പശ്ചിമേഷ്യന്‍ യുദ്ധങ്ങള്‍ സാമ്പത്തിക സാമൂഹിക മേഖലയിലുണ്ടാക്കുന്ന ആഘാതം; ഇസ്രയേല്‍ VS ഇറാന്‍ ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ഇന്ത്യയെ മാത്രമല്ല ലോകരാജ്യങ്ങളെയെല്ലാം സാമൂഹിക- സാമ്പത്തിക മേഖലയില്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ മിഡില്‍ ഈസ്റ്റ് എന്ന് വിളിക്കുന്ന പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥ ആദ്യം ബാധിക്കുന്നത് ലോകത്തെ എണ്ണ വിപണിയിലാണ്. സൂയസ് കനാലിലെ വ്യാപാര പാതയും ഏഷ്യ- യുറോപ്പ്- മിഡില്‍ ഈസ്റ്റ് ബന്ധങ്ങളുമെല്ലാം യുദ്ധസാഹചര്യങ്ങളില്‍ പ്രതിസന്ധിയിലാകും. ആളും അര്‍ത്ഥവും വ്യാപാര ബന്ധവുമെല്ലാം കുഴഞ്ഞുമറിയുമ്പോള്‍ ലോക വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പ്രധാന ഇടനാഴികളിലുണ്ടാകുന്ന അലോസരം ലോകത്തെ ഗതാഗത മേഖലയ്ക്ക് ആഘാതമാകും. ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ കുറച്ചു കൂടി ഗൗരവമാകുന്നത് എണ്ണവിപണിയിലെ പ്രശ്‌നങ്ങള്‍ കൊണ്ടുമാത്രമല്ല, കൃഷി, വ്യവസായം, സുഗന്ധവ്യജ്ഞനം, മല്‍സ്യ കയറ്റുമതി തുടങ്ങി രാജ്യത്തെ നിര്‍ണായക വ്യാവസായിക കാര്‍ഷിക മേഖലകളില്‍ ഉണ്ടാവുന്ന പ്രതിസന്ധി കൂടിയാണ്.

ഇസ്രയേല്‍ എന്ന രാജ്യം ഇന്ത്യയെ സംബന്ധിച്ച് പ്രതിരോധ മേഖലയിലടക്കം നിര്‍ണായക പിന്തുണ നല്‍കുന്ന രാജ്യമെന്ന നിലയില്‍ ഇസ്രയേല്‍ യുദ്ധത്തിലാകുമ്പോഴെല്ലാം ഇന്ത്യന്‍ ഓഹരി വിപണിയെ അത് വലിയ അളവില്‍ ബാധിക്കാറുണ്ട്. ഇസ്രയേല്‍- പലസ്തീന്‍ പ്രശ്‌നത്തിന് അതായത് ഹമാസ് പ്രശ്‌നം ഒതുങ്ങുന്നതിന് മുമ്പ് ലെബനനിലെ ഹിസബുള്ളയുമായി ഇസ്രയേല്‍ കൊമ്പുകോര്‍ത്തതോടെ ഇടതടവില്ലാതെ ആ രാജ്യം യുദ്ധഭൂമിയിലാണ്. ഇന്ത്യയുമായി പ്രതിരോധ- വാണിജ്യ മേഖലയില്‍ നിര്‍ണായക വ്യാപാരബന്ധം പുലര്‍ത്തുന്ന ഇസ്രയേല്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റ് യുദ്ധത്തിലേക്കും പ്രതിരോധ മേഖലയിലേക്കും നല്‍കുമ്പോള്‍ കൈകൊടുത്ത് നിര്‍ത്തിയിരിക്കുന്ന പല പദ്ധതികളും വെള്ളത്തിലാകുന്നുമുണ്ട്.

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷമെന്നതിനെ ഇറാന്‍ ഇസ്രയേല്‍ പ്രോക്‌സി കോണ്‍ഫ്‌ലിക്ട് എന്നാണ് ലോകം വിളിക്കുന്നത്. തമ്മില്‍ അതിര്‍ത്തികളില്ലാത്ത രാജ്യങ്ങളുടെ കാലങ്ങളായുള്ള ശീതസമരം നേരിട്ടുള്ള ഒരു യുദ്ധമായി മാറുമോ എന്ന ആശങ്ക കാലങ്ങളായുണ്ട്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഹമാസ് പോലുള്ള പലസ്തീന്‍ ഗ്രൂപ്പുകളെ ഇറാന്‍ പിന്തുണച്ചത് ഇരുരാജ്യങ്ങളേയും ശത്രപക്ഷത്താക്കി. തിരിച്ച് ഇറാനിലെ പീപ്പിള്‍സ് മുജാഹിദീന്‍ പോലുള്ള ഇറാനിയന്‍ വിമതരെ ഇസ്രായേല്‍ പിന്തുണച്ചു. സിറിയയിലെ ഇറാനിയന്‍ സഖ്യകക്ഷികള്‍ക്കെതിരെ വ്യോമാക്രമണം നടത്തുകയും ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ വധിക്കുകയും ചെയ്തുവെന്നതും ശത്രുത വര്‍ധിപ്പിച്ചു. 2018-ല്‍ ഇസ്രായേല്‍ സൈന്യം സിറിയയിലെ ഇറാന്‍ സേനയെ നേരിട്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍-ലെബനീസ് സംഘര്‍ഷത്തില്‍, ലെബനന്‍ ഷിയ തീവ്രവാദികളെ, പ്രത്യേകിച്ച് ഹിസ്ബുള്ളയെ പിന്തുണച്ചു അവരെ മുന്‍നിര്‍ത്തി ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്തിയെന്നതാണ് നിലവില്‍ സ്ഥിതി കൂടുതല്‍ വഷളാക്കിയത്. ഇതിന് മുമ്പ് ഇറാന്‍ ഹമാസിനെ പിന്തുണയ്ക്കുന്ന സമയത്ത് ഇറാനിന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയഹ് കൊല്ലപ്പെട്ടത് ഇറാനേറ്റ കനത്ത പ്രഹരമായിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റുള്ളയേയും വധിച്ച് ഇസ്രയേല്‍ ഇറാന് ശക്തമായ താക്കീത് നല്‍കിയത്.

ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്. ഒപ്പം ഇറാന് റഷ്യ നല്‍കുന്ന പിന്തുണയും സഖ്യശക്തികളില്‍ പലര്‍ക്കും വലിയ കാലുഷ്യമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്രയേലിന്റെ നീക്കങ്ങളെ തടയാതെ അമേരിക്കയും പാശ്ചാത്യ ശക്തികളും നോക്കി കാണുന്നതിന് പിന്നില്‍ ഇറാന്റെ ആണവ പദ്ധതികളിലുള്ള അതൃപ്തിയും സംശയവുമടങ്ങിയ നയതന്ത്രത്തിലൂടെയാണ്.

ഈ സാഹചര്യത്തിലാണ് ലോകത്തെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളില്‍ ഇസ്രയേലിന്റേയും ഇറാന്റേയും വരുംദിന നിലപാടുകളും തുറന്ന യുദ്ധപ്രഖ്യാപന സാഹചര്യവും വെല്ലുവിളി ഉയര്‍ത്തുന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ആഘാതം ഇന്ത്യയുള്‍പ്പെടെ ആഗോള സമ്പദ്വ്യവസ്ഥയില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. ഇരു രാജ്യങ്ങളുമായും ഇന്ത്യക്ക് കാലങ്ങളായുള്ള ബന്ധമുള്ളതിനാല്‍ ഉയര്‍ന്നുവരുന്ന സംഘര്‍ഷം രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങളിലും വ്യാപാര പ്രവര്‍ത്തനങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്ത്യ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങള്‍ ഇവയാണ്.

  • 1.  ചെങ്കടലിലെ ഷിപ്പിംഗ് തടസ്സം മൂലം ഇന്ത്യയുടെ വ്യാപാര മേഖലയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യം ഉണ്ടായേക്കാം. സൂയസ് കനാലിലെ ചരക്ക് ഗതാഗതത്തെ യുദ്ധാവസ്ഥ ബാധിക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകും.
  • 2.  സംഘര്‍ഷം പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ അസ്ഥിരമാക്കും. ഐഎംഇസി വ്യാപാര ഇടനാഴി പോലുള്ള പദ്ധതികള്‍ ദീര്‍ഘകാലത്തേക്ക് കടലാസില്‍ തന്നെ തുടരുന്ന സാഹചര്യമാകും
  • 3.  ഇന്ത്യയുടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ മാറ്റങ്ങള്‍ യുദ്ധസാഹചര്യം ഉണ്ടാക്കും. കാരണം ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളും പെട്രാളിയത്തിനായുള്ള പ്രധാന ആശ്രയവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ്.
  • 4.   പെട്രോളിയം വിലകളില്‍ സമീപകാലങ്ങളില്‍ വലിയ വ്യത്യാസം ഉണ്ടാകാന്‍ ഇടയാക്കും
  • 5.  2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ഇസ്രയലും തമ്മിലുള്ള സാമ്പത്തിക ഇടപാട് 1000 കോടി ഡോളറിന്റേതാണ്. 8.4 ബില്യണിന്റെ കയറ്റുമതിയും 2.3 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയും. ഈ സാഹചര്യം മാറുന്നത് വലിയ തിരിച്ചടിയ്ക്ക് ഇടയാക്കും.
  • 6.  ഇസ്രയേലില്‍ നിന്ന് ഡയമണ്ട് ഇറക്കുമതിയിലും പോളിഷ്ഡ് ഡയമണ്ട് കയറ്റുമതിയിലും വലിയ വ്യാപരം നടക്കവെ യുദ്ധ സാഹചര്യം ഈ വ്യാപാര സാധ്യതകള്‍ക്ക് തിരിച്ചടിയാകും
  • 7.  ഇറാനുമായി കോടികളുടെ വ്യാപാരബന്ധമുള്ള ഇന്ത്യയ്ക്ക് അരിക്കയറ്റുമതിയിലടക്കം തിരിച്ചടി നേരിടും. മരുന്ന് വിപണയിലും കാര്‍ഷിക മേഖലയിലും ഇറാനിലെ യുദ്ധസാഹചര്യം ഇന്ത്യക്ക് നഷ്ടമുണ്ടാക്കും.
  • 8.  പെട്രോളിയവും ഇറക്കുമതിയിലും ഇറാന്റെ പ്രതികൂല സാഹചര്യം ഇന്ത്യക്ക് കനത്ത പ്രഹരമാകും

എല്ലാത്തിലും ഉപരി ഏകദേശം 90 ലക്ഷം ഇന്ത്യന്‍ പൗരന്മാര്‍ മിഡില്‍ ഈസ്റ്റില്‍ താമസിക്കുന്നുണ്ട്. അവര്‍ പ്രതിവര്‍ഷം 125 ബില്യണ്‍ ഡോളര്‍ രാജ്യത്തേയ്ക്ക് അയയ്ക്കുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇതിനാല്‍ തന്നെ പശ്ചിമേഷ്യന്‍ പ്രദേശത്തിന്റെ സമാധാനത്തെയും സുസ്ഥിരതയേയും ആശ്രയിച്ചിരിക്കുന്നു. 2024-ല്‍ ഇന്ത്യ 124 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങിയിട്ടുണ്ട്. ഈ ഭീമമായ ബില്ലിന്റെ 51 ശതമാനത്തിലധികം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

Read more

മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ 40 ബില്യണ്‍ ഡോളറിന്റെ 164 പദ്ധതികളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. വിതരണ ശൃംഖലയിലെ ഏതെങ്കിലും തടസ്സം എണ്ണ ബില്ലുകള്‍ കൂടുന്നതിനും നിക്ഷേപത്തെ ഇല്ലാതാക്കി സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും രാജ്യത്തിനുണ്ട്. ഇസ്രായേലും ഇറാനും തമ്മിലുള്ള ഒരു സമ്പൂര്‍ണ്ണ യുദ്ധം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ വലിയ തോതില്‍ തിരിച്ചുവരാന്‍ പ്രേരിപ്പിച്ചേക്കാമെന്നതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വളരെ ദോഷകരമായി തന്നെ ഇത് ബാധിച്ചേക്കാം.