരുത്തിലെ കാണാക്കാഴ്ചകളിലൂടെ ഒരു യാത്ര; 'കെബോസ്റ്റു' വായനാനുഭവം

ശാലിനി രഘുനന്ദനൻ

ഒരു സാഹിത്യരൂപം കേവലം ആസ്വാദനം എന്നതിൽ നിന്ന് മാറി സമൂഹ്യ പ്രതിബന്ധതകൂടി ഓർമ്മിപ്പിക്കുന്നിടത്ത് അത് സവിശേഷമായ ഒരനുഭവം കൂടിയായത്തീരുന്നു. മലയാള സാഹിത്യത്തിൽ ആ ധർമ്മം ഭംഗിയായി നിറവേറ്റിയ നിരവധി കൃതികളുണ്ട്. നോവലുകളായും. കവിതകളായും ചെറുകഥകളായുമെല്ലാം ഭാവനയുടെ ലോകം തുറക്കുന്നതിനൊപ്പം തന്നെ ജീവിത യാഥാർഥ്യങ്ങളെ ആവിഷ്ക്കരിച്ചവ. അത്തരം ഒരു വായനാനുഭവമാണ് നിശാന്ത് എസ് എഴുതിയ കെബോസ്റ്റു നമുക്ക് സമ്മാനിക്കുന്നത്. മനുഷ്യനും, മനുഷ്യ നിർമ്മിതമായ സമൂഹവും പ്രകൃതിയും തമ്മിലിടയുന്ന, എന്നാൽ അതിലുമേറെ ഇഴചേരുന്ന കാഴചകൾ ഈ നോവലിൽ കാണാം.

കിഴക്ക് പൊക്കാളിപ്പാടവും, പടിഞ്ഞാറ് ചെകുത്താൻ കായലും, തെക്ക് നടപ്പാലവും വടക്ക് വഞ്ചിക്കടവും അതിരിടുന്ന പാലത്തുരുത്ത്.ഒന്നര മൈൽ നീളവും അര മൈൽ വീതിയുമുള്ള ആ തുരത്തിൽനിന്നാണ് ഈ കഥ തുടങ്ങുന്നത്.അവസാനിക്കുന്നതും തുരുത്തിൽ തന്നെ. കെവിനും ബോബും സ്റ്റുവർട്ടും ചേർന്ന മൂവർ സംഘം. തുരുത്തിലെ കൊസറാക്കൊള്ളികളായ ഈ യുവാക്കാൾ തന്നെയാണ് അവിടുത്തെ കാവൽക്കാരും, പടയാളികളുമെല്ലാം. അത് തെളിയിക്കുന്ന സംഭവങ്ങളാണ് നോവലിനാധാരം. കെബോസ്റ്റു എന്ന പേര് തന്നെ നോവലിൽ ഈ മൂവർ സംഘത്തിന്റെ പ്രാധാന്യം തെളിയിക്കുന്നുണ്ട്.

അവരുടെ കാഴ്ചകൾ , യാത്രകൾ പ്രണയം, സംഘർഷങ്ങൾ എല്ലാം കോർത്തിണക്കിയാണ് നോവലിസ്റ്റ് കഥപറയുന്നത്. ഈ മൂവർ സംഘത്തിലൂടെയാണ് തുരുത്തിനെ വരച്ചുകാട്ടിയിരിക്കുന്നതെന്നും പറയാം. കൂട്ടത്തിൽ അൽപം ദുർബലനാണ് ബോബ് പക്ഷെ അതറിയിക്കാതെയാണ് കെവിനും സ്റ്റുവർട്ടും ഇടംവലം നിൽക്കുന്നത്.പൂർണമായും തുരുത്തിലെ കഥകൾമാത്രമല്ല തുരുത്തിനു പുറത്തുള്ള ലോകവും അവിടെ പതിയിരുന്ന ചതിക്കുഴികളും, അതിൽ നിന്ന് കരകയറാനുള്ള നെട്ടോട്ടവുമെല്ലാം വായനക്കാരനെ പലപ്പോഴും മുൾമുനയിൽ നിർത്തുന്ന തരത്തിൽ സങ്കീർണമായ ഘട്ടങ്ങളിലൂടെയും അതേ സമയം ലളിതമായ ഭാഷയിലൂടെയും അവതരിപ്പിച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് ഒരു തുരുത്ത് കഥാപരിസരമായി മാറിയതെന്ന് ആദ്യമൊക്കെ നമുക്ക് തോന്നാം. നഗരവും ഗ്രാമവും തമ്മിലുള്ള സംഘർഷങ്ങളെ അവതരിപ്പിക്കാൻ, അതിജീവനത്തിന്റെ പാതയിലുള്ള ഒരു ജനതയുടെ വേരുകൾ കാണിക്കുവാൻ, പ്രകൃതിയിലുള്ള മനുഷ്യന്റെ കടന്നു കയറ്റത്തിന്റെ ഭവിഷ്യത്തുകൾ എന്ന് പലപ്പോഴും തെളിയിക്കാനാകാതെ പോകുന്ന ദുരന്തങ്ങളുടെ നേർക്കാഴ്ചകളെ കുറിച്ചിടാൻ തുരുത്തിനോളം നല്ല ഉപാധി വേറെയില്ലെന്ന് നോവലിലൂടെ സ‍ഞ്ചരിക്കുന്നവർക്ക് അനുഭവിക്കാനാകും. ഒരു വായനക്കാരനായിട്ടല്ല പാലത്തുരുത്തിലെ അന്തേവാസിയായി മാറുമ്പൊഴേ ആ സംഘർഷങ്ങൾ പൂർണായും നമുക്ക് ഉൾക്കൊള്ളാനാകൂ.

തുരുത്തിലേക്കുള്ള  പട്ടാളം പാപ്പിയുടെ വരവും അയാളുടെ ചെയ്തികളും. അതിനെ പ്രതിരോധിക്കാനുള്ള മൂവർ സംഘത്തിന്റെ പെടാപ്പാടുകളും നോവലിനെ പലപ്പോഴും ദുരൂഹതയിലേക്ക് കൊണ്ടെത്തിക്കുന്നുണ്ട്. തുരുത്തേലച്ചൻ പറയുന്നത് വച്ച് തുരുത്തിലെ വിശപ്പ് മാറാൻ തുരുത്തിൽ നിന്നു കിട്ടുന്നത് മതിയെന്നാണ്. അതിനും മുകളിലായി ഉപജീവനം സ്വപ്നം കണ്ട്, അമ്മയുടെ ആഗ്രഹം നിറവേറ്റാൻ തുരുത്തിന് പുറത്തിറങ്ങിയ ഗൗരി നേരിടുന്ന പ്രതിസന്ധികളും.  നഗര ജീവിതത്തിൽ അവളെ കാത്തിരുന്ന പടുകുഴികളും കഥയുടെ ഗതി മാറ്റുന്നുണ്ട്.

പട്ടണം എന്നത് തുരുത്തിലെ നിവാസികൾക്ക് ആശങ്കകളുടെ ലോകമാണ്. നഗരത്തിലെത്തിയ മൂവർ സംഘം ഇരുണ്ട തണുപ്പിലും കനൽത്തീയിലെന്നപോലെ കത്തിയെരിഞ്ഞതായി നോവലിന്റെ ഒരു ഭാഗത്ത് പറയുന്നുണ്ട്. നഗരജീവിതവും ഗ്രാമവും തമ്മിലുള്ള സംഘർഷങ്ങളെ അത്രമേൽ മനോഹരമായും അതിലേറെ തീക്ഷ്ണമായും അടയാളപ്പെടുത്തിയിരിക്കുകയാണ് നോവലിൽ. നടപ്പാലത്തിലിരുന്ന കൊസറാക്കൊള്ളികളിൽ നിന്ന് കെവിനും, ബോബും, സ്റ്റുവർട്ടും അന്വേഷകരായത്. രക്ഷകരായത് ആ കനൽച്ചൂടിൽ നിന്നാണ്. അതവരെ പൊള്ളിക്കുകയായിരുന്നില്ല് മറിച്ച് പോരാളികളായി വാർത്തെടുക്കുകയായിരുന്നു എന്നുവേണം പറയാൻ.

ഒടുവിൽ എല്ലാ പ്രതിസന്ധികളും നീന്തിക്കയറി മൂവർ സംഘം തുരുത്തിനെ വീണ്ടെടുക്കുമ്പോൾ , ബോബ് തന്റെ പ്രണയിനിയെ തിരിച്ചു പിടിച്ചെത്തുമ്പോൾ. ചെകുത്താൻ കായലും, തുരുത്തിലെ പള്ളിയും മാത്രമായിരുന്നില്ല സാക്ഷികൾ . അവിടെ അവരെ നെഞ്ചേറ്റി പാലത്തുരുത്തുകാർ മുഴുവനും എത്തുകയാണ്. നാടിനെ നാശത്തിൽ നിന്ന് കരകയറ്റിയ മൂവർസംഘത്തെ അവർ നടപ്പാലത്തിൽ ഇഷ്ടിക ചുവപ്പിനാൽ രേഖപ്പെടുത്തി കെബോസ്റ്റു എന്ന്.

കേന്ദ്ര കഥാപാത്രങ്ങൾ മൂന്ന് യുവാക്കളായതുകൊണ്ടുതന്നെ യുവതലമുറോട് ഏറെ സംവദിക്കാനുണ്ട് നോവലിന്‌. തുരുത്തുപോലുള്ള പരിസ്ഥിതി പ്രദേശങ്ങൾ ഇന്ന് നേരിടുന്ന ഭീഷണികൾ, മനുഷ്യ നിർമ്മിതികൾ കൊണ്ട് പ്രകൃതിയിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ അനുഭവിക്കുന്ന ദുരന്തങ്ങൾ. അതിൽ പലതും ശാസ്ത്രീയമായി തെളിഞ്ഞവയാണ്. അതിനുമപ്പുറം ചില കാണാ സത്യങ്ങളുണ്ട്. തെളിയിക്കപ്പെടാനാകാതെ പോകുന്ന ദുരന്തങ്ങൾ. അവയും പ്രതിരോധിക്കുക തന്നെ വേണം എന്ന് നോവലിൽ പറയാതെ പറയുന്നു.

തികച്ചും ലളിതമായ ഭാഷയിലാണ് കെബോസ്റ്റുവിന്റെ അവതരണം. എന്നാൽ ട്വിസ്റ്റുകൾ നിറഞ്ഞ കഥാസന്ദർഭങ്ങൾക്ക് പലപ്പോഴും അപസർപ്പക സ്വഭാവമുണ്ട്. പ്രണയത്തിലും , സംഘർഷങ്ങളിലും പലപ്പോഴും ദുരൂഹതകൾ കടന്നുവരുന്നുണ്ട്. അവയുടെ കുരുക്കഴിക്കുക എന്നത് വായനക്കാരന്റെ ധർമ്മമാണ് .ഏറെ പണിപ്പെടാതെ തന്നെ അത് സാധ്യമാകുകയും ചെയ്യും. വായിച്ച് ഇറങ്ങുന്ന വായനക്കാരനെ  ഒരു പാലത്തുരുത്തുകാരനായി മാറ്റുന്ന തരത്തിൽ ഒരു മാന്ത്രികത കൂടി ഈ എഴുത്തിനുണ്ട്. അവരും കെബോസ്റ്റുവെന്ന മുന്നക്ഷരം മനസ്സിൽ അടയാളപ്പെടുത്തുമെന്ന് ഉറപ്പാണ്.