മതിലും മുള്ളുവേലിയും ചാടിക്കടന്ന് കാട്ടാന, വൈറലായി വീഡിയോ

മൃഗങ്ങളുടെ കുസൃതികള്‍ നിറഞ്ഞ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാരേറെയാണ്. അത്തരത്തിലുള്ള ഒരു ആനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മതിലുചാടി വീട്ടിലേക്ക് വരുന്ന ആനയെ വീഡിയോയില്‍ കാണാം. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ രസകരമായ രംഗം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

മതിലിനു മുകളില്‍ രണ്ടു കാലുകളും കയറ്റിവെച്ച് അപ്പുറത്തേക്ക് ചാടുന്ന ആനയുടെ ദൃശ്യം വീഡിയോയില്‍ വ്യക്തമാണ്. വനാതിര്‍ത്തികളിലുള്ള വീടുകളിലേക്ക് വന്യജീവികള്‍ പാഞ്ഞുവരുന്നത് പതിവായതിനാല്‍ മതിലിനു ചുറ്റും മുള്ളുവേലികള്‍ കെട്ടിയിട്ടുണ്ട്. അതിനെയൊക്കെ നിഷപ്രയാസം ചാടിക്കടന്നാണ് ആന വീടിന്റെ മുന്‍വശത്ത് എത്തിയത്.

അടുത്തിടെ അട്ടപ്പാടിയില്‍ ഒരു കാട്ടാനക്കുട്ടിയുടെ തുമ്പിക്കൈ കമ്പിവേലിയില്‍ കുടുങ്ങിയതായി വാര്‍ത്ത വന്നിരുന്നു. ഒരുപാടുനേരത്തെ പരിശ്രമത്തിനു ശേഷം കമ്പിവേലി മുറിച്ച് തുമ്പിക്കൈ പുറത്തെടുത്തു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചയച്ചു.