കെട്ടിപ്പിടുത്തമല്ല, പൊരിഞ്ഞ പോരാട്ടം; ഇണയെ സ്വന്തമാക്കാൻ മത്സരിക്കുന്ന വിഷപ്പാമ്പുകളുടെ വീഡിയോ വൈറൽ

കൂട്ടുകാരിയുമായി ഇണ ചേരുന്നതിന് വേണ്ടി മൽപ്പിടുത്തം നടത്തുന്ന രണ്ട് വിഷപ്പാമ്പുകളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ ഹിറ്റായി ഓടുകയാണ്. ഓസ്ട്രേലിയയിലെ സ്കോട്ടിയ വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഈ കാഴ്ച ഓസ്ട്രേലിയൻ വൈൽഡ് ലൈഫ് കൺസർവൻസിയെന്ന വന്യജീവി സംരക്ഷണ സംഘടനയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഓസ്ട്രേലിയയിൽ വ്യാപകമായി കണ്ടുവരുന്ന മുൽഗ ഇനത്തിൽ പെട്ട പാമ്പുകളാണ് കൂട്ടുകാരിയുമായി ഇണ ചേരുന്നതിനുള്ള അവകാശത്തിനായി പൊരിഞ്ഞ പോരാട്ടം നടത്തിയത്. ഇത്തരത്തിലാണ് ഈ ഇനത്തിൽ പെട്ട പാമ്പുകൾ ഇണ ചേരുന്നതിനുള്ള അവകാശം നേടിയെടുക്കുന്നതെന്ന് ഓസ്ട്രേലിയൻ മ്യൂസിയം പറയുന്നു. തല ഉയർത്തിപ്പിടിച്ച്, പരസ്പരം വരിഞ്ഞുമുറുക്കി എതിരാളിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന പാമ്പുകളുടെ ഒരു മിനിട്ടുള്ള വീഡിയോ അമ്പരിപ്പിക്കുന്നതാണ്. പാമ്പുകളുടെ ഈ പോരാട്ടം ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടതായി ഓസ്ട്രേലിയൻ വൈൽഡ് ലൈഫ് കൺസർവൻസി വ്യക്തമാക്കി.